തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അദ്ധ്യായന വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മാർച്ച് 17 മുതൽ 30 വരെയാണ് പരീക്ഷ നടത്തുക. രാവിലെ ആയിരിക്കും പരീക്ഷ. കോവിഡിന്റെ പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുകയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കൽ പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കുള്ള ക്ലാസുകൾ ജനുവരി ഒന്നു മുതൽ ആരംഭിക്കാൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചിരുന്നു. ജൂൺ ഒന്നു മുതൽ ആരംഭിച്ച ഓൺലൈൻ ക്ലാസുകളുടെ റിവിഷനും സംശയദുരീകരണവും ജനുവരി ഒന്നു മുതൽ സ്‌കൂൾതലത്തിൽ നടത്തുന്നതിന് ക്രമീകരണമുണ്ടാക്കും. മാതൃകാപരീക്ഷകളും വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ഒഴിവാക്കുന്നതിനുള്ള കൗൺസലിങും സ്‌കൂൾതലത്തിൽ നടത്തും. ഇതിനു വേണ്ടി 10, പ്ലസ്ടു ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് രക്ഷകർത്താക്കളുടെ സമ്മതത്തോടെ സ്‌കൂളിൽ പോകാം. നിലവിലുള്ള അദ്ധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട് ഇക്കാര്യങ്ങൾ നിർവഹിക്കും.

സ്‌കൂൾ, ഹയർസെക്കൻഡറി തലത്തിലെ എല്ലാ ക്ലാസുകളും കോവിഡ് പശ്ചാത്തലത്തിൽ ജൂൺ ഒന്നു മുതൽ ഓൺലൈനായി നടക്കുകയാണ്. അതു ഈ നിലയിൽ തുടരും. കോളജ് തലത്തിൽ അവസാന വർഷ ബിരുദക്ലാസുകളും പോസ്റ്റ് ഗ്രാജുവേറ്റ് ക്ലാസുകളും ജനുവരി ആദ്യം മുതൽ ആരംഭിക്കും. പകുതി വീതം വിദ്യാർത്ഥികളെ വച്ചാണ് ക്ലാസുകൾ നടത്തുക. ആവശ്യമെങ്കിൽ കാലത്തും ഉച്ചയ്ക്കുശേഷവുമായി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ ക്രമീകരിക്കും.