ചെന്നൈ: താഴ്ന്ന ജാതിക്കാരിയെന്ന് അധിക്ഷേപിച്ച് ക്ഷേത്രത്തിലെ അന്നദാനം നിഷേധിച്ച് ഇറക്കിവിട്ട ആദിവാസി യുവതിയെ വീട്ടിലെത്തി കണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ചെങ്കൽപേട്ട് ജില്ലയിൽ നരിക്കുറവ, ഇരുള സമുദായങ്ങളിൽപ്പെട്ടവർ താമസിക്കുന്ന പൂഞ്ചേരിയിലേക്കാണ് സ്റ്റാലിൻ എത്തിയത്.

യുവതിയെ അന്നദാനത്തിൽനിന്ന് ഇറക്കിവിട്ട പ്രശ്നം ശ്രദ്ധയിൽപ്പെട്ട് ദിവസങ്ങൾക്കകമാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. രണ്ടാഴ്ച മുമ്പ് മഹാബലിപുരത്തെ പെരുമാൾ ക്ഷേത്രത്തിൽ അന്നദാനത്തിന് പോയപ്പോഴാണ് അശ്വനിയേയും കൈകുഞ്ഞിനേയും ഇറക്കിവിട്ടത്. നരിക്കുറവർക്ക് പന്തിയിൽ ഇരിക്കാൻ പറ്റില്ലെന്നായിരുന്നു ക്ഷേത്രത്തിലുള്ളവരുടെ ന്യായീകരണം.

ഇതിൽപ്രതിഷേധിച്ചുള്ള അശ്വനിയുടെ വീഡിയോ പുറത്തുവന്നതോടെ സംഭവം ഏറെ വിവാദമായി. അശ്വനിയുടെ പ്രതിഷേധ ദൃശ്യങ്ങൾ ശ്രദ്ധിച്ച ദേവസ്വം മന്ത്രി പികെ ശേഖർ ബാബു ക്ഷേത്രത്തിലെത്തി അശ്വനിയേയും മറ്റു നരിക്കുറവ, ഇരുള സമുദായ അംഗങ്ങളേയും കൂട്ടി ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയും ഊരിലേക്ക് നേരിട്ടെത്തിയത്. പ്രദേശത്തെ ജനങ്ങൾക്ക് പട്ടയവും റേഷൻ കാർഡും ജാതി സർട്ടിഫക്കറ്റും സ്റ്റാലിൻ വിതരണം ചെയ്തു.

അടിച്ചമർത്തപ്പെട്ട വിവേചനം നേരിട്ട ജനങ്ങളെ ചേർത്തുപിടിച്ച സ്റ്റാലിൻ പ്രദേശത്ത് 4.53 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചാണ് മടങ്ങിയത്. 81 കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമി, 21 പേർക്ക് തിരിച്ചറിയിൽ കാർഡ്, ഇരുള വിഭാഗത്തിലെ 88 പേർക്ക് ജാതി സർട്ടിഫിക്കറ്റ്, വീട്, സ്‌കൂളിൽ ക്ലാസ് മുറികൾ, അംഗനവാടി എന്നിവ നിർമ്മിക്കാനുള്ള തുക എന്നിവയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഈ ജന്മത്തിൽ നടക്കുമെന്ന് സ്വപ്നം പോലും കാണാത്തത് നടന്നുവെന്ന് മഹാബലിപുരത്തെ ആദിവാസി ജനത വേദിയിൽ വിളിച്ചുപറഞ്ഞു.

ദിവസങ്ങൾക്കു മുൻപാണ് ചെങ്കൽപേട്ട് ജില്ലയിലെ മാമലപുരത്തെ അശ്വനിയെന്ന നരിക്കുറവ വീട്ടമ്മയുടെ രോഷം സമൂഹമാധ്യമങ്ങളിൽ വിഡിയോയായി പ്രത്യക്ഷപ്പെട്ടത്.

