പാരീസ്: ഒളിംപിക്‌സ് ഹോക്കി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ കരുത്തരായ ബ്രിട്ടനെ നേരിടും. ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള ടീമാണ് ബ്രിട്ടണ്‍. പൂള്‍ ബിയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. പൂള്‍ എയിലെ മൂന്നാം സ്ഥാനക്കാരുമായിട്ടാണ് ബ്രിട്ടണ്‍ ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടിയത്. പൂള്‍ എ ഒന്നാം സ്ഥാനക്കാരായ ജര്‍മനി, പൂള്‍ ബിയില്‍ നാലാം സ്ഥാനക്കാരായ അര്‍ജന്റീനക്കെതിരെ കളിക്കും.

പൂള്‍ എ രണ്ടാം സ്ഥാനക്കാരായ നെതര്‍ലന്‍ഡ്സ് നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയക്കെതിരെ കളിക്കും. പൂള്‍ ബി മൂന്നാം സ്ഥാനക്കാരാണ് ഓസ്ട്രേലിയ. പൂള്‍ ബി ഒന്നാം സ്ഥാനക്കാരായ ബെല്‍ജിയം പൂള്‍ എ നാലാം സ്ഥാനക്കാരായ സ്പെയ്നിനെതിരേയും മത്സരിക്കും. എല്ലാ മത്സരങ്ങളും നാളെയാണ് നടക്കുക. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് ഇന്ത്യയുടെ മത്സരം.

ഗ്രൂപ്പ് ബിയില്‍ ബെല്‍ജിയം - അര്‍ജന്റീന മത്സരം 3-3 സമനിലയില്‍ പിരിഞ്ഞതോടെയാണ് ഇന്ത്യക്ക് രണ്ടാം സ്ഥാനം ഉറപ്പായത്. ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയായപ്പോള്‍ അഞ്ച് മത്സരങ്ങളില്‍ 10 പോയിന്റാണ് ഇന്ത്യക്ക്. മൂന്ന് ജയവും ഓരോ തോല്‍വിയും സമനിലയുമാണ് അക്കൗണ്ടിലുള്ളത്. ഇത്രയും മത്സരങ്ങളില്‍ 13 പോയിന്റുള്ള ബെല്‍ജിയം ഒന്നാമത്. നാല് വിജയം സ്വന്തമാക്കിയപ്പോള്‍ അവസാന മത്സരത്തില്‍ സമനില പാലിക്കേണ്ടിവന്നു. ഒമ്പത് പോയിന്റുള്ള ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തും എട്ട് പോയിന്റുള്ള അര്‍ജന്റീന നാലാം സ്ഥാനത്തുമാണ് അവസാനിപ്പിച്ചത്.

ഗ്രൂപ്പില്‍ ഓസ്ട്രേലിയയെ മറികടന്നത് ഇന്ത്യക്ക് ഗുണം ചെയ്തു. ഓസ്‌ട്രേലിയക്കെതിരെ ചരിത്ര വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 52 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ഹര്‍മന്‍പ്രീത് സിംഗിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യയെ സഹായിച്ചത്. ഒരെണ്ണം അഭിഷേകിന്റെ വകയായിരുന്നു. തോമസ് ക്രെയ്ഗ്, ബ്ലേക്ക് ഗോവേഴ്സ് എന്നിവരാണ് ഓസ്ട്രേലിയയുടെ ഗോളുകള്‍ നേടിയത്.

ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യ രണ്ട് ഗോളിന്റെ ലീഡെടുത്തിരുന്നു. 12-ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. ഒരു കൗണ്ടര്‍ അറ്റാക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. ലളിത് ഉപാധ്യായയുടെ പാസില്‍ നിന്ന് അഭിഷേക് അനായാസം ലക്ഷ്യം കണ്ടു. തൊട്ടടുത്ത മിനിറ്റില്‍ രണ്ടാം ഗോളും പിറന്നു. ഇത്തവണ ഹര്‍മന്‍പ്രീത് പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി മാറ്റി.

എന്നാല്‍ 25-ാം മിനിറ്റില്‍ ഓസ്ട്രേലിയ ഒരു ഗോള്‍ തിരിച്ചടിച്ചു. ഗോവേഴ്സിന്റെ ആദ്യ ശ്രമം മന്‍പ്രീത് പ്രതിരോധിച്ചെങ്കിലും റീ ബൗണ്ടില്‍ ക്രെയ്ഗ് ലക്ഷ്യം കണ്ടു. 32-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് വിജയമുറപ്പിച്ച ഗോള്‍ നേടി. പാരീസ് ഒളിംപിക്സില്‍ താരത്തിന്റെ ആറാം ഗോളായിരുന്നിത്. മത്സരം അവസാനിക്കാന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് ഗോവേഴ്സ് പെനാല്‍റ്റി ഫ്ളിക്കിലൂടെ ഓസീസിന്റെ രണ്ടാം ഗോള്‍ നേടുന്നത്.

അതേ സമയം ഓസ്‌ട്രേലിയയ്ക്കെതിരെ ഇന്ത്യ നേടിയ ഗോള്‍ അനുവദിച്ചില്ല. 3 - 1ന് മുന്നില്‍ നില്‍ക്കെ നേടിയ ഗോളാണ് അനുവദിക്കാതിരുന്നത്. ഈ ഗോള്‍ അനുവദിച്ചിരുന്നെങ്കില്‍ ഇന്ത്യ 4- 1നു മുന്നിലെത്തുമായിരുന്നു.

മത്സരത്തിന്റെ 53ാം മിനിറ്റ്. ഇന്ത്യയ്ക്കു ലഭിച്ച പെനല്‍റ്റി കോര്‍ണറില്‍നിന്ന് അഭിഷേക് ലക്ഷ്യം കണ്ടു. ഗോളെന്നുറപ്പിച്ച് ഗാലറിയില്‍ ആരവം. ഇന്ത്യന്‍ താരങ്ങളുടെ ഗോളാഘോഷം. എന്നാല്‍, ഓസ്‌ട്രേലിയ റിവ്യൂ എടുത്തു. വിഡിയോ അംപയറുടെ പരിശോധനയ്ക്കുശേഷം ഇന്ത്യയുടെ ഗോള്‍ നിഷേധിച്ചു. 'സ്റ്റിക് ചെക്' എന്ന ഫൗളാണ് അംപയര്‍ കണ്ടെത്തിയത്.

ഹോക്കിയില്‍, പന്ത് ടാക്കിള്‍ ചെയ്യാനല്ലാതെ ഒരു താരം മറ്റൊരു താരത്തിന്റെ സ്റ്റിക്കില്‍ സ്വന്തം സ്റ്റിക്ക് മുട്ടിക്കാന്‍ പാടില്ല. അഭിഷേക് ഗോളിലേക്കു ഷോട്ട് പായിക്കുന്നതിനു മുന്‍പ്, പ്രതിരോധത്തില്‍ നിന്നിരുന്ന മന്‍ദീപ് സിങ് ഓസ്‌ട്രേലിയന്‍ താരത്തിന്റെ സ്റ്റിക്കില്‍ തട്ടിയെന്നാണു പരിശോധനയില്‍ അംപയര്‍ കണ്ടെത്തിയത്. അതോടെ, ഫൗള്‍ വിളിച്ചു. ഇന്ത്യയുടെ ഗോള്‍ അനുവദിച്ചതുമില്ല.