പുലിയെ പിടിക്കാനെത്തിയ വാറുണ്ണി കേൾക്കാത്ത പഴികളൊന്നുമില്ല. ഒന്നിനും കൊള്ളാത്തവൻ... പെണ്ണു പിടിയൻ.. അങ്ങനെ പലതും. പക്ഷേ പുലി എത്തിയപ്പോൾ വാറുണ്ണിയുടെ കരുത്ത് ഏവരും തിരിച്ചറിഞ്ഞു.. അങ്ങനെ മൃഗയയിലെ വാറുണ്ണി ഹീറോയായി..... ഇതു തന്നെയാണ് മുഹമ്മദ് ഷമിയുടേയും ജീവിത കഥ. ക്രിക്കറ്റിന് വേണ്ടി ജനിച്ചവൻ. വിക്കറ്റെടുക്കാൻ വേണ്ടി മാത്രം പന്തെറിഞ്ഞവൻ. എന്നിട്ടും പരാതിയും പരിഭവവും ഏറെ കേട്ടു. അവർക്കുള്ള മറുപടിയാണ് 2023ലെ ലോകകപ്പ്. ഏഴു കളികളിൽ 24 വിക്കറ്റ്. ആവറേജ് 10ൽ താഴെ.

വാറുണ്ണി പുലി എന്ന ഇര പിടിക്കാൻ വരുന്നതുപോലെയാണ് മുഹമ്മദ് ഷമിയുടെ റണ്ണപ്പും ബോളിങ്ങും. താളത്തിൽ ഓടിയെത്തി, അണുവിട തെറ്റാത്ത സീം പൊസിഷനിൽ ലൈനും ലെങ്തും പാലിച്ചുള്ള മിന്നൽ ആക്രമണം. അതിന് മുന്നിലാണ് എതിരാളികൾ ഭയന്ന് വിറച്ചത്. ഏതിർ ബാറ്റ്സ്മാന്റെ ദൗർബല്യം അതിവേഗം തിരിച്ചറിയുന്നതാണ് ഷമിയുടെ കരുത്ത്. ഓരോ താരങ്ങളേയും വീഴ്‌ത്താനുള്ള തന്ത്രം ഷമിക്കുണ്ടാകും. ആക്രമിച്ച് പന്തെറിയുമ്പോൾ ചിലപ്പോഴൊക്കെ റൺസ് വഴങ്ങാറുണ്ട്. പക്ഷേ ആ പന്തുകളുടെ മൂർച്ഛയെ കാര്യമായെടുത്തില്ലെങ്കിൽ ബാറ്റ്സ്മാന് പണിയുറപ്പ്. അതാണ് ഈ ലോകകപ്പിൽ കണ്ടത്. തഴയും തോറും വീറും വാശിയും കൂടും. ആദ്യ നാല് കളികളിൽ പുറത്തിരുത്തിയതിനുള്ള പ്രതികാരമായി അടുത്ത ഏഴിൽ 24 വിക്കറ്റ്. തളരാത്ത പോരാളിയാണ് താനെന്ന് തെളിയിക്കുകയായിരുന്നു ഷമി.