മാമലപുരത്തെ സ്ഥലസ്യാന പെരുമാൾ ക്ഷേത്രത്തിലെ അന്നദാന പന്തലിൽ നിന്ന് അശ്വിനിയെയും സമുദായ അംഗങ്ങളെയും ആട്ടിയിറക്കിയതിനെ തുടർന്നായിരുന്നു രോഷത്തോടെയുള്ള വിഡിയോ. തമിഴ്‌നാട്ടിലെ നാടോടി ആദിമ ഗോത്ര വിഭാഗമാണ് നരിക്കുറുവർ.

ഹിന്ദു സമുദായത്തിലെ മറ്റു ജാതിവിഭാഗങ്ങളൊന്നും ഇവരെ അടുപ്പിക്കില്ല. വേട്ടയാടി പിടിക്കുന്നതിനെ തിന്നും പുറമ്പോക്കുകളിൽ കുടിൽകെട്ടി അതിൽ താമസിക്കുന്നതാണ് ഇവരുടെ രീതി. ഭൂമിയിൽ ജീവിക്കുന്നതിന്റെ യാതൊരു തെളിവുകളും ഈ വിഭാഗങ്ങൾക്കുണ്ടാവില്ല. ഒരു സർക്കാർ രേഖകളിലും ഇവരുടെ പേരും ഉണ്ടാകില്ല. അത്രയ്ക്കും പിന്നാക്കം നിൽക്കുന്നവരാണ് നരിക്കുറുവർ.

ഡി.എം.കെ അധികാരത്തിൽ വന്നതിനു തൊട്ടുപിറകയാണ് ക്ഷേത്രങ്ങളിൽ പാവപ്പെട്ടവർക്കായി അന്നദാനം തുടങ്ങിയത്. ദേവസ്വം വകുപ്പിന്റെ കീഴിലാണ് അന്നദാനം നടക്കുന്നത്. നിലവിൽ 754 ക്ഷേത്രങ്ങളിൽ സൗജന്യ ഭക്ഷണ വിതരണമുണ്ട്. സ്ഥലസ്യാന പെരുമാൾ ക്ഷേത്രത്തിലെ അന്നദാനത്തിൽ നിന്നാണ് അശ്വിനിയെയും കൂട്ടരെയും തൊട്ടുകൂടായ്മ ആരോപിച്ച് ഇറക്കി വിട്ടത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ, ദിവസങ്ങൾക്കു മുൻപ് ദേവസ്വം മന്ത്രി ശേഖർ ബാബുവും ദേവസ്വം കമ്മിഷണറും ക്ഷേത്രത്തിലെത്തി അശ്വിനിക്കൊപ്പം അന്നദാനത്തിൽ പങ്കെടുത്തിരുന്നു,

ഇരുൾ, നരിക്കുറുവർ തുടങ്ങിയ അതീവ പിന്നാക്കം നിൽക്കുന്ന സമുദായത്തിൽപെട്ടവർക്കു ഭൂമിയുടെ രേഖകൾ കൈമാരുന്ന ചടങ്ങിനായാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മാമലപുരത്ത് എത്തിയത്. ചടങ്ങിൽ ഇരു സമുദായങ്ങളുടെയും ഉന്നമനത്തിനായി സർക്കാർ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു.

മാമലപുരത്തിനു സമീപമുള്ള പൂഞ്ചേരിയിലെ 81 കുടുംബങ്ങൾക്ക് ഭൂമിയുടെ രേഖകൾ ലഭിച്ചു. കോളനിയിൽ അംഗനവാടിയും പഞ്ചായത്ത് സ്‌കൂളും നിർമ്മിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു. ഈ വേദിയിൽ വച്ചു അശ്വിനിയും ഭൂമിയുടെ രേഖകൾ സ്വകീരിച്ചു. ഭൂമിയുടെ മാത്രമല്ല ആധാർ, വോട്ടർ കാർഡുകളും ഇവർക്കു ലഭിച്ചു.

