കൊച്ചി: മീശമാധവനിലെ എഎസ്ഐ നമ്പൂരിച്ചനേ പൊലെ മുണ്ട് പൊക്കികാണിച്ചാൽ ഇവിടെ കേസ് എടുക്കാൻ പറ്റില്ല പിള്ളേച്ചാ എന്ന് പറഞ്ഞ് ഭഗീരഥൻപിള്ളയെ നിരാശനാക്കിയത് പോലെ ഇത്തവണ പൊലീസ് ശ്രീജിത്ത് രവിയെ രക്ഷിക്കില്ല. മലയാള സിനിമ എന്ന മാടമ്പള്ളിതറവാട്ടിലെ യഥാർത്ഥ ഞരമ്പ് രോഗി പൊതുവഴിയിൽ വീണ്ടും തുണി ഉരിയുമ്പോൾ ന്യായീകരണം നിരത്താൻ സിനിമാക്കാരോ പഴുതുകൾ തുറന്ന് വെച്ച് ഊരിപോരാൻ വഴി ഒരുക്കി കേരളാ പൊലീസോ ഇത്തവണ കൂടെ ഉണ്ടാവില്ല.

രണ്ടാം തവണയും ഒരാൾ തന്നെ അതേ ആരോപണം നേരിടുമ്പോൾ അരിയാഹാരം കഴിക്കുന്നവരാരും തലച്ചോറ് പണയം വെച്ച് വാദങ്ങൾ നിരത്തി ആരോപിതനെ ന്യായികരിക്കില്ല എന്ന സാമന്യയുക്തി തന്നെയാണ് ശ്രീജിത്ത് രവി എന്ന സിനിമാക്കാരന് ഇത്തവണ കുരുക്കാവുന്നതും ഒറ്റപ്പെടെണ്ടി വരുന്നതും. 2016 ൽ സമാനമായ സംഭവം ഉണ്ടായപ്പോൾ എങ്ങനെ സഹായിച്ചോ അത്രയും അളവിൽ തന്നെ എതിരായി ശ്രീജിത്ത് രവിയെ ഇത്തവണ പൂട്ടും. താരസംഘടനയായ അമ്മ എന്തു നടപടി എടുക്കുമെന്നതും നിർണ്ണായകമാണ്. അച്ഛൻ റ്റിജി രവിയുടെ വഴിയേ സിനിമയിലെത്തിയ മകനാണ് ശ്രീജിത്ത് രവി.

എഴുപത് എൺപത് കാലഘട്ടങ്ങളിൽ റ്റി.ജി രവി എന്ന നാമം മലയാളസിനിമയ്ക്ക് ഒഴിച്ച് കൂടാൻ വയ്യാത്തതായിരുന്നു. മമ്മൂട്ടി മോഹൻലാൽ എന്ന ഗോളങ്ങൾക്ക് ചുറ്റും മലയാളസിനിമ കറങ്ങുന്നതിന് മുൻപ് തന്റെ കസേര ഉറപ്പിച്ച ആളാണ് റ്റി.ജി രവി. കണ്ണ് ചുവപ്പിച്ച് മീശപീരിച്ച് നായകന്മാരോട് ഇഞ്ചോടിഞ്ച് ഇടിച്ച് നിൽക്കുന്ന വില്ലൻ മാത്രമായിരുന്നില്ല രവി. അതിഭാവകത്വമില്ലാത്ത മികച്ച സ്വഭാവറോളുകളും റ്റി.ജിയിൽ ഭദ്രമായിരുന്നു. സ്വയസിദ്ധമായ ശൈലി സംഭാഷണങ്ങൾ പറയുന്ന ഈ തൃശ്ശുരൂകാരൻ അര നൂറ്റാണ്ടാണ് മലയാള സിനിമയിൽ വിലസിയത്.

1974 ൽ ജി.അരവിന്ദന്റെ ഉത്തരായണത്തിൽ അരങ്ങേറ്റം കുറിച്ച റ്റി.ജി രവി എന്ന കലാകാരൻ 2022 ൽ പുറത്തിറങ്ങിയ പട എന്ന ചിത്രത്തിൽ എത്തി നിൽക്കുമ്പോൾ 174 ചിത്രങ്ങളിലാണ് വലുതും ചെറുതുമായ വേഷങ്ങളിൽ പകർന്നാട്ടം നടത്തിയത്. ഏതാനും സിനിമകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട് റ്റി.ജി രവി. 2005 ൽ ഹരിഹരന്റെ മയൂഖത്തിൽ തുടങ്ങി 2022 ലെ ഹിറ്റ് ചിത്രമായ ജോ ആൻഡ് ജോയിൽ എത്തി നിൽക്കുമ്പോൾ 105 ചിത്രങ്ങളിലാണ് ശ്രീജിത്ത് രവി അഭിനയിച്ചിട്ടുള്ളത്. എണ്ണം പറഞ്ഞ സംവിധായകനായ ഹരിഹരന്റെ മുന്നിൽ തുടക്കം കുറിക്കാൻ കഴിയുക എന്നത് മലയാള സിനിമയേ സംബന്ധിച്ച് നിസാരകാര്യമല്ല.

