ദോഹ: ജർമ്മനിയെ അട്ടിമറിച്ചെത്തിയ കഴിവ് പുറത്തെടുക്കാൻ കഴിയാതെ ജപ്പാൻ. എതിരില്ലാത്ത ഏഴു ഗോളുകൾക്ക് സ്പാനിഷ് പടയോട് തോൽവി വഴങ്ങിയതിന്റെ നാണക്കേടുമായി ഇറങ്ങിയ കോസ്റ്ററിക്ക മത്സരത്തിന്റെ ആദ്യപകുതിയിൽ ജപ്പാനെ വരിഞ്ഞുമുറുക്കി.ആദ്യപകുതി അവസാനിക്കുമ്പോൾ ഇരുടീമുകൾക്കും ഗോളടിക്കാൻ കഴിഞ്ഞില്ല.

കുറവുകൾ നികത്തി കൃത്യമായ ഗെയിം പ്ലാനോടെ കളിക്കാൻ ഇറങ്ങിയ കോസ്റ്ററിക്കയ്ക്കു മുന്നിൽ ജപ്പാൻ പതറുന്ന കാഴ്ചയാണ് കണ്ടത്.കഴിഞ്ഞ മത്സരത്തിൽ ഒരു ഗോളിന്റെ ലീഡിൽ 70 മിനിറ്റോളം ആധിപത്യം പുലർത്തിയ ശേഷമാണ് ജർമനിയെ 2-1 ന് ജപ്പാന് തകർത്തെറിഞ്ഞത്.

4 2 3 1 എന്ന ശൈലിയാണ് ജപ്പാൻ അവലംബിച്ചതെങ്കിൽ 3 4 2 1 ശൈലിയിലായിരുന്നു കോസ്റ്ററിക്കയുടെ കളി. ജർമനിയുമായി നിറഞ്ഞ് കളിച്ച ജപ്പാൻ ഇന്ന് അമിതപ്രതിരോധത്തിൽ ഊന്നുന്ന കാഴ്ചയാണ് കണ്ടത്.സ്പാനിഷ് പടയോട് തോൽവി വഴങ്ങിയതിനാൽ ആത്മവിശ്വാസം ചോർന്നുനിൽക്കുന്ന കോസ്റ്റാറിക്കയെ നേരിടുമ്പോൾ ജപ്പാന്റെ മനോവീര്യവും ഇരട്ടിയാകുമെന്നാണ് വിലയിരുത്തൽ ഉണ്ടായിരുന്നതെങ്കിലും ആദ്യപകുതിയിൽ അതുണ്ടായില്ല.

രണ്ടാം പകുതിയിൽ ജർമനിക്കെതിരെ പ്രകടിപ്പിച്ച മികവ് കോസ്റ്റാറിക്കയ്‌ക്കെതിരെയും പുറത്തെടുത്താൽ പ്രീക്വാർട്ടർ പ്രവേശനം ജപ്പാന് വെല്ലുവിളിയായേക്കില്ല. വേഗതമാത്രമല്ല, മൂർച്ചയും കൃത്യതയും ഉള്ള ആക്രമണശൈലിയാണ് ജപ്പാന്റെത്. അത് പ്രതിരോധിക്കാൻ കോസ്റ്റാറിക്കയ്ക്ക് എത്രകണ്ടാകുമെന്നതിനെ ആശ്രയിച്ചിരിക്കും മൽസഫലം.

ജർമനിയ്‌ക്കെതിരെ ഗോൾ നേടാനാകാത്തതിന്റെ ക്ഷീണം ജപ്പാൻ സൂപ്പർതാരം ടകുമി മിനാമി കോസ്റ്റാറിക്കക്കെതിരെ തീർക്കുമെന്ന പ്രതീക്ഷയിലാണ് ജപ്പാൻ. ജയിക്കുകയാണെങ്കിൽ ഫ്രാൻസിന് പിന്നാലെ പ്രീക്വാർട്ടർ ഉറപ്പിക്കുന്ന ടീമാകാനും ഏഷ്യൻ കരുത്തരായ ജപ്പാന് സാധിക്കും.

ജർമനിക്കെതിരെ ജപ്പാന്റെ വിജയത്തിൽ ഏറ്റവും നിർണായകമായത് ഗോൾകീപ്പർ ഷുയ്ചി ഗോൻഡയുടെ പ്രകടനമാണ്. ഗോൻഡയുടെ 7 സേവുകളാണ് ജപ്പാനെ രക്ഷിച്ചത്. 71ാം മിനിറ്റിൽ തുടരെ നടത്തിയ 4 സേവുകൾ മത്സരഗതിയെത്തന്നെ സ്വാധീനിച്ചു.

ഫിഫ റാങ്കിങ്ങിൽ 24ാം സ്ഥാനത്താണ് ജപ്പാൻ. 2002, 2010, 2018 പ്രീക്വാർട്ടർ പ്രവേശനമാണ് മികച്ച പ്രകടനം. ലോകകപ്പ് ക്വാളിഫയറിൽ പത്തിൽ ഏഴിലും ജയിച്ച് രണ്ടാമതായാണ് ജപ്പാന്റെ വരവ്. 12 ഗോളുകൾ നേടിയപ്പോൾ വഴങ്ങിയത് നാലെണ്ണം മാത്രം. അച്ചടക്കമുള്ള പ്രതിരോധ നിരയിലാണ് ജപ്പാന്റെ പ്രതീക്ഷ. ഫിഫ റാങ്കിങ്ങിൽ 31ാം സ്ഥാനത്താണ് കോസ്റ്ററിക്ക. 2014 ൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചതാണ് മികച്ച പ്രകടനം