തിരുവനന്തപുരം: കെ എം ബഷീർ വിടവാങ്ങി രണ്ട് വർഷം തികയാനിരിക്കെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമന് പുതിയ പദവി.കോവിഡ് ഡേറ്റ മാനേജ്‌മെന്റ് നോഡൽ ഓഫിസറായിട്ടാണ് നിയമനം. സംസ്ഥാനത്ത് ആകെയുള്ള രോഗികളുടെ എണ്ണം, ഓക്സിജൻ കിടക്കകൾ, വെന്റിലേറ്റർ സൗകര്യം തുടങ്ങിയവ ആഴ്ചയിൽ വിശകലനം ചെയ്യുക എന്നതാണ് കോവിഡ് ഡേറ്റ മാനേജ്‌മെന്റ് നോഡൽ ഓഫിസറുടെ പ്രധാന ചുമതല. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഇതു പരിശോധിക്കാൻ വിവിധ സംഘങ്ങളുണ്ട്. ഇവരെ നിയന്ത്രിക്കുക ഇനി ശ്രീറാം ആകും.

ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ആയ ശ്രീറാമിനെ നേരത്തെ വിവാദത്തെ തുടർന്നു മറ്റു ചുമതലകളിൽനിന്ന് ഒഴിവാക്കിയിരുന്നു. ആരോഗ്യ വകുപ്പിന്റെ ഫാക്ട് ചെക് വിഭാഗത്തിൽ നിയോഗിച്ചതു വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മാറ്റിയത്. തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പു ജോലിക്കു നിയോഗിച്ചപ്പോഴും പ്രതിഷേധത്തെ തുടർന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ തിരിച്ചു വിളിച്ചിരുന്നു.

2019 ഓഗസ്റ്റ് 3ന് ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ചു മാധ്യമപ്രവർത്തകനായ കെ.എം.ബഷീർ കൊല്ലപ്പെട്ടെന്നാണു ശ്രീറാമിനെതിരായ കേസ്. എന്നാൽ കാർ ഓടിച്ചതു താനല്ലെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസ് ആയിരുന്നെന്നുമാണു ശ്രീറാമിന്റെ മൊഴി. കേസിനെത്തുടർന്നു സസ്‌പെൻഷനിലായിരുന്ന ശ്രീറാമിനെ 2020 മാർച്ചിലാണു സർക്കാർ സർവീസിൽ തിരിച്ചെടുത്തത്.

ഒറ്റ രാത്രികൊണ്ടാണ് ഹീറോയിൽ നിന്നും അമിത വേഗത്തിൽ കാറോടിച്ച് ശ്രീറാം വില്ലൻ വേഷത്തിലേക്ക് പാഞ്ഞ് കയറിയത്. തിരുവനന്തപുരത്ത് വച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ സിറാജ് ദിനപത്രത്തിലെ മുതിർന്ന മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബഷീർ മരിക്കുകയും ചെയ്തു.

ശ്രീറാമായിരുന്നു അമിതവേഗത്തിൽ വാഹനം ഓടിച്ചിരുന്നതെന്നും അദ്ദേഹം മദ്യപിച്ചിരുന്നു എന്നുമാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ശ്രീറാം മദ്യപിച്ചിരുന്നു എന്ന കാര്യം ഡോക്ടർമാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.