തുടക്കത്തിന്റെ മൈലേജ് നിലനിർത്താൻ ആയില്ലെങ്കിലും സിനിമയിൽ സജീവമായിരുന്നു ശ്രീജിത്ത് . 48 വർഷങ്ങൾ കൊണ്ട് അച്ഛൻ 174 ചിത്രങ്ങളിലാണ് അഭിനയിച്ചത് എങ്കിൽ 17 വർഷം കൊണ്ട് ശ്രീജിത്ത് നൂറിലധികം സിനിമകൾ ചെയ്തു. ആദ്യ കാലങ്ങളിൽ മൂന്നാംകിട ചിത്രങ്ങളിൽ വില്ലൻ വേഷം ചെയ്ത് വെറുപ്പിച്ചു എങ്കിലും പ്രതിഭയുടെ മിന്നലാട്ടങ്ങൾ വെളിവാകുന്നതും പ്രേക്ഷകർക്ക് ഇഷ്ടപെടുന്നതുമായ വേഷങ്ങൾ ഇയാൾക്ക് ലഭിച്ചിട്ടുണ്ട്.

തലപ്പാവിലെ മകൻ, പുണ്യാളൻ അഗർബത്തീസിലെ പെട്ടിഓട്ടോഡ്രൈവർ അഭയൻ, ഇയ്യോബിന്റെ പുസ്തകത്തിലെ വിപ്ലവകാരി എന്നിങ്ങനെ കുറേ നല്ല കഥാപാത്രങ്ങൾ ചെയ്തിട്ട് ഉണ്ട് എങ്കിലും റ്റി.ജി രവിയുടെ മകന്റെ കഴിവിനേ പൂർണ്ണമായും ചൂക്ഷണം ചെയ്യുന്ന ആദ്യാവസാനമുള്ള ഒരു കഥാപാത്രം ശ്രീജിത്തിന് ലഭിച്ചിട്ടില്ല. എന്നാലും മലയാളിക്ക് പരിചിതമായ, ഇഷ്ടമുള്ള മുഖം തന്നെയാണ് ശ്രീജിത്ത് രവിയുടെത്.

2016 ൽ ശ്രീജിത്ത് രവിക്ക് എതിരേ ലക്കിടിയിലെ വിദ്യാർത്ഥികൾ ഇതേ ആരോപണം ഉയർത്തി കേസ് കൊടുത്തപ്പോൾ സിനിമാപ്രവർത്തകരും പൊലീസും ഏറക്കുറേ പൊതുസമൂഹവും ശ്രീജിത്തിന് അനുകൂലമായിരുന്നു. സിനിമയക്ക് പുറത്തുള്ള ഇയാളുടെ പെരുമാറ്റം, സംസാരരീതി എന്നിവ ഒക്കെ കൊണ്ടാണ് അത് എന്നാണ് ഇയാളോട് അടുപ്പമുള്ള സിനിമാവൃന്ദങ്ങളിൽ നിന്നും ഇപ്പോൾ അറിയാൻ കഴിയുന്നത്.

ഇത്ര സൗമ്യനായ ഒരാൾ ഇങ്ങനെ ചെയ്യുമോ എന്നാണ് അന്ന് സിനിമാമേഖല ആകെ ചോദിച്ചത് അവർക്ക് പരിചയമുള്ള ശ്രീജിത്ത് രവി അങ്ങനെ ചെയ്യില്ല എന്ന് വരെ പല പ്രമുഖരും പരസ്യമായി പറഞ്ഞ് ഇയാൾക്ക് പിൻതുണ നൽകിയിരുന്നു. എന്നാൽ ഇത്തവണ പരാതി ആവർത്തിക്കുകയും പൊലീസ് ബുദ്ധിപൂർവ്വം തെളിവുകൾ ശേഖരിക്കുകയും ചെയ്ത സാഹചര്യത്തിൽ ശ്രീജിത്തിനെ പിൻതുണയ്ക്കാനും ജ്യാമ്യത്തിന് ശ്രമിക്കാനും പ്രമുഖർ ഇറങ്ങുകയില്ല.

അറസ്റ്റ് ചെയ്യാൻ വന്ന പൊലീസിനോട് ശ്രീജിത്ത് താൻ ഒരു രോഗിയാണ് മരുന്ന് കഴിക്കുണ്ട് എന്നാണ് പറഞ്ഞതും. ശാസ്ത്രീയമായി രോഗം തെളിയിക്കാതെ എന്തായാലും ശ്രീജിത്തിന് ഇതിൽ നിന്നും ഊരാൻ പറ്റില്ലെന്നാണ് നിയമവിദഗ്ദർ പറയുന്നത്. ശ്രീജിത്തിന് രോഗമാണ് എങ്കിൽ അത് സഹിക്കേണ്ട ബാധ്യത സമൂഹത്തിന്റെത് അല്ല. റോഡിൽ കൂടി പോകുന്ന കൊച്ച്കുട്ടികൾക്ക് ഒട്ടുമില്ല. അതുകൊണ്ട് രോഗമാണ് എന്നവകാശപ്പെട്ട് ഇയാൾക്ക് ന്യായികരിച്ച് അങ്ങനെ നൈസായി ഊരി പോകാൻ ആവില്ല.

അസുഖമാണെങ്കിൽ ചികിത്സിക്കണം. രോഗം മാറും വരെ വീട്ടിലിരിക്കണം. ഇത്തരം രോഗമുള്ളവരേ സഹിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യത അല്ല എന്ന രീതിയിൽ പക്വമായതും കണിശതയ്യാർന്നതുമായ കമന്റുകളുമായും ശ്രീജിത്ത് രവിയുടെ പൂർവ്വപിതാമഹന്മാരേയും ഭരണകർത്താക്കളേയും തെറിവിളിച്ച് കൊണ്ടുള്ളതുമായ കമന്റുകളുമായും സോഷ്യൽ മീഡിയ ആറാടുകയാണ് ഈ വിഷയത്തിൽ.