അവസാന മത്സരത്തിൽ ടോസ് നഷ്ടമായ ഇന്ത്യയ്ക്ക് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നു. പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി ബാറ്റ് വീശാത്ത ബൗളർമാർ വിക്കറ്റുകൾ വലിച്ചെറിഞ്ഞു. അങ്ങനെ ലോകകപ്പ് ഫൈനലിൽ പ്രതിരോധത്തിന് വേണ്ട മികച്ച സ്‌കോർ ഷമിയും ബൗളർമാർക്കും ഇല്ലാതെ പോയി. ഓസ്ട്രേലിയൻ ഫീഡിംഗിന്റെ മികവിനൊപ്പം എത്താൻ ഇന്ത്യക്കും കഴിഞ്ഞില്ല. ആറാം സ്പിന്നറുടെ അഭാവവും വില്ലനായി. ഇതോടെ തീ പാറും പന്തുകളിലൂടെ ഷമിക്ക് കലാശപോരാട്ടത്തിൽ വിജയ മന്ത്രമാകൻ കഴിഞ്ഞില്ല. അപ്പോഴും ഈ ലോകകപ്പിലെ ബൗളിങ് ഹീറോ ഷമിയാണ്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പവർഹൗസാണ് ഇന്ന് ഷമി. എത്ര വലിയ തിരിച്ചടികളുണ്ടായാലും കൂടുതൽ കരുത്തോടെ കുതിക്കുന്ന പ്രതിഭാസം. കരിയർ അവസാനിപ്പിച്ചേക്കാവുന്ന പ്രതിസന്ധികളാണ് ഷമിയുടെ കുതിപ്പിന് എക്കാലവും ഊർജമായത്. ഗാർഹിക പീഡനം ആരോപിച്ച് ഭാര്യ രംഗത്തെത്തിയതും തുടർന്ന് ബിസിസിഐ കരാർ മരവിപ്പിച്ചതും 4 വർഷം മുൻപാണ്. വാഹനാപകടം, തുടർ പരുക്കുകൾ, ശസ്ത്രക്രിയ, കോവിഡ് എന്നിങ്ങനെ അതിനുശേഷവും തിരിച്ചടികൾ ഒന്നൊന്നായി ഷമിയെ വേട്ടയാടിക്കൊണ്ടിരുന്നു. കരിയറിലെ മികച്ച ഫോമിലായിരുന്നിട്ടും ആദ്യ 4 മത്സരങ്ങളിൽ ടീമിനു പുറത്തിരിക്കേണ്ടിവന്നു. ഈ വേദനയേയും മറികടന്നു.

2018ൽ വിരമിക്കാൻ ആഗ്രഹിച്ച ഷമി

2018-ൽ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് 33 കാരനായ ബൗളർ കായികരംഗം വിടാൻ ആഗ്രഹിച്ചിരുന്ന താരമാണ് ഷമി. പരുക്കുകളോടും വ്യക്തിജീവിതത്തോടും പൊരുതുന്ന ഷമി തന്റെ കരിയറിലെ ഒരു ദുഷ്‌കരമായ ഘട്ടത്തിലൂടെയാണ് അന്ന് കടന്നു പോയത്. അന്ന് ബൗളിങ് കോച്ചായിരുന്ന അരുണാണ് ഇത് വെളിപ്പെടുത്തിയത്. രവി ശാസ്ത്രിയുടെ ഇടപെടലാണ് കാര്യങ്ങൾ മാറ്റി മറിച്ചത്. ശാസ്ത്രി പറഞ്ഞത് ഷമി കേട്ടു. അനുസരിക്കുകയും ചെയ്തു. അതിന്റെ പ്രതിഫലമാണ് ഈ ലോകകപ്പിൽ ഷമി നേടിയ ഓരോ വിക്കറ്റും.

'2018ലെ ഇംഗ്ലണ്ട് പര്യടനത്തിന് തൊട്ടുമുമ്പ്, ഞങ്ങൾ ഫിറ്റ്നസ് ടെസ്റ്റ് നടത്തി, ഷമി അതിൽ പരാജയപ്പെട്ടു. അദ്ദേഹത്തിന് ഇന്ത്യൻ ടീമിൽ സ്ഥാനം നഷ്ടപ്പെട്ടു. അവൻ എന്നെ വിളിച്ച് എന്നോട് സംസാരിക്കണമെന്ന് പറഞ്ഞു. അതിനാൽ ഞാൻ അവനെ എന്റെ മുറിയിലേക്ക് ക്ഷണിച്ചു. വ്യക്തിപരമായ പ്രശ്‌നങ്ങളിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നത്. ശാരീരികക്ഷമതയെ ബാധിച്ചു, മാനസികമായി അവൻ പോയി. അവൻ എന്റെ അടുത്ത് വന്ന് 'എനിക്ക് വളരെ ദേഷ്യമാണ്, എനിക്ക് ക്രിക്കറ്റ് വിടണം' എന്ന് പറഞ്ഞു, ഞാൻ ഉടൻ തന്നെ രവി ശാസ്ത്രിയെ കാണാൻ ഷമിയെ കൊണ്ടുപോയി,' അരുൺ പറയുന്നു. അന്ന് രവി ശാസ്ത്രിയായിരുന്നു ഇന്ത്യൻ പരിശീലകൻ.

