തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ യു.ഡി.എഫിന്റെ നേതൃത്വം ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ഏറ്റെടുക്കുകയാണോ എന്ന സംശയമാണുയരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ മാസം നടത്തിയ പ്രസ്താവന വലിയ ചർച്ചാവിഷയമായിരുന്നു. കേരളത്തിലെ കോൺഗ്രസിനെക്കൊണ്ട് മതവർഗ്ഗീയ കക്ഷികളുമായുള്ള സഖ്യത്തെ അംഗീകരിപ്പിക്കാൻ ലീഗിന് കഴിഞ്ഞു എന്നാണ് ലീഗിന്റെയും കോൺഗ്രസിന്റെയും പരസ്യ പ്രസ്താവനകളിൽ നിന്ന് വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഏറ്റവുമൊടുവിൽ യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരത്തിന്റെ പ്രസ്താവനയും വിവാദമാവുകയാണ്. 'ഈ കേരളത്തിലെ ഏറ്റവും വലിയ വർഗീയ സംഘടന, ഏറ്റവും വലിയ കലാപം ഉണ്ടാക്കാൻ വരെ ഗൂഢാലോചന നടത്തുന്ന, ഏറ്റവും വലിയ തീവ്രവാദ സ്വഭാവമുള്ള ഒരു സംഘടനയാണ് സുഡാപ്പി'..എന്നായിരുന്നു ചാനൽ ചർച്ചയിലെ നജീബ് കാന്തപുരത്തിന്റെ പ്രസ്താവന. പിണറായി വിജയന്റെ പ്രസ്താവനയുടെ അപകടത്തെക്കാൾ പതിന്മടങ്ങാഴത്തിലാണ് മുസ്ലിം ലീഗ് എസ് ഡി പിഐ യെ ചൂണ്ടി മുസ്ലിം വിരുദ്ധ പൊതുബോധത്തെ ആളിക്കത്തിക്കുന്നതെന്ന് വിമർശിക്കുന്നു ശ്രീജ നെയ്യാറ്റിൻകര തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ.

ശ്രീജ നെയ്യാറ്റിൻകരയുടെ പോസ്റ്റ് ഇങ്ങനെ:

'ഈ കേരളത്തിലെ ഏറ്റവും വലിയ വർഗീയ സംഘടന, ഏറ്റവും വലിയ കലാപം ഉണ്ടാക്കാൻ വരെ ഗൂഢാലോചന നടത്തുന്ന, ഏറ്റവും വലിയ തീവ്രവാദ സ്വഭാവമുള്ള ഒരു സംഘടനയാണ് സുഡാപ്പി'.... ഇത് വായിക്കുമ്പോൾ നിങ്ങൾ കരുതുക ഇത് പറഞ്ഞത് ഏതോ സംഘി ആകും എന്നല്ലേ..... എങ്കിലല്ല മുസ്ലിം യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരം ഇന്നലെ രാത്രിയിൽ മാതൃഭൂമി ചാനലിലെ ചർച്ചയ്ക്കിടയിൽ പറഞ്ഞതാണ്.

അഥവാ യൂത്ത് ലീഗിന് ആർ എസ് എസിനേക്കാൾ വലിയ വർഗീയ സംഘടനയാണ് എസ് ഡി പി ഐ എന്ന് സാരം....

അത്യന്തം അപകടകരമായ പ്രസ്താവന ഒരു ലീഗ് നേതാവിന് മുസ്ലിം ഭൂരിപക്ഷമുള്ള ഒരു രാഷ്ട്രീയ പാർട്ടിയെ കുറിച്ച് നടത്താൻ കഴിയുന്നത് ഹിന്ദുത്വ പൊതുബോധത്തിൽ അയാൾക്ക് വലിയ പ്രതീക്ഷയുള്ളതുകൊണ്ട് തന്നല്ലേ.....

ആരോപിക്കപ്പെടുന്ന സി പി എം - എസ് ഡി പി ഐ ബന്ധത്തെ പ്രശ്‌നവൽക്കരിക്കാൻ വേണ്ടിയാണ് അയാൾ ഇത്രയും ക്രൂരമായ ഒരു സ്റ്റേറ്റ്‌മെന്റ് നടത്തിയത് ....

യു ഡി എഫിന്റെ നിയന്ത്രണം മുസ്ലിം ലീഗിനാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയുടെ അപകടത്തെ ചൂണ്ടിക്കാട്ടിയൊരുവളാണ് ഞാൻ... എന്നാൽ അതിനേക്കാൾ പതിന്മടങ്ങാഴത്തിലാണ് മുസ്ലിം ലീഗ് എസ് ഡി പിഐ യെ ചൂണ്ടി മുസ്ലിം വിരുദ്ധ പൊതുബോധത്തെ ആളിക്കത്തിക്കുന്നത്.... ഈ അപകട രാഷ്ട്രീയത്തിൽ നിന്ന് ലീഗ് പിന്മാറിയില്ലെങ്കിൽ അപകടം ലീഗിന് മാത്രമല്ല മുസ്ലിം സമൂഹത്തിന് മൊത്തമായിരിക്കും ... ഹിന്ദുത്വ പൊതുബോധത്തിന് വേണ്ട മുസ്ലിം വിരുദ്ധത അതാത് സമയങ്ങളിൽ സംഭാവന ചെയ്ത ചരിത്രമുണ്ട് മുസ്ലിം ലീഗിന്... അത് തന്നെയാണ് ഈ അതി നിർണ്ണായക രാഷ്ട്രീയ സാഹചര്യത്തിലും
ആവർത്തിക്കുന്നതെങ്കിൽ ഫലം സർവ്വ നാശം ആയിരിക്കും..