കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫിൽ ഒഡീഷ എഫ്സിയെ വീഴ്‌ത്തി സെമി ബർത്ത് ഉറപ്പിച്ച് എടികെ മോഹൻ ബഗാൻ. ഒഡീഷ എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചാണ് ബഗാൻ സെമിയിലെത്തിത്. ഹ്യൂഗോ ബൗമോസ്, ദിമിത്രി പെട്രാടോസ് എന്നിവരാണ് ബഗാന്റെ ഗോളുകൾ നേടിയത്.

ഇതോടെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെമിഫൈനൽ ചിത്രം വ്യക്തമായി. ആദ്യ സെമിയിൽ മുംബൈ സിറ്റി എഫ്സിയും ബെംഗളൂരു എഫ്സിയും ഏറ്റുമുട്ടും. രണ്ടാം സെമിഫൈനലിൽ ഹൈദരാബാദ് എഫ്സിയാണ് എടികെയുടെ എതിരാളികൾ. രണ്ടുപാദങ്ങളിലായാണ് സെമിഫൈനൽ മത്സരങ്ങൾ നടക്കുക.

സ്വന്തം തട്ടകമായ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ ഗ്രൂപ്പ് സ്റ്റേജുകളിലെ പ്രകടനം ആവർത്തിക്കുന്ന എടികെ മോഹൻ ബഗാനെയാണ് കണ്ടത്. തുടക്കത്തിൽ തന്നെ വിങ്ങർ ആഷിഖ് കുരുണിയൻ പരിക്കേറ്റ് പുറത്തുപോയത് എടികെയ്ക്ക് തിരിച്ചടിയായി. പകരം ലിസ്റ്റൺ കൊളാസോയാണ് മൈതാനത്തിറങ്ങിയത്. ഒഡിഷയും തിരിച്ചടിക്കാൻ മുന്നേറ്റങ്ങൾ നടത്തിക്കൊണ്ടിരുന്നു. എന്നാൽ 36-ാം മിനിറ്റിൽ എടികെ ലീഡെടുത്തു. അറ്റാക്കിങ് മിഡ്ഫീൽഡർ ഹ്യൂഗോ ബൗമസാണ് മോഹൻ ബഗാനായി വലകുലുക്കിയത്. ആദ്യ പകുതി ഒരു ഗോളിന് എടികെ മുന്നിട്ടുനിന്നു.

രണ്ടാം പകുതിയിൽ ഒഡിഷ മറുപടി ഗോളിനായി ആക്രമിച്ചുകളിച്ചു. പകരക്കാരെ കളത്തിലിറക്കുകയും ചെയ്തു. എന്നാൽ ഒഡിഷയെ പ്രതിരോധത്തിലാക്കി എടികെ വീണ്ടും ഗോളടിച്ചു. ഇത്തവണ സ്ട്രൈക്കർ ദിമിത്രി പെട്രറ്റോസാണ് വലകുലുക്കിയത്. പിന്നാലെ എടികെ ഗോൾകീപ്പർ വിശാൽ കെയ്ത്ത് മൈതാനത്ത് വീണുകിടന്നത് ഏവരേയും ആശങ്കയിലാക്കി. താരങ്ങളും റഫറിയും മെഡിക്കൽ സംഘത്തോട് ഉടൻ തന്നെ മൈതാനത്തേക്ക് വരാൻ നിർദേശിച്ചു. ആംബുലൻസും മൈതാനത്തെത്തി. എന്നാൽ അൽപ്പസമയത്തിന് ശേഷം വിശാൽ കെയ്ത്ത് മൈതാനത്ത് എഴുന്നേറ്റ് നിന്നതോടെ ആശങ്കയ്ക്ക് വിരാമമായി. വൈകാതെ താരത്തെ കളത്തിൽ നിന്ന് പിൻവലിച്ചു.