ന്യൂഡൽഹി: മിസോറാം ഗവർണ്ണർ ശ്രീധരൻപിള്ളയെ മുൻ നിർത്തി കേരളത്തിലെ ക്രൈസ്തവ മനസ്സ് പിടിക്കാൻ ബിജെപി കേരളത്തിലെ സഭാതർക്കത്തിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും സഭാതർക്കവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ധരിപ്പിച്ചതായും മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രധാനമന്ത്രിയെ മിസോറാം ഗവർണ്ണർ കണ്ടതിന് പിന്നിൽ രാഷ്ട്രീയവുമുണ്ട്. സഭാ തർക്കത്തിനൊപ്പം കേരളത്തിലെ ബിജെപിയുടെ പ്രശ്‌നങ്ങളും മോദിയെ പിള്ള ധരിപ്പിച്ചതായാണ് സൂചന.

സഭാതർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും പിഎസ് ശ്രീധരൻ പിള്ള കൂടിക്കാഴ്ച നടത്തും. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങൾ അമിത് ഷായെ ധരിപ്പിക്കുകയെന്ന ലക്ഷ്യവും പിള്ളയ്ക്കുണ്ടെന്നാണ് സൂചന. കേരളത്തിലെ നേതാക്കൾ ഒരുമിച്ച് പോയില്ലെങ്കിൽ നിയമസഭയിൽ നേട്ടമുണ്ടാകില്ലെന്ന് അമിത് ഷായെ പിള്ള അറിയിക്കും എന്നാണ് സൂചന. ശോഭാ സുരേന്ദ്രനും പികെ കൃഷ്ണദാസും ഉയർത്തുന്ന വിഷയങ്ങളും ധരിപ്പിക്കും. ഫലത്തിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരേയുള്ള നിലപാട് വിശദീകരണമാകും അത്. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മതിയായ നേട്ടം ബിജെപി നേടിയില്ലെന്ന വിലയിരുത്തൽ സജീവമാണ്.

സഭാ തർക്കത്തിൽ ഇടപെട്ടാൽ അതിന്റെ ഗുണം കിട്ടുമെന്ന വിലയിരുത്തലാണ് പിള്ളയ്ക്കുള്ളത്. ഈ സാഹചര്യത്തിലാണ് ക്രൈസ്തവ സഭയ്ക്കുള്ള പ്രശ്‌ന പരിഹാരത്തിൽ മധ്യസ്ഥനായി പിള്ള മാറുന്നത്. എല്ലാ സഭകളുമായും പിള്ളയ്ക്ക് നല്ല ബന്ധമുണ്ട്. ഇത് നേട്ടമായി മാറുമോ എന്നാണ് ബിജെപിയും പരീക്ഷിക്കുന്നത്. സഭകൾ ബിജെപിയുമായി അടുത്താൽ പിള്ളയുടെ വാക്കുകൾക്ക് ബിജെപി കേന്ദ്ര നേതൃത്വം കൂടുതൽ പരിഗണന നൽകും. കേരളത്തിൽ ക്രൈസ്തവരെ അടുപ്പിച്ചുള്ള മുന്നേറ്റമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിലാണ് പിള്ളയും മോദിയുമായുള്ള കൂടിക്കാഴ്ചയുടെ പ്രസക്തി കൂടുന്നതും.

'സഭതർക്കത്തിന്റെ എല്ലാ വിശദാംശങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചു. തർക്കമുള്ള രണ്ട് സഭാനേതൃത്വങ്ങൾ ഉന്നയിച്ച പരാതികൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. സംസ്ഥാനത്ത് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് സഹായങ്ങൾ ലഭിക്കുന്നതിന് വിവേചനം നേരിടുന്നുണ്ടെന്ന് സഭാ നേതൃത്വം പരാതിയിൽ പറയുന്നു. 80:20 എന്ന രീതിയിലാണ് ഇപ്പോൾ ലഭിക്കുന്നത്. ഇത് വിവേചനപരമാണ്. ഈ വിഷയം പ്രധാനമന്ത്രിയെ അറിയിച്ചു'. വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പിഎസ് ശ്രീധരൻ പിള്ള അറിയിച്ചു. ക്രിസ്മസിന് ശേഷം പ്രശ്നത്തിൽ പരിഹാരം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ സഭാതർക്കത്തിൽ നീതിപൂർവമായ പരിഹാരം ഉണ്ടാവണമെന്നും സഭാതർക്കത്തിൽ പ്രധാനമന്ത്രി ഇടപെടുമെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും യാക്കോബായ സഭയുടെ ജോസഫ് മാർ ഗ്രിഗോറിയോസ് പ്രതികരിച്ചു. നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഇടപെടലുകളെ ഓർത്തഡോക്സ് സഭ സ്വാഗതം ചെയ്യുന്നുവെന്ന് ഓർത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ പ്രതികരിച്ചു. നിയമത്തേയും സുപ്രീം കോടതിയേയും ഓർത്തഡോക്സ് സഭ ബഹുമാനിക്കുന്നു. സഭാതർക്കത്തിൽ ശാശ്വത പരിഹാരം ഉണ്ടാവാനായി നിയമനുസൃതമായ എല്ലാ ഇടപെടലുകളേയും പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവർണർ പദവി വലിച്ചെറിഞ്ഞ് കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനില്ലെന്ന് മിസോറാം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള നേരത്തെ പറഞ്ഞിരുന്നു. അങ്ങനെ കുട്ടിക്കളി പോലെ വലിച്ചെറിയേണ്ടതല്ല ഗവർണർ പദവിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ക്രൈസ്തവ സഭകളെക്കുറിച്ച് എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെയായിരുന്നു ഇക്കാര്യം പറഞ്ഞത്. കുമ്മനം രാജശേഖരൻ ഗവർണർ പദവി രാജിവെച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ആ ഒഴിവിലാണ് പി.എസ്. ശ്രീധരൻ പിള്ള ഗവർണറായത്.

ന്യൂനപക്ഷ വിദ്യാഭ്യാസത്തിനുള്ള വിഹിതത്തിൽ ക്രൈസ്തവരോട് അനീതിയുണ്ടെങ്കിൽ പരിഹരിക്കുമെന്നാണ് പിള്ള പറയുന്നത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായുള്ള കൂടിക്കാഴ്ചയും കേരള യാത്രയ്ക്കിടെ നടത്തിയിരുന്നു. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസത്തിനു കേന്ദ്രസർക്കാർ നൽകുന്ന വിഹിതം കുറഞ്ഞതു കർദിനാൾ നേരത്തേ ശ്രദ്ധയിൽപെടുത്തിയിരുന്നു.

ക്രൈസ്തവ സഭയിലെ പെൺകുട്ടികൾ ഐഎസ് സ്വാധീനത്തിൽപെടുന്നതിനെക്കുറിച്ചു കർദിനാൾ ആശങ്ക അറിയിച്ചെന്നും എന്നാൽ ഇക്കാര്യം കേരള സർക്കാർ വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞിരുന്നു.