നരിക്കുറുവരെ സംബന്ധിച്ചു മാമലപുരത്തെ പരിപാടി സ്വപ്നം കാണാൻ പോലും കഴിയാത്ത ഒന്നായിരുന്നു. മനുഷ്യരായി പോലും പരിഗണിക്കാത്ത, നായാടി കിട്ടുന്നതു കഴിച്ച്, അതിന്റെ രക്തം മാറാപ്പിൽ സൂക്ഷിച്ചു ജീവിക്കുന്ന ഒരു പറ്റം മനുഷ്യർ. സ്‌കൂളോ അക്ഷരാഭ്യാസമോ ഉള്ളവർ വിരലിൽ എണ്ണാവുന്നത്. തീണ്ടാപ്പാടകലെ മാത്രമേ മറ്റുളവർ ഇവരെ അടുപ്പിക്കൂ. ഇവർക്കാണ് ഈ ഭൂമിയിൽ ജീവിച്ചിക്കുന്നതിന്റെ തെളിവായി ആധാർ കാർഡ് നൽകിയത്.

വോട്ടർ പട്ടികയിൽ പേരു ചേർത്തത്. സ്ഥലത്തിന്റെ രേഖകൾ സ്വീകരിച്ച ശേഷം അശ്വനി പറഞ്ഞ വാക്കുകളിലും ഈ അദ്ഭുതമുണ്ടായിരുന്നു. നേരത്തെ നാലഞ്ചു മാസം സർക്കാർ ഓഫീസുകൾ കയറി ഇറങ്ങിയാൽ പോലും ആധാർ കാർഡ് ലഭിക്കില്ലായിരുന്നു. മുഖ്യമന്ത്രി മാറിയതോടെ രണ്ടു ദിവസത്തിനകം റേഷൻ കാർഡും വോട്ടർ തിരിച്ചറിയൽ രേഖകളും ലഭിച്ചു, സ്വപ്നമാണിതെന്നായിരുന്നു അശ്വനിയുടെ പ്രതികരണം.

വേദിയിൽ വച്ചാണ് തന്റെ വീട്ടിലേക്കു അശ്വനി മുഖ്യമന്ത്രിയെ ക്ഷണിച്ചത്. ഈ ക്ഷണം മുഖ്യമന്ത്രി സ്വീകരിച്ചതോടെ ചരിത്രം പിറന്നു. വീട്ടിലെത്തിയ മുഖ്യമന്ത്രിയെ ഷാൾ അണിയിച്ചു അശ്വനി സ്വീകരിച്ചു. മകന്റെ പഠനമടക്കമുള്ള കാര്യങ്ങളെ കുറിച്ചു ചോദിച്ചറിഞ്ഞു. 15 മിനിറ്റിലധികം സമയം അശ്വനിയുടെ വീട്ടിൽ ചെലവഴിച്ചതിനു ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. 88 ഇരുള സമുദായ അംഗങ്ങൾക്ക് പട്ടികജാതി രേഖകളും 34 നരിക്കുറുവർക്ക് അതീവ പിന്നാക്ക ജാതി സർട്ടിഫിക്കറ്റും ചടങ്ങളിൽ വിതരണം ചെയ്തു.

മറ്റു സമുദായങ്ങളൊന്നും അടുപ്പിക്കാതെ തൊട്ടുകൂടായ്മ പുലർത്തുന്ന നരിക്കുറുവർ പക്ഷേ, സർക്കാർ രേഖകളിൽ അതീവ പിന്നാക്ക വിഭാഗമാണ്. പട്ടിക ജാതി, പട്ടിക വർഗ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മുഖ്യമന്ത്രിയുടെ സന്ദർശനവും മാമലപുരത്തെ പരിപാടിയും ഈ വിഭാഗത്തിന്റെ ദുരിതത്തെ ഒരിക്കൽ കൂടി മുഖ്യധാരയിലേക്കു കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് മനുഷ്യാവകാശ പ്രവർത്തകർ. ജാതി മതിലും ഇതര ജാതിക്കാരന്റെ കോളനിയിൽ കയറിയതിനു നിഷ്ഠൂര കൊലകളും കണ്ടിട്ടുള്ള ഗ്രാമീണ തമിഴ്‌നാട്ടിൽ, നരിക്കുറുവർ വീട് മുഖ്യമന്ത്രി സന്ദർശിച്ചത് ജാതി വിരുദ്ധ പോരാട്ടങ്ങളിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.