തിരുവനന്തപുരം: കേരളത്തിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചിട്ടും നിപ കേസുകൾ അടക്കം പരിശോധിക്കാൻ പൂണെയിലെ ലാബിൽ അയക്കുന്ന സംസ്ഥാന സർക്കാറിനെ വിമർശിച്ച് ശ്രീജിത്ത് പണിക്കർ. കേരളത്തിൽ ആലപ്പുഴയിലും തിരുവനന്തപുരത്തും ടെസ്റ്റ് ചെയ്ത് നിപ്പ സ്ഥിരീകരിക്കേണ്ടതാണ്. എന്തുകൊണ്ട് അത് നാം ചെയ്യുന്നില്ലെന്്‌നാണ് ശ്രീജിത്ത് ചോദിക്കുന്നത്. ആലപ്പുഴ ലാബിൽ സ്ഥിരീകരിക്കാമെന്നുള്ള തീരുമാനവും തിരുവനന്തപുരം ലാബിന്റെ ഉദ്ഘാടനവുമൊക്കെ പിന്നീട് വന്നതാണല്ലോ. തന്നെയുമല്ല ആ റിപ്പോർട്ടിൽ തന്നെ ലാബുകൾക്ക് ഉണ്ടാകേണ്ട സൗകര്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്.

എന്തുകൊണ്ട് മേല്പറഞ്ഞ മാനദണ്ഡങ്ങൾ പ്രകാരം കേരളത്തിൽ നിപ്പ സ്ഥിരീകരിക്കുന്നില്ല? രോഗം സ്ഥിരീകരിച്ച ശേഷവും സാമ്പിളുകൾ പൂണെയിലെ ലാബിൽ തന്നെ അയയ്ക്കുന്നത് എന്തിനാണ്? തിരുവനന്തപുരം ലാബിന് ലെവൽ 3 സൗകര്യങ്ങൾ ഇല്ലേ? ഇവിടെ ലെവൽ 4 സൗകര്യങ്ങൾ എന്നുവരും? രോഗസ്ഥിരീകരണത്തിലെ കാലതാമസത്തിന് ആരാണ് ഉത്തരവാദി? തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ചാണ് പണിക്കരുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:


നിപ്പ ആര് സ്ഥിരീകരിക്കണം?
2019ൽ ദി ന്യൂസ് മിനിറ്റ് എന്ന പോർട്ടൽ പ്രസിദ്ധീകരിച്ച ഒരു വാർത്തയെ ഉദ്ധരിച്ച് ചിലർ പറയുന്നത് കേരളത്തിൽ നിപ്പ സ്ഥിരീകരിക്കാൻ കഴിയില്ലെന്നാണ്. അങ്ങനെയാണോ കാര്യങ്ങൾ?
അതിലേക്ക് വരുന്നതിനു മുൻപ് 2019 മുതൽ കേരളം എന്തുചെയ്തു എന്നു നോക്കാം.
[1] തിരുവനന്തപുരത്ത് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒന്നാം ഘട്ടം 2019 ഫെബ്രുവരിയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അന്ന് പ്രസംഗിച്ച ഡെപ്യൂട്ടി സ്പീക്കർ വി ശശി പറഞ്ഞത് ഒരു വർഷത്തിനകം രണ്ടാം ഘട്ടം പൂർത്തിയാക്കാനാണ് ശ്രമമെന്നാണ്. [https://www.youtube.com/watch?v=XFig8GjbOv0 (1:18 മുതൽ 1:43 വരെ)]
[2] പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്തിറക്കിയ പിആർ പ്രകാരം ഒന്നാം ഘട്ടത്തിൽ ബയോ സേഫ്റ്റി ലെവൽ 3 സൗകര്യങ്ങളാണ് ലാബിന് ഉള്ളത്. രണ്ടാം ഘട്ടത്തിൽ ഇത് ലെവൽ 4ലേക്ക് ഉയർത്തും. അതായത് 2019 ഫെബ്രുവരിയിൽ ലെവൽ 3 ഉണ്ട്. ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞതു പ്രകാരം 2020 ഫെബ്രുവരിയോടെ ലെവൽ 4 ആവണം. [https://www.prd.kerala.gov.in/node/38068]
[3] കോവിഡ് കാരണം ഇക്കാര്യത്തിൽ സർക്കാരിന്റെ ശ്രദ്ധക്കുറവ് ഉണ്ടായെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ രണ്ടാംഘട്ടം പൂർത്തിയാകുമെന്ന് ഉദ്ഘാടന ചടങ്ങിൽ പറഞ്ഞ സമയം 2020 ഫെബ്രുവരി ആയിരുന്നു. കേരളത്തിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് 2020 ജനുവരി 30നും. അന്ന് രണ്ടാഴ്ച കൂടി കിട്ടിയിരുന്നെങ്കിൽ എന്തായാലും രണ്ടാം ഘട്ടം പൂർത്തിയാകുമായിരുന്നു എന്നാരും പറയില്ലല്ലോ. [https://www.youtube.com/watch?v=NAem4BSUOEE (1:40 മുതൽ 2:03 വരെ)]
ഇനി കേന്ദ്രസർക്കാർ പറയുന്നത് എന്തെന്ന് നോക്കാം.
