മുംബൈ: ബോളിവുഡ് താരരാജാവ് ഷാരൂഖ് ഖാന്റെ മകന്റെ ആര്യൻ ഖാന് എന്ന് ജാമ്യം കിട്ടും എന്ന ആകാംക്ഷയിലാണ് ബോളിവുഡ് ലോകം. ആര്യൻ ഖാന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനിരിക്കെ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷ. അതിനുള്ള ഒരുക്കങ്ങളിലാണ് ആര്യൻ ഖാന്റെ അഭിഭാഷകർ. എന്നാൽ, ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടാൽ കാര്യങ്ങളെല്ലാം തകിടം മറിയാനാണ് സാധ്യത. എൻ.സി.ബി.യുടെ കസ്റ്റഡിയിലുള്ള ആര്യൻ ഖാൻ ഇപ്പോൾ സമയം തള്ളി നീക്കുന്നത് പുസ്തകങ്ങൾ വായിച്ചാണ്. വായിക്കാൻ ശാസ്ത്ര പുസ്തകങ്ങൾ വേണമെന്നാണ് ആര്യൻ ആവശ്യപ്പെട്ടത്.

ഇതനുസരിച്ച് വായിക്കാൻ ചോദിച്ച ശാസ്ത്ര പുസ്തകങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. കസ്റ്റഡിയിൽ കഴിയുന്നതിനിടെ ആര്യൻ ഖാൻ ശാസ്ത്ര പുസ്തകങ്ങളാണ് വായിക്കാൻ ചോദിച്ചതെന്നും ആര്യന്റെ ആവശ്യപ്രകാരം എൻ.സി.ബി. ഉദ്യോഗസ്ഥർ ഇത് നൽകിയെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എൻ.സി.ബി. കസ്റ്റഡിയിൽ വീട്ടിൽനിന്നുള്ള ഭക്ഷണം അനുവദിക്കാത്തതിനാൽ ആര്യൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് ഹോട്ടലിൽനിന്നാണ് ഭക്ഷണം ഏർപ്പാടാക്കിയിരിക്കുന്നത്. എൻ.സി.ബി. ആസ്ഥാനത്തിന് സമീപത്തെ നാഷണൽ ഹിന്ദു റസ്റ്റോറന്റിൽനിന്നാണ് പ്രതികൾക്ക് ഭക്ഷണം എത്തിക്കുന്നതെന്നും ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.

മകന്റെ ആരോഗ്യത്തിൽ ഉത്കണ്ഠാകുലയായ അമ്മ ഗൗരി ഖാൻ, ഇന്നലെ എൻസിബി ഓഫീസിൽ എത്തിയത് ഏതാനും പാക്കറ്റ് മക്ഡൊണൾഡ് ബർഗറും ആയാണ്. എന്നാൽ, വളരെ വിനീതമായി അത് ആര്യന് കൊടുക്കാൻ സാധിക്കില്ലെന്ന് എൻസിബി അറിയിച്ചു. സുരക്ഷാ കാരണങ്ങളാലാണ് അപേക്ഷ തള്ളിയത്. ലോക്കപ്പിലായ മറ്റ് പ്രതികൾക്കും വീട്ടിലെ ഭക്ഷണം അനുവദിക്കുന്നില്ല. എന്നാൽ പ്രതികളായ യുവാക്കളെ എൻസിബി പട്ടിണി കിടത്തുന്നു എന്നൊന്നും കരുതരുത്. പൂരി ബജി, ദാൽ-ചാവൽ, സബ്സി പറാത്ത എന്നിവ റോഡ്സൈഡിലെ തട്ടുകടകളിൽ നിന്ന് എത്തിക്കും.. അതല്ലെങ്കിൽ, എൻസിബിക്കാർക്ക് വളരെ പ്രിയപ്പെട്ട സമീപത്തെ റസ്റ്റോറണ്ടിൽ നിന്ന് ബിരിയാണിയോ, പുലാവോ ആണ് നൽകുന്നത്.

അതിനിടെ, ലഹരിമരുന്ന് കേസിൽ ആര്യൻ ഖാനെയും മറ്റുള്ളവരെയും എൻ.സി.ബി. സംഘം ചോദ്യംചെയ്തുവരികയാണ്. വിശദമായ അന്വേഷണത്തിനായി ആര്യന്റെ മൊബൈൽ ഫോൺ ഗാന്ധിനഗറിലെ ഫൊറൻസിക് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ പരിശോധനയിൽ ഫോണിൽനിന്ന് കൂടുതൽ വിവരങ്ങൾ കണ്ടെടുക്കാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

കഴിഞ്ഞദിവസം ആര്യൻഖാനെ പിതാവ് ഷാറൂഖ് ഖാൻ എൻസിബി ലോക്കപ്പിൽ വെച്ച് കണ്ടിരുന്നു. ഷാറൂഖിനെ കണ്ടയുടൻ ആര്യൻ പൊട്ടിക്കരഞ്ഞതായി എൻസിബി വൃത്തങ്ങൾ സൂചിപ്പിച്ചു. അതേസമയം മകന്റെ അറസ്റ്റിൽ ദുഃഖിതനായ ഷാരൂഖ് ഖാന്റെ വീടിന് മുന്നിൽ ആരാധകർ പിന്തുണ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ടേക്ക് കെയർ കിങ് എന്നെഴുതിയ ബോർഡാണ് മന്നത്തിന് മുന്നിൽ സ്ഥാപിച്ചത്.

ആഡംബര കപ്പലിൽനിന്ന് ലഹരിമരുന്ന് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരാണ് അറസ്റ്റിലായത്. ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൺമുൺ ധമേച്ച എന്നിവർക്ക് പുറമേ കപ്പലിൽ പാർട്ടി സംഘടിപ്പിച്ച ഇവന്റ് മാനേജ്മെന്റ് കമ്പനിയിലെ നാല് ജീവനക്കാരും ഇതിൽ ഉൾപ്പെടുന്നു. ആര്യൻ, അർബാസ്, മുൺമുൺ ധമേച്ച എന്നിവരെ വ്യാഴാഴ്ച വരെയാണ് എൻ.സി.ബി.യുടെ കസ്റ്റഡിയിൽവിട്ടത്. ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളെ തുടർന്ന് ലഹരിമരുന്ന് വിതരണക്കാരായ ശ്രേയസ് നായരെയും അബ്ദുൾ ഖാദർ ഷെയ്ഖിനെയും കഴിഞ്ഞദിവസം എൻ.സി.ബി. സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഒക്ടോബർ 11 വരെ എൻ.സി.ബി.യുടെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട.