ദോഹ: ലോകകപ്പിൽ ക്വാർട്ടർ ചിത്രം ഇന്ന് തെളിയും. അവസാന പ്രീക്വാർട്ടർ മത്സരങ്ങളിൽ സ്പെയിൻ മൊറോക്കോയെയും പോർച്ചുഗൽ സ്വിറ്റ്സർലന്റിനെയും നേരിടും. രാത്രി 8.30നാണ് സ്പെയിൻ മൊറോക്കോ മത്സരം. ഗ്രൂപ്പ് എഫിലെ ചാംപ്യന്മാരായാണ് മോറോക്കോ പ്രീക്വാർട്ടറിലെത്തിയത്. അവസാന മത്സരത്തിൽ ജപ്പാനോട് തോൽവി വഴങ്ങി ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് സ്പെയിനിന്റെ വരവ്. രാത്രി 12.30നാണ് പോർച്ചുഗൽ സ്വിറ്റ്സർലൻഡിനെ നേരിടുന്നത്. ഗ്രൂപ്പ് എച്ചിലെ ചാംപ്യന്മാരായാണ് പോർച്ചുഗൽ പ്രീക്വാർട്ടറിലെത്തിയത്.

അതേസമയം, ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പോർച്ചുഗൽ നായക സ്ഥാനം നഷ്ടമായേക്കും. തെക്കൻ കൊറിയക്കെതിരായ മത്സരത്തിൽ സബ്സ്റ്റിറ്റിയൂട്ട് ചെയ്തതിന് റൊണാൾഡോ അസ്വസ്ഥനായിരുന്നു. ഇത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ താരത്തിന്റെ പ്രവർത്തിയിൽ ഒട്ടും ഇഷ്ടമായില്ലെന്ന് കോച്ച് ഫെർണാണ്ടോ സാന്റോസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെ സൂപ്പർതാരത്തെ നോക്കൗട്ട് ഘട്ടം മുതൽ നായക സ്ഥാനത്ത് നിന്ന് നീക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

അതേസമയം, സ്വിറ്റ്സർലാൻഡിനെതിരെയുള്ള പ്രീ ക്വാർട്ടർ പോരാട്ടത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തരുതെന്ന് ആരാധകർ. പോർച്ചുഗീസ് സ്പോർട്സ് പത്രമായ എ ബോല നടത്തിയ ഒരു സർവേയിൽ 70 ശതമാനം ആരാധകരും റൊണാൾഡോ ആദ്യ ഇലവനിൽ കളിക്കുന്നത് ആഗ്രഹിക്കുന്നില്ലെന്നാണ് പ്രതികരിച്ചത്. എന്തിനാണ് ക്രിസ്റ്റ്യാനോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തുന്നത്. അദ്ദേഹം ക്ലബ്ബിൽ പോലും സ്റ്റാർട്ടർ ആയിരുന്നില്ലെന്ന് ഒരു ആരാധകൻ പറഞ്ഞതായി എ ബോല റിപ്പോർട്ട് ചെയ്തു.

ലോകകപ്പിൽ മോശം ഫോം തുടരുന്ന സാഹചര്യത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ വിമർശനം കടുത്തിരിക്കുന്നത്. മാഞ്ചസ്റ്ററിൽ നടന്ന സംഭവങ്ങൾക്ക് ശേഷം ക്രിസ്റ്റ്യാനോയെ ടീമിലേക്ക് വിളിക്കാൻ പോലും പാടില്ലായിരുന്നു. പക്ഷേ, അദ്ദേഹത്തിന് നായകാനാകൻ അവസരം ലഭിച്ചു. പക്ഷേ ഇപ്പോൾ ഒരു തടസമായാണ് നിൽക്കുന്നത്. അദ്ദേഹം സ്വയം നിർമ്മിച്ച പ്രതിച്ഛായ തകർക്കുകയാണ്. ഇത് സിആർ7 അല്ല, സിആർ37 ആണെന്ന് മറ്റൊരു ആരാധകർ പറഞ്ഞതായും പോർച്ചുഗീസ് പത്രം റിപ്പോർട്ട് ചെയ്തു.

ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഫ്ളോപ്പ് ഇലവനിലാണ് ക്രിസ്റ്റ്യാനോ ഉൾപ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ കളിക്കാരുടെ പ്രകനം നോക്കി ഒരോ കളിക്കാരനും റേറ്റിങ് പോയന്റ് നൽകി സോഫാസ്‌കോർ നടത്തിയ മോശം ഇലവനെ തെരഞ്ഞെടുത്തപ്പോഴാണ് റൊണാൾഡോയും ഇതിൽ ഇടം നേടിയത്.