മോസ്‌കോ: കോവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് ഫൈവിന്റെ ഒറ്റഡോസ്
വാക്സിൻ വികസിപ്പിച്ച് റഷ്യ. സ്പുട്‌നിക് ലൈറ്റ് എന്നാണ് പുതിയ വാക്‌സിന്റെ പേര്. വാക്സിന് റഷ്യൻ ആരോഗ്യമന്ത്രാലയം അനുമതി നൽകി.

91.6 ശതമാനം ഫലപ്രാപ്തിയുള്ള സ്പുട്‌നിക്കിനെ അപേക്ഷിച്ച് സ്പുട്‌നിക് ലൈറ്റിന് 79.4 ശതമാനം ഫലപ്രാപ്തിയാണുള്ളതെന്ന് വാക്‌സിൻ വികസിപ്പിക്കലിന് സാമ്പത്തിക സഹായം നൽകുന്ന റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് അറിയിച്ചു.

റഷ്യയിൽ 2020 ഡിസംബർ അഞ്ചു മുതൽ 2021 ഏപ്രിൽ 15 വരെ നടന്ന വാക്‌സിനേഷനിൽ സ്പുട്‌നിക് ലൈറ്റ് നൽകിയിരുന്നു. കുത്തിവെപ്പ് നൽകി 28 ദിവസത്തിനു ശേഷം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫലപ്രാപ്തിയെക്കുറിച്ചുള്ള നിഗമനത്തിലെത്തിയത്.

അറുപതിൽ അധികം രാജ്യങ്ങളിൽ ഈ വാക്‌സിൻ ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. അതേസമയം യൂറോപ്യൻ മെഡിസിൻസ് ഏജൻസി(ഇ.എം.എ.)യുടെയും അമേരിക്കയുടെ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷ(എഫ്.ഡി.എ.)യുടെയും അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.