'ഞങ്ങൾ രണ്ടുപേരും രവി ശാസ്ത്രിയുടെ മുറിയിലേക്ക് കയറി, ഞാൻ പറഞ്ഞു 'രവി, ഷമിക്ക് എന്തെങ്കിലും പറയാനുണ്ട്', അത് എന്താണെന്ന് രവി ചോദിച്ചു, 'എനിക്ക് ക്രിക്കറ്റ് കളിക്കാൻ താൽപ്പര്യമില്ല' എന്ന് ഷമി പറഞ്ഞു. ഞങ്ങൾ ചോദിച്ചു ക്രിക്കറ്റ് കളിച്ചില്ലെങ്കിൽ എന്ത് ചെയ്യും? നിങ്ങൾക്ക് മറ്റെന്താണ് അറിയാമോ? പന്ത് നൽകുമ്പോൾ എങ്ങനെ ബൗൾ ചെയ്യണമെന്ന് നിങ്ങൾക്കറിയാം, ''കോച്ച് അങ്ങനെയായിരുന്നു പറഞ്ഞത്. തുടർന്ന് ഷാമിയെ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് അയക്കാൻ തീരുമാനിച്ചു, ഇത് അദ്ദേഹത്തിന്റെ ഫിറ്റ്നസ് മെച്ചപ്പെടുത്തി. അങ്ങനെ ഷമി വീണ്ടും പന്തെറിഞ്ഞു. ഇന്ത്യൻ ടീമിന്റെ പേസ് കരുത്തായി മാറി.

'ഞാനൊരു സാധാരണ മനുഷ്യനാണ്. എന്റെ കുടുംബത്തിന്റെ പിന്തുണയില്ലായിരുന്നുവെങ്കിൽ ഞാൻ ക്രിക്കറ്റ് വിടുമായിരുന്നു എന്ന് ഉറപ്പാണ്. മൂന്നു തവണ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച ഒരു വ്യക്തിയാണ് ഞാൻ. ഞാൻ താമസിക്കുന്നത് 24-ാം നിലയിലായിരുന്നു. അപ്പാർട്ട്മെന്റിലെ എന്റെ ഫ്ലാറ്റിൽ നിന്നും ഞാൻ താഴേക്ക് ചാടിയേക്കുമെന്ന് എന്റെ വീട്ടുകാർ ഭയന്നിരുന്നു-ഇതാണ് ആ കാലത്തെ കുറിച്ച് ഷമി പറയുക. ഇന്ന് ലോകകപ്പിൽ 50 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറെന്ന റിക്കോർഡ് ഷമിയുടെ പേരിലാണ്.

ഈ ലോകകപ്പിലും ആദ്യം കളിച്ചില്ല. പിന്നീട് ഹാർദിക് പാണ്ഡ്യയ്ക്കു പരുക്കേറ്റതിനെത്തുടർന്നാണ് ന്യൂസീലൻഡിനെതിരായ ഗ്രൂപ്പ് മത്സരത്തിലൂടെ ടീമിൽ ഇടംനേടുന്നത്. പകരക്കാരനായി വന്ന് വിജയനായകനാകുന്ന പതിവ് ആവർത്തിച്ച മുഹമ്മദ് ഷമി സെമി വരെ 6 മത്സരങ്ങളിൽ നിന്നു വീഴ്‌ത്തിയത് 23 വിക്കറ്റുകളാണ്. കൂടുതൽ വിക്കറ്റ്, മികച്ച ബോളിങ് ശരാശരി, സ്ട്രൈക്ക് റേറ്റ്, മികച്ച ബോളിങ് പ്രകടനം തുടങ്ങി ഈ ലോകകപ്പിലെ ഭൂരിഭാഗം വ്യക്തിഗത നേട്ടങ്ങളുടെ പട്ടികയിലും ഒന്നാംസ്ഥാനത്ത് ഷമിയുടെ പേരാണ്. സെമിയിൽ ന്യൂസിലണ്ടിനെതിരെ 7 വിക്കറ്റുനേട്ടത്തോടെ മുഹമ്മദ് ഷമി ചരിത്രത്തിൽ ഇടംപിടിച്ചപ്പോൾ അത് മറ്റൊരു റിക്കോർഡായി.

