കൊച്ചി: ഇന്ത്യ സൂപ്പർ ലീഗിൽ പ്ലേ ഓഫ് ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി. ഇന്ന് നടന്ന ചെന്നൈയിൻ എഫ് സി- എഫ് സി ഗോവ മത്സരത്തിൽ ചെന്നൈ വിജയിച്ചതോടെയാണ് രണ്ട് കളികൾ ബാക്കി നിൽക്കെ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ സ്ഥാനം ഉറപ്പിച്ചത്. 2-1നാണ് ഗോവയെ ചെന്നൈ തോൽപ്പിച്ചത്. തുടർച്ചയായി രണ്ടാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ കയറുന്നത്.

പ്ലേ ഓഫ് പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്‌സിന് ഭീഷണിയായി ഉണ്ടായിരുന്നത് ഗോവയാണ്. ഗോവക്ക് നിലവിൽ 19 കളികളിൽ 27 പോയിന്റാണുള്ളത്. അവസാന കളിയിൽ വിജയം നേടിയാലും അവരുടെ പോയിന്റ് നേട്ടം 30 വരെയെ എത്തൂ. എന്നാൽ ബ്ലാസ്റ്റേഴ്‌സിന് ഇപ്പോൾത്തന്നെ 31 പോയിന്റുകളുണ്ട്. ശേഷിക്കുന്ന രണ്ട് കളികളിൽ പരാജയപ്പെട്ടാലും മഞ്ഞപ്പടെ ചുരുങ്ങിയത് ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യും.ബ്ലാസ്റ്റേഴ്‌സിനൊപ്പം 31 പോയിന്റുകളുള്ള ബെംഗളൂരു എഫ്‌സിയും പ്ലേ ഓഫ് ഉറപ്പിച്ചു.

മുംബൈ സിറ്റി എഫ്സി, ഹൈദരാബാദ് എഫ്സി ടീമുകൾ നേരത്തെ തന്നെ പ്ലേ ഓഫിന് യോഗ്യരായിരുന്നു. ആറ് ടീമുകളാണ് ഇക്കുറി പ്ലേ ഓഫിലെത്തുക.സീസണിൽ നാല് ടീമുകൾ ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞു. 19 മത്സരങ്ങളിൽ 46 പോയിന്റുമായി മുംബൈ സിറ്റി നേരത്തെ തന്നെ ലീഗ് ഷീൽഡ് സ്വന്തമാക്കിയിരുന്നു. 18 കളിയിൽ 39 പോയിന്റാണ് രണ്ടാം സ്ഥാനക്കാരായ ഹൈദരാബാദ് എഫ്സിക്കുള്ളത്. ഇത്രതന്നെ മത്സരങ്ങളിൽ 31 പോയിന്റാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്സിനും ബെംഗളൂരു എഫ്സിക്കും സമ്പാദ്യം.

അവശേഷിക്കുന്ന രണ്ട് പ്ലേ ഓഫ് സ്ഥാനങ്ങളിലേക്ക് എടികെ മോഹൻ ബഗാനും എഫ്സി ഗോവയും ഒഡിഷ എഫ്സിയും തമ്മിലാണ് ഇനി കടുത്ത മത്സരം. എടികെയ്ക്ക് 18 കളികളിൽ 28 ഉം ഗോവയ്ക്ക് 19 മത്സരങ്ങളിൽ 27 ഉം ഒഡിഷയ്ക്ക് 18 കളിയിൽ 27 ഉം പോയിന്റുകളാണ് നിലവിലുള്ളത്.

ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്-ഒഡിഷ, ഹൈദരാബാദ്-ജംഷഡ്പൂർ, എടികെ മോഹൻ ബഗാൻ-കേരള ബ്ലാസ്റ്റേഴ്സ്, മുംബൈ സിറ്റി-ഈസ്റ്റ് ബംഗാൾ, ഒഡിഷ-ജംഷഡ്പൂർ, ബെംഗളൂരു-ഗോവ, ചെന്നൈയിൻ-നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഈസ്റ്റ് ബംഗാൾ-എടികെ മോഹൻ ബഗാൻ, കേരള ബ്ലാസ്റ്റേഴ്സ്-ഹൈദരാബാദ് എന്നീ മത്സരങ്ങളാണ് സീസണിൽ അവശേഷിക്കുന്നത്. ബ്ലാസ്റ്റേഴ്സ് 18ന് എടികെയെയും 26ന് ഹൈദരാബാദിനേയും നേരിടും.