കൊളംബോ: ശ്രീലങ്കയിൽ ആയിരത്തോളം മദ്രസകൾ നിരോധിക്കാനൊരുങ്ങി സർക്കാർ. ഇസ്ലാമിക വസ്ത്രമായ ബുർഖയും നിരോധിക്കാനാണ് നീക്കം. രാജ്യ സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്ന് പൊതുസുരക്ഷ ചുമതലയുള്ള മന്ത്രി ശരത് വീരശേഖര വ്യക്തമാക്കുന്നു. ഇന്ത്യൻ മഹാസമുദ്ര ദ്വീപ് രാജ്യത്തെ ന്യൂനപക്ഷ മുസ്‌ലിംകളെ ബാധിക്കുന്ന ഏറ്റവും പുതിയ നീക്കമാണ് ബുർഖകളും മദ്രസകളും നിരോധിക്കാനുള്ള തീരുമാനം.

മന്ത്രിസഭയുടെ അനുമതി ലഭിക്കാനായി നിർദ്ദേശങ്ങളിൽ താൻ ഒപ്പിട്ടെന്ന് പൊതുസുരക്ഷ ചുമതലയുള്ള മന്ത്രി ശരത് വീരശേഖര പറഞ്ഞു. മുഖവും ശരീരവും പൂർണമായി മൂടുന്ന വസ്ത്രങ്ങൾ നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബുർഖ രാജ്യസുരക്ഷക്ക് പ്രത്യക്ഷമായ ഭീഷണിയാണെന്ന് അദ്ദേഹം ബുദ്ധക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ പറഞ്ഞിരുന്നു. നേരത്തെ നമ്മുടെ രാജ്യത്ത് നിരവധി മുസ്ലിം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. മുസ്ലിം പെൺകുട്ടികളും സ്ത്രീകളും അന്ന് ബുർഖ ധരിച്ചിരുന്നില്ല. മതതീവ്രവാദം ശക്തിപ്പെട്ടതിനെ തുടർന്നാണ് ബുർഖ വ്യാപകമായതെന്നും അദ്ദേഹം പറഞ്ഞു.

2019ലെ ഈസ്റ്റർ സ്‌ഫോടനത്തെ തുടർന്ന് ബുർഖ താൽക്കാലികമായി നിരോധിച്ചിരുന്നു. 260 ൽ അധികം ആളുകളാണ് അന്ന് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആറ് റോമൻ കത്തോലിക്കാ പള്ളികൾ, ഒരു പ്രൊട്ടസ്റ്റന്റ് പള്ളി, മൂന്ന് മികച്ച ഹോട്ടലുകൾ എന്നിങ്ങനെ ആറ് സ്ഥലങ്ങളിലായിരുന്നു ആക്രമണം. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനോട് കൂറ് പുലർത്തുന്ന രണ്ട് പ്രാദേശിക മുസ്ലിം ഗ്രൂപ്പുകളായിരുന്നു ഭീകരാക്രമണത്തിന് പിന്നിൽ.

ആയിരത്തിലധികം മദ്രസകളെ സർക്കാർ നിരോധിക്കുമെന്നും വീരശേഖര പറഞ്ഞു. അവ അധികാരികളിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ദേശീയ വിദ്യാഭ്യാസ നയം പാലിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശ്രീലങ്കയിലെ 22 ദശലക്ഷം ജനങ്ങളിൽ 9% മുസ്‌ലിംകളാണ്. ജനസംഖ്യയുടെ 70 ശതമാനത്തിലധികവും ബുദ്ധമതക്കാരാണ്. പ്രധാനമായും ഹിന്ദുക്കളായ വംശീയ ന്യൂനപക്ഷ തമിഴർ ജനസംഖ്യയുടെ 15% വരും.