ന്ത്യയും ഓസ്ട്രേലിയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ കലാശപ്പോരാട്ടം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അരങ്ങേറാനിരിക്കെ എവിടെയും ചർച്ചകൾ ക്രിക്കറ്റ് തന്നെയാണ്. അതിനിടയിലാണ് സച്ചിൻ ടെണ്ടുൽക്കറുടെ 50 സെഞ്ച്വറിയെന്ന റെക്കോർഡ് സെമി ഫൈനലിൽ ഇന്ത്യൻ താരം വിരാട് കോലി തകർത്തത്. ഇതോടെ സോഷ്യൽ മീഡിയയിലും സച്ചിൻ- കോലി ആരാധകർ സംവാദം തുടരുകയാണ്. സച്ചിൻ കളിച്ച കാലത്തെ പിച്ചിന്റെ സ്വഭാവവും ഇന്ന് ബാറ്റസ്മാന് കിട്ടുന്ന ആനുകൂല്യങ്ങളുമാണ് അദ്ദേഹത്തിന്റെ ഫാൻസ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.

സച്ചിൻ കളിക്കുമ്പോൾ പിച്ചുകൾ തങ്ങളുടെ ഇഷ്ടത്തിന് ഉണ്ടാക്കുന്ന കാലമായിരുന്നില്ലെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. ക്യൂറേറ്റർമാരുടെ അടുത്ത് പോകാൻ പോലും താരങ്ങൾക്ക് അനുമതി ഉണ്ടായിരുന്നില്ല. 50 റൺസ് എടുക്കുമ്പോഴേക്കും മിക്കവാറും ഇന്ത്യയുടെ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്ന കാലം. വാളെടുത്തവൻ എല്ലാം വെളിച്ചപ്പാടാകുന്ന കാലമായിരുന്നില്ല അത്. നോൺ സ്ട്രൈക്ക് എൻഡിൽ നിൽക്കുന്ന അഞ്ചു റൺസ് പോലും എടുക്കാൻ ശേഷിയില്ലാത്ത ബൗളർമാരോടൊപ്പം സച്ചിൻ കെട്ടിപ്പടുത്ത ഇന്നിങ്സുകൾ. കടുത്ത സമ്മർദം അതിജീവിച്ചായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ്ങ്. എന്നാൽ കോലിക്ക് ഇതുപോലെ ഒരു സമ്മർദം അതിജീവിക്കേണ്ടി വന്നില്ല. സച്ചിൻ പുറത്തായാൽ എല്ലാവരും ടീവി ഓഫാക്കുകയും കളി തോറ്റുവെന്ന് ഉറപ്പിക്കയും ചെയ്തകാലം. ഒരു ടീമിനെ ഒറ്റക്ക് ചുമലിലേറ്റുകയാണ് സച്ചിൻ ചെയ്തത് എന്നും കോലിക്ക് അതുപോലെ ഒരു അവസ്ഥയില്ലെന്നുമാണ് മറ്റൊരു വാദം.

അന്നത്തെ ഫോറാണ് ഇന്നത്തെ സികസ്

അതുപോലെ ക്രിക്കറ്റ് ഫീൽഡിന്റെ വലിപ്പം കുറച്ചതും പലരൂം ചൂണ്ടിക്കാട്ടുന്നു. ഇന്ന് 85 മീറ്റർ ബൗണ്ടറികൾ മിക്കതും എഴുപത് ആയി ചുരുങ്ങിയിരിക്കുന്നു. തേർഡ് മാനിലേക്കുള്ള ദൂരം മുപ്പതും, 35 ഉം മീറ്റർ ആയിരിക്കുന്നു. പഴയകാലത്തെ മൂന്ന് ഇന്നത്തെ നാല് ആണെന്നർത്ഥം. പഴയകാലത്തെ നാല് ഇന്നത്തെ ആറും, പഴയകാലത്ത് സിക്സ് ഇന്നത്തെ എട്ടുമാണ്.

വിപിൻ തോമസ് എന്ന സച്ചിൻ ആരാധകൻ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു.' അന്ന്, നോ ബോളിൽ ഫ്രീ ഹിറ്റ് ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ സച്ചിൻ ഒരു 3000 റൺ എങ്കിലും കൂടുതൽ നേടിയേനെ. പവർ പ്ലേ നിയമങ്ങൾ ബാറ്റ്സ്മാന് അനുകൂലമായിരുന്നില്ല. ഔട്ട്... എന്ന് അമ്പയർ വിളിച്ചാൽ റിവ്യൂ എടുക്കാൻ ഡിആർഎസ് ടെക്നോളജി ഉണ്ടായിരുന്നില്ല. 80 ഓളം തവണയാണ് സച്ചിൻ അമ്പയറുടെ തെറ്റായ തീരുമാനത്തിൽ പുറത്തായത്! 28 തവണയാണ് 90 കളിൽ പുറത്തായത്. അപ്പുറത്ത് ബാറ്റ് ചെയ്യാൻ ആളില്ലാതെ പുറത്തായത് നിരവധി തവണ. വിദേശ താരങ്ങളുടെ സ്ലെഡ്ജിങ് ചതിയിൽ കുടുങ്ങി മനക്കരുത്ത് ഇല്ലാതെ പുറത്താകുന്ന പാവം ഏഷ്യൻ കളിക്കാർ ഉള്ള കാലമായിരുന്നു അന്ന്''- വിപിൻ ചൂണ്ടിക്കാട്ടുന്നു.