[4] നാഷണൽ ഡിസീസ് കൺട്രോൾ സെൽ നിഷ്‌കർഷിക്കുന്നത് നിപ്പ സ്ഥിരീകരണത്തിന് മൂന്ന് ടെസ്റ്റുകളാണ്. ഇതിൽ ഏതെങ്കിലും ടെസ്റ്റ് ചെയ്താൽ മതിയാകും എന്നാണ്. ഇതിൽ പറയുന്ന രണ്ടു ടെസ്റ്റുകൾ ചെയ്യാൻ ലാബിന് ബയോ സേഫ്റ്റി ലെവൽ 2 അല്ലെങ്കിൽ 3 സൗകര്യമാണ് വേണ്ടത്. ഒരു ടെസ്റ്റിന് ലെവൽ 4 സൗകര്യം വേണം. അതായത് ലെവൽ 3 സൗകര്യമുള്ള തിരുവനന്തപുരത്ത് രണ്ടുതരം ടെസ്റ്റുകളെങ്കിലും ചെയ്ത് രോഗം സ്ഥിരീകരിക്കാൻ കഴിയണം. [https://ncdc.gov.in/showfile.php?lid=240]
[5] പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ടെസ്റ്റുകൾ നടത്തുന്നതിനെ കുറിച്ച് നാഷണൽ ഡിസീസ് കൺട്രോൾ സെൽ പറയുന്നത് ഇത്രമാത്രമാണ്. വൈറൽ ആർഎൻഎ മോളിക്കുലാർ ഡിറ്റക്ഷൻ, എലിസ ടെസ്റ്റ് വഴിയുള്ള ഐജിഎം ആന്റിബോഡി ഡിറ്റക്ഷൻ എന്നിവ വഴി നിപ്പ സ്ഥിരീകരിക്കുന്ന പൊതുമേഖലയിലെ സ്ഥാപനം നിലവിൽ പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആണ്. 'പൊതുമേഖലയിലെ നിലവിലെ സ്ഥാപനം' എന്നത് 2018ലെ വിവരമാണ്. തിരുവനന്തപുരത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്യപ്പെടുന്നത് 2019 ഫെബ്രുവരിയിൽ ആണെന്നോർക്കണം. [https://ncdc.gov.in/showfile.php?lid=233]
ഇനി കേരളസർക്കാർ പറയുന്നത് എന്തെന്ന് നോക്കാം.
[6] എങ്ങനെ നിപ്പ സ്ഥിരീകരിക്കാമെന്നും ചികിത്സിക്കാമെന്നുമുള്ള മാനദണ്ഡങ്ങൾ സംസ്ഥാന ആരോഗ്യവകുപ്പ് കഴിഞ്ഞ വർഷം പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ രോഗസ്ഥിരീകരണത്തെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. 14ആം പേജിൽ പറയുന്നു, സാമ്പിളുകൾ പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലോ, ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലോ അയയ്ക്കാമെന്ന്. അതായത് ആലപ്പുഴ ലാബിൽ സ്ഥിരീകരണം നടത്താം. ഈ പേജിൽ മോശം ഇംഗ്ലീഷിലാണ് കാര്യങ്ങൾ എഴുതിയിരിക്കുന്നത്. [https://health.kerala.gov.in/.../NIPAH_Virus_Infection...]
