ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ കാര്യങ്ങൾ അത്ര പന്തിയല്ല. പഴയ അനുഭവം വച്ച് ഇനി വിട്ടുകൊടുക്കാനില്ലെന്ന് ഇന്ത്യ തീരുമാനിച്ച് ഉറപ്പിച്ചതോടെ ചൈനീസ് പട്ടാളം ആകെ വിറളി പൂണ്ടിരിക്കുകയാണ്. തിങ്കളാഴ്ച പാങ്‌ഗോങ് സോയുടെ തെക്കൻ മേഖലയിലെ കുന്നുകൾ കീഴടക്കാനുള്ള നീക്കം ഇന്ത്യ തടഞ്ഞതോടെയാണ് അവർ പ്രകോപിതരായത്. ഓഗസ്റ്റ് 29-30 രാത്രികളിലായിരുന്നു ചൈനാക്കാരുടെ കടന്നുകയറ്റ ശ്രമം. 

ചുഷുൽ മേഖലയിൽ കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുന്നുവെന്നാണ് വിവരം. പീപ്പിൾസ് ലിബറേഷൻ ആർമി ആക്രമണത്തിന് കോപ്പുകൂട്ടുകയാണ്.

ഇന്ത്യൻ, ചൈനീസ് ടാങ്കുകൾ മുഖാമുഖം നിൽക്കുകയാണ്. വെടിവയ്ക്കാവുന്ന ദൂരത്തിനുള്ളിൽ. ഇന്ത്യൻ സേനയുടെ കൈവശമുള്ള 'കാല ടോപ്പിന്റെ' താഴ്‌വാരത്തിനടുത്താണ് ചൈനീസ് യുദ്ധ ടാങ്കുകളും മറ്റും നിലയുറപ്പിച്ചിരിക്കുന്നത്. ഇന്ത്യയും ഒട്ടുംതന്നെ വിട്ടുകൊടുക്കാതെ ടാങ്കുകൾ വിന്യസിച്ചു പാങ്‌ഗോങ്‌സോയിലും റെസാങ് ലായിലും സ്‌പെഷ്യൽ ഫ്രണ്ടിയർ സേനയാണ് ചൈനീസ് കടന്നുകയറ്റം ചെറുത്തത്. 1597 കിലോമീററർ വരുന്ന ലഡാക്കിലെ നിയന്ത്രണ രേഖയിൽ ചൈനയുമായി ഒരുഉഗ്രൻ ബലാബലം നോക്കാൻ ഉറച്ചാണ് ഇന്ത്യൻ സൈനികർ നിലയുറപ്പിച്ചിരിക്കുന്നത്.

ഇന്ത്യൻ സൈനികരെ പിന്നിലേക്ക് തള്ളിമാറ്റുകയെന്നതാണ് ചൈനീസ് സൈനിക തന്ത്രം. എന്നാൽ, ചൈന പ്രയോഗിച്ച അതേ തന്ത്രം തന്നെയാണ് ഇന്ത്യയും തിരിച്ചുപ്രയോഗിക്കുന്നത്. ഉയരങ്ങളിൽ ആധിപത്യം സ്ഥാപിക്കുക. കടന്നുകയറ്റം ചെറുക്കുക.

ചൈനീസ് ചാരക്യാമറകളെ വെട്ടിച്ച് ഇന്ത്യയുടെ നീക്കം

പാങ്ക്‌ഗോങ് തടാകത്തിന്റെ തെക്കേകരയിലെ കുന്നുകൾക്ക് അടുത്തായി ചൈനീസ് സൈന്യം സ്ഥാപിച്ച ക്യാമറകളുടെയും നിരീക്ഷണ സംവിധാനങ്ങളുടെയും കണ്ണ് വെട്ടിച്ചാണ് പിഎൽഎയേക്കാൾ മുമ്പേ ഇന്ത്യൻ സൈന്യം അവിടെ ആധിപത്യം നേടിയത്. ഇന്ത്യയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ നിയന്ത്രണ രേഖയിൽ ഉടനീളം ഇത്തരം നിരീക്ഷണ ക്യാമറകൾ പിഎൽഎ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യൻ സൈനികരുടെ പട്രോളിങ് സംഘത്തെ ആ ഭാഗത്ത് എവിടെയങ്കിലും കണ്ടാൽ പിന്നെ പോരിന് വരവായി.

