തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 95.98 ശതമാനം വിജയമാണ് ഉണ്ടായത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ നേരിയ ഇടിവുണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ 1174 സ്‌കൂളുകളിൽ നൂറുശതമാനം വിജയം നേടിയതായും ഇതിൽ 405 സ്‌കൂളുകൾ സർക്കാർ സ്‌കൂളുകളാണെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ തവണ 377 സർക്കാർ സ്‌കൂളുകളിലായിരുന്നു നൂറുശതമാനം വിജയം നേടിയത്. പത്തനംതിട്ട ജില്ലയാണ് വിജയശതമാനം കൂടിയ റവന്യുജില്ല.

വയനാട് ജില്ലയിലാണ് കുറവ് വിജയശതമാനം. എസ്എസ്എൽസി പരീക്ഷ എഴുതിയ 437,156 കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. സേ പരീക്ഷ മെയ്‌ 22 മുതൽ 26 വരെ നടക്കുമെന്നും ഇതിനുള്ള അപേക്ഷകൾ ഈ മാസം എട്ടാം തിയതി മുതൽ 12 വരെ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. റീവാല്യുവേഷനുള്ള അപേക്ഷകൾ ഓൺലൈൻ വഴി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

സേ പരീക്ഷയ്ക്ക് മുമ്പായി കഴിഞ്ഞ വർഷം 96.59 ശതമാനം പേരാണ് ജയിച്ചത്.കഴിഞ്ഞ വർഷം ഏപ്രിൽ 27ന് പരീക്ഷാഫലം വന്നിരുന്നു. മാർച്ച് എട്ടിന് ആരംഭിച്ച എസ്എസ്എൽസി പരീക്ഷകൾ കണക്ക് പരീക്ഷ വീണ്ടും നടത്തിയതിനെ തുടർന്ന് മാർച്ച് മുപ്പതിനാണ് അവസാനിച്ചത്. മാർച്ച് 20ന് നടന്ന കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറിൽ പതിനൊന്നോളം ചോദ്യങ്ങൾ ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്നുള്ള പരീക്ഷയിൽ നിന്നും അതേപടി കോപ്പിയടിച്ചതാണെന്ന് തെളിഞ്ഞതിനെ തുടർന്നാണ് പരീക്ഷ വീണ്ടും നടത്തിയത്.

ഇത്തവണയും മോഡറേഷൻ ഒഴിവാക്കിയെങ്കിലും കൂടുതൽ പേർക്ക് ഗ്രേസ് മാർക്ക് നൽകിയതായി സൂചനകളുണ്ട്. നാലരലക്ഷത്തിലേറെ വിദ്യാർത്ഥികൾ റെഗുലറായും 2588 വിദ്യാർത്ഥികൾ പ്രൈവറ്റായും ഇത്തവണ പരീക്ഷ എഴുതിയിരുന്നു.

ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ

result.kerala.gov.in, keralapareekshabhavan.in, www.results.itschool.gov.in, www.education.kerala.gov.in, prd.kerala.gov.in, result.it@school.gov.in, keralaresults.nic.in, results.kerala.nic.in, കൂടാതെ സഫലം 2017 എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും ഫലമറിയാം.