ഏകദിന ലോകകപ്പിന്റെ ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തിയ ഇന്ത്യൻ താരമെന്ന സഹീർ ഖാന്റെ റെക്കോർഡാണ് ബുധനാഴ്ച മുംബൈയിൽ ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ സെമി ഫൈനൽ മത്സരത്തിൽ മുഹമ്മദ് ഷമി തകർത്തെറിഞ്ഞത്. 2011 ലോകകപ്പിൽ സഹീറിന്റെ 21 വിക്കറ്റ് റെക്കോർഡ് നേട്ടമാണ് പഴങ്കഥയായത്.

ആത്മഹത്യയ്ക്ക് ശ്രമിച്ചത് മൂന്ന് തവണ

ഒന്നല്ല മൂന്ന് പ്രാവശ്യം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച സമയം തനിക്കുണ്ടായിട്ടുണ്ടെന്ന് ഷമി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2015 ലോകകപ്പിന് ശേഷം ഷമി പരിക്കിൽ നിന്ന് മടങ്ങുന്ന സമയത്ത് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിൽ വളരെയധികം പ്രശ്നങ്ങൾ നേരിട്ടിരുന്നു. ആ സമയം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പിന്തുണ ഒന്നുകൊണ്ടു മാത്രം അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വരികയായിരുന്നു.

2020 ലെ കൊറോണ കാലഘട്ടത്തിൽ, രോഹിത് ശർമ്മയ്‌ക്കൊപ്പമുള്ള ഒരു ഇൻസ്റ്റാഗ്രാം ലൈവിൽ, താൻ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുകയാണെന്ന് ഷമി വെളിപ്പെടുത്തിയിരുന്നു. 2015 ലോകകപ്പിൽ തനിക്കു പരിക്കേറ്റു. അതിനുശേഷം ടീമിലേക്ക് മടങ്ങിവരാൻ 18 മാസമെടുത്തു. അക്കാലം എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടമായിരുന്നു. തിരിച്ചു വരാനുള്ള ശ്രമങ്ങളെ കുടുംബപ്രശ്നങ്ങളും ബാധിച്ചു. അതെല്ലാം ഷമി മറികടന്നുവെന്നതാണ് വസ്തുത.

ലോകകപ്പിന്റെ ഇന്ത്യ-ന്യൂസിലൻഡ് സെമി ഫൈനൽ പോരാട്ടം. രണ്ടു വിക്കറ്റുകൾ നേടി തലയുയർത്തി നിൽക്കുകയായിരുന്നു ഷമി. അപ്പോഴാണ് കിവീസ് ക്യാപ്റ്റൻ കെയിൻ വില്യംസണിന്റെ ക്യാച്ച് ഷമിയുടെ കൈയിൽ നിന്ന് ചോർന്നുപോകുന്നത്. എല്ലാം 2021 ലെ ട്വന്റി ട്വന്റി മത്സരത്തിന്റെ തുടർച്ച പോലെ. അന്ന് പാക്കിസ്ഥാനോട് ഇന്ത്യ പരാജയപ്പെട്ടപ്പോൾ കുരിശിലേറ്റപ്പെട്ടത് ഷമി മാത്രമാണ്. ബാക്കി പത്തു കളിക്കാരുടെയും തോൽവി സ്വാഭാവികവും ഷമിയുടേത് സ്വച്ഛന്ദവുമായി.

അയാൾ പാക്കിസ്ഥാനോട് കൂറ് കാണിക്കാൻ തോൽവി വരിച്ച വഞ്ചകനായി. ഷമിയോട് പാക്കിസ്ഥാനിലേക്ക് പൊയ്‌ക്കോളാൻ ട്വീറ്റുകളും പോസ്റ്റുകളും ആക്രോശിച്ചു. അത് വീണ്ടും ആവർത്തിക്കുന്ന അവസ്ഥ എത്തി. എന്നാൽ ഏഴു വിക്കറ്റുമായി കിവീസിനെ തകർത്ത് രാജ്യ സ്നേഹം ഷമി തെളിയിച്ചു.