ഇന്ത്യ തടാകത്തിന്റെ തെക്കേക്കരയിലെ കുന്നുകളിൽ ആധിപത്യം സ്ഥാപിച്ചതോടെ ചൈനീസ് നിരീക്ഷണക്യാമറകൾ അപ്രത്യക്ഷമാവുകയും ചെയ്തു. പാങ്‌ഗോങ് തടാകത്തിന്റെ തേക്കേകരയിലും സമീപത്തുള്ള സ്പാങ്കുർ ഗ്യാപ്പിലും ആധിപത്യം സ്ഥാപിക്കാൻ ഈ നിർണായകമായ കുന്നുകൾ കീഴടക്കാൻ പിഎൽഎ പദ്ധതിയിട്ടിരിക്കുകയായിരുന്നു.

ഇന്ത്യ നന്നായി ഹോംവർക്ക ചെയ്തു

സ്‌പെഷ്യൽ ഓപ്പറേഷൻസ് യൂണിറ്റും സിഖ് ലൈറ്റ് ഇൻഫൻട്രിയും ചേർന്ന് നേരത്തെ തന്നെ ചൈനീസ് അധിനിവേശം തടയാൻ തയ്യാറെടുപ്പുകൾ നടത്തിവരികയായിരുന്നു. മേഖലയിൽ പട്രോളിങ് നടത്തുന്നതിനിടെ, ഒരുസൈനികന് മൈൻ പൊട്ടി ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ബിഎംപി ഇൻഫൻട്രി കോബാറ്റ് വാഹനങ്ങളും, വിവിധതരത്തിലുള്ള ടാങ്കുകളും ഇന്ത്യൻ സൈന്യം ഇവിടെ വിന്യസിച്ചു കഴിഞ്ഞു.

സംഘർഷം സൈനിക ചർച്ചകൾക്കിടെ

ഇന്ത്യ- ചൈന ബന്ധം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള സൈനിക ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് മേഖലയിലെ സംഘർഷം. പാങ്‌ഗോങ് തടാകത്തിന്റെ തെക്കൻ കരയിൽ ചൈനീസ് സൈന്യം പ്രകോപനപരമായ സൈനിക നീക്കങ്ങൾ നടത്തിയെന്ന് പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിശദീകരിക്കാൻ ബ്രിഗേഡ് കമാൻഡർ തലത്തിലുള്ള ചർച്ചകൾ രാവിലെ ഒമ്പത് മുതൽ മോൾഡോയിൽ നടക്കുകയാണ്.

ചൈനയെ ചെറുക്കാനുള്ള അജിത് ഡോവലിന്റെ പ്ലാൻ

പാങ്‌ഗോങ്ങിലെ സംഘർഷസാഹചര്യത്തിൽ സൈനികരുടെ പിരിമുറുക്കം ഒഴിവാക്കാൻ ബ്രിഗേഡ് കമാൻഡർ തലത്തിലുള്ള ഉദ്യോഗസ്ഥർ ചർച്ച നടത്തിവരികയാണ്. ഡോവൽ വിളിച്ചുചേർത്ത ആഭ്യന്തര,ുര്ക്ഷായോഗത്തിൽ ഐ.ബിയുടെയും റോയുടെയും മേധാവികൾ പങ്കെടുത്തിരുന്നു. ചൈനയിൽ നിന്ന് പ്രതീക്ഷിക്കാവുന്ന നീക്കങ്ങളെ കുറിച്ചുള്ള തങ്ങളുടെ വിലയിരുത്തലുകൾ ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ അരവിന്ദ് കുമാറും റോ സെക്രട്ടറി സാമന്ത് ഗോയലും ഡോവലിനോട് വിശദീകരിച്ചു. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയും യോഗത്തിൽ പങ്കെടുത്തു. ചൈനയെ പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. എന്നാൽ വരും ദിവസങ്ങളിൽ രാജ്യം എന്ത് തന്ത്രമാണ് സ്വീകരിക്കാൻ പോകുന്നതെന്ന് യോഗത്തിൽ ആലോചിച്ചു.