അതുകൊണ്ട് ഞാൻ വീണ്ടും കേന്ദ്രസർക്കാർ പറയുന്നത് എന്തെന്ന് നോക്കി.
[7] കേന്ദ്രസർക്കാരിന്റെ ദേശീയ ആരോഗ്യ പോർട്ടലിൽ നിപ്പയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ വിശദീകരിക്കുന്നുണ്ട്. നാഷണൽ ഡിസീസ് കൺട്രോൾ സെൽ നിർദ്ദേശങ്ങളും ലോകാരോഗ്യ സംഘടനയുടെ ബുള്ളറ്റിനുകളും അടിസ്ഥാനപ്പെടുത്തി കേരളത്തിലെ ആരോഗ്യവകുപ്പ് തയ്യാറാക്കിയ മാനദണ്ഡങ്ങളാണ് ഇവ. തയ്യാറാക്കിയിരിക്കുന്നത് 2019 ജൂണിൽ. ഇതിന്റെ രണ്ടാം പേജിൽ പറയുന്നുണ്ട് രോഗസ്ഥിരീകരണം നടത്തേണ്ടത് എങ്ങനെയെന്ന്. സ്ഥിരീകരണത്തിനുള്ള കേരളത്തിലെ സ്ഥാപനം ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആണെന്ന് ഇതിൽ വ്യക്തമായി പറയുന്നുണ്ട്. 2019 ജൂൺ 3 മുതൽ പുതിയ തിരുത്തലുകൾ ഉണ്ടാകുന്നതുവരെ ഈ മാനദണ്ഡങ്ങളാണ് കേരളത്തിൽ പാലിക്കേണ്ടത് എന്ന് ഇതിന്റെ ആറാം പേജിൽ പറയുന്നു. [https://www.nhp.gov.in/NHPfiles/adph_06062019.pdf]
വീണ്ടും ദി ന്യൂസ് മിനിറ്റ് വാർത്തയിലേക്ക്.
മേല്പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ ആലപ്പുഴയിലും തിരുവനന്തപുരത്തും ടെസ്റ്റ് ചെയ്ത് നിപ്പ സ്ഥിരീകരിക്കേണ്ടതാണ്. എന്തുകൊണ്ട് അത് നാം ചെയ്യുന്നില്ല? 2019ലെ ദി ന്യൂസ് മിനിറ്റ് വാർത്ത അതുവരെയുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ളതാണെന്ന് വ്യക്തം. ആലപ്പുഴ ലാബിൽ സ്ഥിരീകരിക്കാമെന്നുള്ള തീരുമാനവും തിരുവനന്തപുരം ലാബിന്റെ ഉദ്ഘാടനവുമൊക്കെ പിന്നീട് വന്നതാണല്ലോ. തന്നെയുമല്ല ആ റിപ്പോർട്ടിൽ തന്നെ ലാബുകൾക്ക് ഉണ്ടാകേണ്ട സൗകര്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്.

ചോദ്യങ്ങൾ ഇവയാണ്:

എന്തുകൊണ്ട് മേല്പറഞ്ഞ മാനദണ്ഡങ്ങൾ പ്രകാരം കേരളത്തിൽ നിപ്പ സ്ഥിരീകരിക്കുന്നില്ല? രോഗം സ്ഥിരീകരിച്ച ശേഷവും സാമ്പിളുകൾ പൂണെയിലെ ലാബിൽ തന്നെ അയയ്ക്കുന്നത് എന്തിനാണ്? തിരുവനന്തപുരം ലാബിന് ലെവൽ 3 സൗകര്യങ്ങൾ ഇല്ലേ? ഇവിടെ ലെവൽ 4 സൗകര്യങ്ങൾ എന്നുവരും? രോഗസ്ഥിരീകരണത്തിലെ കാലതാമസത്തിന് ആരാണ് ഉത്തരവാദി? സ്ഥിരീകരണം പൂണെയിൽ നിന്ന് മാത്രമേ പറ്റൂ എന്ന വാദത്തിന്റെ അടിസ്ഥാനം എന്താണ്? അങ്ങനെയെങ്കിൽ കേരളത്തിൽ സ്ഥിരീകരണം നടത്താമെന്ന മേല്പറഞ്ഞ രേഖകളുടെ അർത്ഥമെന്താണ്? അറിയാനുള്ള അവകാശം സാധാരണക്കാർക്കുണ്ട്.