തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയുടെ പുതിയ സമയക്രമമായി. ഏപ്രിൽ എട്ടുമുതൽ 12 വരെ ഉച്ചയ്ക്ക് ശേഷമാണ് പരീക്ഷ നടക്കുക. 15 മുതൽ 29 വരെ രാവിലെയായിരിക്കും പരീക്ഷ നടക്കുക.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എപ്രിൽ എട്ട് മുതൽ നടത്താനുള്ള സർക്കാർ തീരുമാനത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകുകയായിരുന്നു. 17ന് പരീക്ഷകൾ തുടങ്ങാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. പരീക്ഷാ തീയതികൾ മാറ്റുന്നത് സംബന്ധിച്ച് ഉടൻ തീരുമാനം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു. വിഷയത്തിൽ ഉടനടി തീരുമാനമുണ്ടായില്ലെങ്കിൽ തെരഞ്ഞെടുപ്പ് ജോലികളും പരീക്ഷാ ജോലികളും താളം തെറ്റുമെന്നാണ് വിലയിരുത്തിയായിരുന്നു നടപടി.

ഹാൾടിക്കറ്റ് വിതരണം ഈയാഴ്ച തുടങ്ങുമെന്നുമാണ് അറിയിച്ചിരുന്നത്. അദ്ധ്യാപകരുടെ പരീക്ഷാഡ്യൂട്ടിയും വോട്ടെണ്ണൽ കേന്ദ്രങ്ങളായ സ്‌കൂളുകൾ നേരത്തെത്തന്നെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഏറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളും ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപേക്ഷ നൽകിയത്. പരീക്ഷ മാറ്റണമെന്ന് ഇടത് അദ്ധ്യാപക സംഘടനകൾ ആവശ്യപ്പെട്ടപ്പോൾ വേണ്ടെന്നാണ് പ്രതിപക്ഷ സംഘടനകൾ നിലപാടെടുത്തത്.

കോവിഡ് കണക്കിലെടുത്ത് ഇത്തവണ 15,000 പോളിങ് ബൂത്തുകൾ അധികമായി കമ്മീഷൻ ക്രമീകരിക്കുന്നുണ്ട്. അതിനാൽ പതിവിൽ കൂടുതൽ അദ്ധ്യാപകർക്ക് ഇത്തവണ തെരഞ്ഞെടുപ്പ് ജോലി ലഭിച്ചു. ഇതോടെ പരീക്ഷാ തീയതി മാറ്റമെന്ന് അദ്ധ്യാപക സംഘടനകളും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.