പാരീസ്: ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ ഫ്രീകിക്ക് വലയിലെത്തിച്ച് പി.എസ്.ജിക്ക് അവിസ്മരണീയ ജയം സമ്മാനിച്ച് ലയണൽ മെസി. ഫ്രഞ്ച് ലീഗിൽ ലില്ലെയ്ക്കെതിരേയാണ് അവസാനനിമിഷം പിഎസ്ജി അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയത്. മൂന്നിനെതിരേ നാല് ഗോളുകൾക്ക് വിജയിച്ച ഫ്രഞ്ച് വമ്പന്മാർ ലീഗിൽ തലപ്പത്ത് തുടരുകയാണ്.

മത്സരം സമനിലയിൽ അവസാനാക്കിനിരിക്കെ 95 ാം മിനിറ്റിലാണ് മെസ്സി മാജിക് പിറന്നത്. ലില്ലെ പ്രതിരോധ താരങ്ങൾക്കും ഗോളിക്കും ഒരവസരവും നൽകാതെ മെസ്സിയുടെ ഫ്രീകിക്ക് പോസ്റ്റിന്റെ ഇടതുമൂലയിൽ തുളഞ്ഞു കയറി.

നീണ്ട ഇടവേളക്ക് ശേഷം സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും കിലിയൻ എംബാപ്പെയും നെയ്മറും ഒരുമിച്ചിറങ്ങിയ മത്സരത്തിൽ നാല് ഗോളുകളും പിറവിയെടുത്തത് സൂപ്പർ താരങ്ങളുടെ ബൂട്ടിൽ നിന്ന് തന്നെയായിരുന്നു. മത്സരത്തിൽ കിലിയൻ എംബാപ്പെ ഇരട്ട ഗോൾ കണ്ടെത്തിയപ്പോൾ മെസ്സിയും നെയ്മറും ഓരോ തവണ വലകുലുക്കി.

തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം വിജയം മോഹിച്ചാണ് ഗാൾട്ടിയറും സംഘവും സ്വന്തം തട്ടകത്തിൽ കളിക്കാനിറങ്ങിയത്. സൂപ്പർതാരങ്ങളായ നെയ്മറും മെസ്സിയും എംബാപ്പെയും ആദ്യ ഇലവനിലിടം കണ്ടെത്തിയ മത്സരത്തിൽ തുടക്കത്തിൽ തന്നെ പിഎസ്ജി ആക്രമണങ്ങളിച്ചുവിട്ടു. 11-ാം മിനിറ്റിൽ തന്നെ എംബാപ്പെയിലൂടെ പിഎസ്ജി ലീഡെടുത്തു. ഇടതുവിങ്ങിലൂടെ മുന്നേറിയ എംബാപ്പെ പ്രതിരോധതാരങ്ങളെയെല്ലാം മറികടന്ന് പന്ത് വലയിലെത്തിച്ചു.

മിനിറ്റുകൾക്കകം നെയ്മർ പിഎസ്ജിയുടെ രണ്ടാം ഗോളും നേടി. മുന്നേറ്റങ്ങൾക്കൊടുക്കം നെയ്മർ പെനാൽറ്റി ബോക്സിലേക്ക് ൽകിയ പന്ത് കൈപ്പിടിയിലൊതുക്കാനുള്ള ലില്ലെ ഗോൾകീപ്പർ ലുകാസ് ഷെവാലിയറിന്റെ ശ്രമം വിഫലമായി. വിറ്റിന്ന തിരിച്ചുനൽകിയ പന്ത് നെയ്മർ അനായാസം വലയിലാക്കി. എന്നാൽ 24-ാം മിനിറ്റിൽ ലില്ലെ തിരിച്ചടിച്ചു. ബഫോഡെ ഡയാകിറ്റെ മികച്ചൊരു ഹെഡറിലൂടെയാണ് ഗോൾ നേടിയത്. ആദ്യ പകുതി 2-1 നാണ് അവസാനിച്ചത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ നെയ്മർ പരിക്കേറ്റ് പുറത്തുപോയത് പിഎസ്ജിക്ക് കനത്ത തിരിച്ചടിയായി. പിന്നാലെ 58-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ജൊനാതൻ ഡേവിഡ് സമനില ഗോൾ നേടി. 69-ാം മിനിറ്റിൽ പിഎസ്ജിയെ ഞെട്ടിച്ചുകൊണ്ട് ലില്ലെ ലീഡെടുത്തു. ജൊനാതൻ ബാംബയാണ് വലകുലുക്കിയത്.

തിരിച്ചടിക്കാനുള്ള പിഎസ്ജിയുടെ ശ്രമങ്ങളെല്ലാം പ്രതിരോധത്തിൽ തട്ടിത്തകർന്നതോടെ പിഎസ്ജി പരാജയം മണത്തു. എന്നാൽ പിഎസ്ജിയുടെ തിരിച്ചുവരവിനാണ് പാർക് ഡെസ് പ്രിൻസ് സ്റ്റേഡിയം സാക്ഷിയായത്. 87-ാം മിനിറ്റിൽ ഇടതുവിങ്ങിൽ നിന്ന് യുവാൻ ബെർനാറ്റ് നൽകിയ ക്രോസ്സിൽ നിന്ന് എംബാപ്പെ സമനിലഗോൾ നേടി.

പിന്നാലെ ഇഞ്ചുറിടൈമിന്റെ അഞ്ചാം മിനിറ്റിൽ പിഎസ്ജിക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. കിക്കെടുത്ത മെസ്സിക്ക് പിഴച്ചില്ല. പ്രതിരോധതാരങ്ങൾക്കിടയിലൂടെ കടന്നുപോയ പന്ത് പോസ്റ്റിൽ തട്ടി വലയിലെത്തി. ഗാലറിയൊന്നടങ്കം പൊട്ടിത്തെറിച്ചു. മെസ്സി രക്ഷകനായി അവതരിച്ചപ്പോൾ ലീഗിൽ കിരീടപ്പോരാട്ടത്തിൽ മുന്നിലെത്താനും പിഎസ്ജിക്കായി. 24-മത്സരങ്ങളിൽ നിന്ന് 57 പോയന്റാണ് പിഎസ്ജിയുടെ സമ്പാദ്യം.