ന്യൂഡൽഹി: റഷ്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സീനായ സ്പുട്നിക് ജൂൺ 15 മുതൽ ഡൽഹിയിൽ ലഭ്യമാകും. കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനമനുസരിച്ച് സ്പുട്‌നിക്കിന് 1145 രൂപയാണു സ്വകാര്യ ആശുപത്രികളിലെ പരമാവധി വില. ആശുപത്രി നിരക്കുകളും നികുതിയും ഉൾപ്പെടെയുള്ള തുകയാണിത്.

തെക്കൻ ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലാണു വാക്‌സീൻ കിട്ടുക. സ്പുട്നിക് വാക്‌സീൻ ഇന്ത്യയിൽ അഞ്ച് ഫാർമ സ്ഥാപനങ്ങളാണു നിർമ്മിക്കുന്നത്. പ്രതിവർഷം 850 ദശലക്ഷം ഡോസുകൾ ഉൽപാദിപ്പിക്കും. ഡോ. റെഡ്ഡീസ് നിർമ്മിച്ച സ്പുട്‌നിക്കിന് 91.6 ശതമാനം ഫലപ്രാപ്തി ഉണ്ടെന്നാണു പഠനങ്ങൾ പറയുന്നത്.

കോവിഡിന്റെ രണ്ടാംതരംഗത്തിൽ, രാജ്യം കടുത്ത വാക്‌സീൻ ക്ഷാമം അനുഭവിക്കവെയാണു സ്പുട്‌നിക്കിന്റെ പ്രഖ്യാപനം. ക്ഷാമം കാരണം പല സംസ്ഥാനങ്ങൾക്കും വാക്‌സീൻ കേന്ദ്രങ്ങൾ പൂട്ടേണ്ടി വന്നതോടെ അൺലോക്ക് പ്രക്രിയ വൈകുകയാണ്.

ഇതുവരെ, രാജ്യത്തിന്റെ ജനസംഖ്യയുടെ 3 ശതമാനത്തിനു മാത്രമേ വാക്‌സിനേഷൻ നടത്താൻ കഴിഞ്ഞിട്ടുള്ളൂ എന്നാണു കണക്ക്. 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ജൂൺ 21 മുതൽ സൗജന്യമായി വാക്‌സീൻ നൽകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

മോഡേണ, ഫൈസർ വാക്‌സീനുകളുമായി ചേർന്നു പോകുന്ന കണക്കാണിത്. ഇന്ത്യയിൽ മൂന്നാംഘട്ട പരീക്ഷണം നടക്കുന്ന വാക്‌സീന് അടിയന്തര ഉപയോഗാനുമതി നൽകണമെന്നു ഡോ. റെഡ്ഡീസ് ഫെബ്രുവരിയിൽ അപേക്ഷിച്ചിരുന്നു.