ഓർക്കുക ഇന്ന് ലോകകപ്പ് കളിക്കുന്ന ബൗളർമാരിൽ ഏകദിനത്തിൽ 250 വിക്കറ്റ് എടുത്ത ഒറ്റ ബൗളർ പോലുമില്ല. മിച്ചൽ സ്റ്റാർക് -230, സൗതി -217,ട്രെന്റ് ബോൾട് -207, ആദം സാമ്പേ- 162, റബാദ -155 എന്നിങ്ങനെയാണ്. പുലിയാണെന്ന് പറയുന്ന പാറ്റ് കമ്മീൻസിനു പോലും 136 വിക്കറ്റ് ആണുള്ളത്. ഷഹീൻ ആഫ്രിദി -104, ലുങ്കി എന്റിനി-85, ഹാരിസ് റൗഫ് -69, മൊഹമ്മദ് വാസിം -34. എന്നിങ്ങനെ. അതിൽ തന്നെ ബോൾട്ടിന്റെയും സൗതിയുടെയും ഒക്കെ കാലം പണ്ടേ കഴിഞ്ഞതാണ്. ബാറ്റ്സ്മാനെ വിറപ്പിക്കാൻ പോകുന്ന ഒരു ബൗളർ പോലും ഈ ലോകകപ്പിൽ ഉണ്ടായിരുന്നില്ല.ചെറിയൊരു അപവാദം ഷഹീൻ ആഫ്രിദി ആയിരുന്നു.

വിപിൻ ചൂണ്ടിക്കാട്ടുന്നു.- 'സച്ചിനും, ദ്രാവിഡും ലക്ഷ്മണനും ഒക്കെ നേരിട്ടിരുന്നത് പുലികുഞ്ഞുങ്ങളെ ആയിരുന്നില്ല സാക്ഷാൽ ഗർജിക്കുന്ന സിംഹങ്ങളെ ആയിരുന്നു. പേരുകേട്ടാൽ തന്നെ വിറക്കുന്ന സിംഹങ്ങൾ. വസീം അക്രം, വഖാർ യൂനിസ്, ഗ്ലെൻ മക്ഗ്രാത്, ചമിന്ദ വാസ്, കൊട്നി വാൽഷ്, കട്ലി ആംബ്രോസ്, അലൻ ഡോണാൾഡ,് ഷോൺ പൊള്ളോക്, ഡയിൽ സ്റ്റൈൻ, ബ്രറ്റ്ലീ, ഷോഹൈബ് അക്തർ ,സഖ്ലൈൻ മുഷ്താഖ്, മുത്തയ്യ മുരളീധരൻ, ഷെയ്ൻവോൺ...ഇവരുടെയൊക്കെ പേര് കേട്ടാൽ ബാറ്റ്സ്മാന്മാരുടെ മുട്ടുകൂട്ടിയിടിക്കുന്ന കാലം. ആദ്യ മൂന്നു വിക്കറ്റ് വേട്ടക്കാർ മാത്രം രണ്ടായിരത്തിലധികം വിക്കറ്റ് എടുത്തിട്ടുണ്ട്. പറഞ്ഞുവന്നത് പണ്ട് കറണ്ടും, ഇന്റർനെറ്റും, ഗൂഗിളും ഒന്നുമില്ലാത്ത കാലത്ത് എസ്എസ്എൽസിക്ക് റാങ്ക് വാങ്ങിച്ച കുട്ടിയുമായി ഇന്നത്തെ ഫുൾ എ പ്ലസ് കാരനെ താരതമ്യപ്പെടുത്തരുത്. അത് കടുത്ത അനീതിയാവും.

ഒപ്പം ഇപ്പോഴും മൊത്തം 21 സെഞ്ചുറികൾക്കും 11'887 റൺസുകൾക്കും സച്ചിൻ മുന്നിലാണ്... എന്നതും മറക്കാതിരിക്കുക. സച്ചിന് തുല്യം സച്ചിൻ മാത്രം..''- ഇത്തരത്തിലുള്ള നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വിരാട് കോലിയുടെ മഹത്വം ഒട്ടുകുറയില്ല, പക്ഷേ സച്ചിൻ  എന്നും ക്രിക്കറ്റ് ദൈവമായിത്തന്നെ തുടരുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.