പാരീസ്: ന്യൂസീലന്‍ഡ് വനിതാ ഫുട്ബോള്‍ ടീം പരിശീലിക്കുന്ന മൈതാനത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തി ചാരപ്രവര്‍ത്തനത്തിന് നീക്കം നടത്തിയ കാനഡ വനിതാ ഫുട്ബോള്‍ ടീമിനെതിരേ ഫിഫയുടെ നടപടി. പാരീസ് ഒളിമ്പിക്സില്‍ പങ്കെടുക്കാനെത്തിയ ടീമിന്റെ ആറു പോയന്റ് ഫിഫ വെട്ടിക്കുറച്ചു. ടീമിന്റെ മുഖ്യ പരിശീലക ബെവ് പ്രീസ്റ്റ്മാന്‍ അടക്കം ടീമിന്റെ മൂന്ന് പരിശീലകരെ ഫിഫ ഒരു വര്‍ഷത്തേക്ക് വിലക്കി. കനേഡിയന്‍ സോക്കര്‍ ഫെഡറേഷന് 1.89 കോടി രൂപ (226,000 ഡോളര്‍) പിഴയിടുകയും ചെയ്തു.

ഒളിംപിക്‌സിലെ ആദ്യ മത്സരം ജയിച്ചെങ്കിലും കളത്തിനു പുറത്ത് കനേഡിയന്‍ വനിത ഫുട്‌ബോള്‍ ടീമിനു കനത്ത തിരിച്ചടിയാണ് നടപടി. കനേഡിയന്‍ പരിശീലക ബെവ് പ്രീസ്റ്റ്മാനെയും സഹ പരിശീലകരായ ജോസഫ് ലൊംബാര്‍ഡി, ജാസ്മിന്‍ മാന്‍ഡെര്‍ എന്നിവരെയുമാണ് ഒരു വര്‍ഷത്തേക്ക് ഫുട്‌ബോളില്‍ നിന്നും വിലക്കിയത്.

ആദ്യ മത്സരത്തിലെ ജയത്തിലൂടെ നേടിയ പോയന്റും അടുത്ത മത്സരം ജയിച്ചാല്‍ കിട്ടാവുന്ന പോയന്റും ഇതോടെ നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയായ കാനഡക്ക് നഷ്ടമാവും. 2021ലെ ടോക്കിയോ ഒളിംപിക്‌സില്‍ കാനഡ സ്വര്‍ണം നേടിയപ്പോള്‍ കാനഡയുടെ ക്യാപ്റ്റനായിരുന്നു ബെവ് പ്രീസ്റ്റ്മാന്‍.

എന്നാല്‍ പോയന്റുകള്‍ വെട്ടിക്കുറച്ചതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കാനഡ ടീം അധികൃതര്‍ അറിയിച്ചു. പോയന്റുകള്‍ വെട്ടിക്കുറക്കുന്നതോടെ കാനഡക്ക് ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും ജയിച്ചാലും പരമാവധി മൂന്ന് പോയന്റെ ലഭിക്കു. ഇതോടെ മറ്റ് ടീമുകളുടെ മത്സരഫലം അനുസരിച്ചെ ക്വാര്‍ട്ടറിലെത്താനാവു. വിവാദങ്ങളുടെ നടുവില്‍ നടന്ന ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരം കാനഡ 2-1ന് ജയിച്ചിരുന്നു.

ഒളിംപിക്‌സിലെ ആദ്യ മത്സരത്തിനു മുന്നോടിയായി കനേഡിയന്‍ ടീം സ്റ്റാഫ് പറത്തിയ ഡ്രോണാണ് കാനഡയുടെ ദുരന്ത കഥയിലെ വില്ലന്‍. ന്യൂസിലന്‍ഡ് ടീം പരിശീലിക്കുന്ന മൈതാനത്തിനു മുകളിലാണ് ഡ്രോണെത്തിയത്. പിന്നാലെ കനേഡിയന്‍ ടീം സ്റ്റാഫിനെ ഫ്രഞ്ച് പോലീസ് പിടികൂടി. ഉദ്ഘാടന മത്സരത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടാനിരിക്കെ എത്തിയ ഡ്രോണ്‍ എതിര്‍ ടീമിന്റെ തന്ത്രങ്ങള്‍ മനസിലിക്കാനെന്നാണ് ആരോപണം.

മത്സരത്തില്‍ നിന്നും സ്വമേധയ വിട്ടു നിന്ന ബെവ് പ്രീസ്റ്റ്മാനെ കനേഡിയന്‍ സോക്കര്‍ അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ടീമിലെ വീഡിയോ അനലിസ്റ്റിനെയും സഹപരിശീലകയെയും നാട്ടിലേക്ക് തിരിച്ചയച്ചു. ഇരുവരെയും നേരത്തേ തന്നെ കനേഡിയന്‍ ഒളിമ്പിക് കമ്മിറ്റി പുറത്താക്കിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിയ ഫിഫ ഗുരുതര അച്ചടക്ക ലംഘനമെന്ന് കണ്ടെത്തിയാണ് നടപടി കടുപ്പിച്ചത്. നിലവിലെ ചാമ്പ്യന്‍മാരായ കാനഡ 2012 ലും 16 ലും വെങ്കല മെഡല്‍ ജേതാക്കളായിരുന്നു.

സംഭവം വിവാദമായതോടെ കനേഡിയന്‍ ഒളിമ്പിക് കമ്മിറ്റി നേരത്തേ മാപ്പുപറഞ്ഞിരുന്നു. ന്യൂസീലന്‍ഡ് ഒളിമ്പിക് കമ്മിറ്റി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്കും ഫിഫയ്ക്കും പരാതി നല്‍കിയിരുന്നു. ഇതോടെയാണ് കാനഡ സോക്കര്‍ ഫെഡറേഷനും കുറ്റക്കാരായ അംഗങ്ങള്‍ക്കുമെതിരേ ഫിഫ അച്ചടക്ക നടപടികളിലേക്ക് കടന്നത്.

ജൂലായ് 22-നായിരുന്നു ഇതിന് ആസ്പദമായ സംഭവം. കാനഡ ഫുട്ബോള്‍ ടീമിനൊപ്പമുള്ള സംഘത്തിലെ അംഗമാണ് ഡ്രോണ്‍ പറത്തിയത്. പിന്നാലെ ടീമിന്റെ പരിശീലനരീതിയും തന്ത്രങ്ങളും ചോര്‍ത്താന്‍ വേണ്ടിയാണ് ഡ്രോണ്‍ ക്യാമറ ഉപയോഗിച്ചതെന്ന് ചൂണ്ടിക്കാട്ടി ന്യൂസീലന്‍ഡ് ടീം പരാതി നല്‍കുകയായിരുന്നു.