കൊൽകത്ത: പശ്ചിമ ബംഗാളിൽ കോവിഡ് വാക്‌സിനെടുക്കാൻ വാക്സിനേഷൻ സെന്ററിൽ എത്തിയവർ തിക്കിലും തിരക്കിലുംപെട്ട് 20 പേർക്ക് പരിക്കേറ്റു. 11 ലക്ഷം പേർക്ക് വാക്സിൻ കുത്തിവെപ്പ് നൽകിയ ദിവസമായ ചൊവ്വാഴ്ച ജൽപായ്ഗുരി ജില്ലയിലെ വാക്സിനേഷൻ സെന്ററിലാണ് തിരക്കിൽപെട്ട് 20 പേർക്ക് പരിക്കേറ്റത്. ഇതിൽ അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.

ദുപ്ഗുരി ബ്ലോക്കിലെ വാക്സിനേഷൻ കേന്ദ്രമായ ഒരു സ്‌കൂളിലാണ് സംഭവം. സമീപ ഗ്രാമങ്ങളിൽ നിന്നും തേയിലത്തോട്ടങ്ങളിൽ നിന്നുമുള്ള നൂറുകണക്കിന് ആളുകളാണ് വാക്സിനെടുക്കാനായി ഗേറ്റിന് മുന്നിൽ തടിച്ചുകൂടിയത്. രണ്ടായിരത്തോളം ആളുകൾ കേന്ദ്രത്തിന് സമീപം തടിച്ചുകൂടിയിയെന്നും പ്രദേശത്ത് ഇവരെ നിയന്ത്രിക്കാൻ തക്കവണ്ണമുള്ള പൊലീസ് വിന്യാസമില്ലായിരുന്നെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.

രാവിലെ 10 മണിക്ക് പൊലീസ് എത്തി ഗേറ്റുകൾ തുറന്നപ്പോൾ ജനക്കൂട്ടം വാക്സിനേഷൻ കേന്ദ്രത്തിലേക്ക് ഓടിക്കയറുകയും പരസ്പരം തള്ളുകയും ചെയ്തു. ഇതോടെ കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേർ കുഴഞ്ഞു വീഴുന്ന സാഹചര്യം ഉണ്ടായി. ആളുകളെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു.

പിന്നീട് വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാരും സഹായത്തിനെത്തി. ഇരുപതോളം പേർക്ക് പരിക്കേറ്റെങ്കിലും 15 പേരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. അഞ്ച് പേർ ഇപ്പോഴും ചികിത്സയിലാണെന്ന് ജൽപായ്ഗുരി പൊലീസ് സൂപ്രണ്ട് ദേബർഷി ദത്ത പറഞ്ഞു. എന്നാൽ മുപ്പതോളം പേർക്ക് പരിക്കേറ്റതായും നിരവധി പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും പ്രദേശവാസികൾ അവകാശപ്പെട്ടു.