തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാ ഫലം മെയ്‌ അഞ്ചിന് പ്രസിദ്ധീകരിക്കും. പരീക്ഷാ ബോർഡ് ചേർന്ന് അംഗീകരിച്ച ശേഷമാണു ഫലം പ്രസിദ്ധീകരിക്കുക. വ്യാഴാഴ്ചയോടെ എസ്.എസ്.എൽ.സി പരീക്ഷാ മൂല്യനിർണയം അവസാനിക്കും.

തുടർന്ന് മാർക്ക് പരിശോധന ശനിയാഴ്ച വരെ തുടരും. ഇക്കുറി കണക്കുപരീക്ഷ വീണ്ടും നടത്തേണ്ടിവന്ന സാഹചര്യത്തിൽ ഫലം വൈകുമോയെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും മെയ് അഞ്ചിന് തന്നെ പ്രസിദ്ധീകരിക്കുമെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.

അതേസമയം, ഹയർ സെക്കൻഡറി ഫലം വൈകിയേക്കും. മെയ് 10നു ഫലം പ്രസിദ്ധീകരിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും, അത് മെയ് 15 വരെ നീളുമെന്നാണു ലഭിക്കുന്ന സൂചന. ഫലം പിഴവ് വരുത്താതെ പ്രസിദ്ധീകരിക്കണമെന്ന കർശന നിർദേശത്തെ തുടർന്നാണു പ്രഖ്യാപനം 12ലേക്ക് മാറ്റുന്നത്.

12നകം നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ ഫലപ്രഖ്യാപനം 15ലേക്കു മാറ്റും. കൂടാതെ, വിദ്യാഭ്യാസമന്ത്രിയുടെ സൗകര്യംകൂടി പരിഗണിച്ചായിരിക്കും ഫലപ്രഖ്യാപന തീയതി തീരുമാനിക്കുക.