ചൈന പറയുന്നത് ഒന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന്

വിശ്വസിക്കാൻ കൊള്ളില്ല ചൈനാക്കാരെ എന്ന് പറയാറുണ്ട്. അതിർത്തിയിൽ സമാധാനവും സ്ഥിരതയും ഉണ്ടാകാൻ ചൈന പ്രതിജ്ഞാ ബദ്ധരാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി ആവർത്തിച്ചുവെങ്കിലും യഥാർഥത്തിൽ സംഭവിക്കുന്നത് അങ്ങനെയല്ല. ഇന്ത്യയുമായുള്ള ഭിന്നതകൾ സംസാരിച്ച് തീർക്കാൻ തങ്ങൾ താൽപര്യപ്പെടുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ ഇടങ്ങളിൽ ചർച്ച നടത്തി തീരുമാനം കൈക്കൊള്ളുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-ചൈന അതിർത്തി നിർണയിച്ചിട്ടില്ല. അതിനാൽ തന്നെ അവിടെ എപ്പോഴും ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും.ഇവ സംസാരിച്ച് തീർക്കാൻ ചൈന താൽപര്യപ്പെടുന്നു. രാജ്യങ്ങൾ തമ്മിലെ അഭിപ്രായ വ്യത്യാസങ്ങൾ സംഘർഷത്തിലെത്താതെ പരിഹരിക്കണം. വാങ് യി പറഞ്ഞു.ഇന്ത്യയും ചൈനയും അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി മുന്നോട്ട് പോയാൽ 270 കോടി ജനങ്ങൾക്ക് ഉപകാരപ്പെടുമെന്നും വാങ് യി അഭിപ്രായപ്പെട്ടു.

ശമനമില്ലാതെ നീളുന്ന സംഘർഷം

ലഡാക്കിൽ പിഎൽഎയും ഇന്ത്യൻ സൈനികരും തമ്മിലുള്ള സംഘർഷം തുടങ്ങിയിട്ട് മൂന്നുമാസത്തിലേറെയായി. തങ്ങൾ ഒരു ആഗോള ശക്തിയായി മാറിക്കഴിഞ്ഞുവെന്നും മറ്റുള്ളവർ തങ്ങളെ അനുസരിക്കാൻ ബാധ്യസ്ഥരാണെന്നുമുള്ള ഹുങ്കാണ് ചൈനയെ ഭരിക്കുന്നത്. രക്തച്ചൊരിച്ചിൽ ഉണ്ടാകുന്നെങ്കിൽ ഉണ്ടാകട്ടെ. ഇന്ത്യൻ സൈനികരെ പ്രകോപിപ്പിക്കുക എന്ന നയമാണ് ചൈനീസ് ഉന്നതരുടെ അറിവോടെ പിഎൽഎ തുടർന്നുപോരുന്നത്. നവംബറിൽ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിയും വരെ അവർ ഈ പ്രകോപനം തുടർന്നേക്കുമെന്നാണ് നിരീക്ഷകർ പറയുന്നത്.

ഷാങ്ഹായി സഹകരണ സംഘടനാ മന്ത്രിതലയോഗം മോസ്‌കോയിൽ നടക്കുമ്പോൾ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും കൂടിക്കാഴ്ച നടത്തിയാൽ സംഘർഷത്തിന് അയവ് വരുമെന്ന നേരിയ പ്രതീക്ഷയുണ്ട്. എന്നാൽ, പിഎൽഎ കൂടുതൽ കടന്നുകയറ്റത്തിന് മുതിർന്നാൽ കാര്യങ്ങൾ വഷളാകും. ലഡാക്കിലോ 3488 കിലോമീറ്റർ വരുന്ന നിയന്ത്രണ രേഖയിലോ ഇനി ഒരുതരത്തിലുള്ള കടന്നുകയറ്റവും വച്ചുപൊറുപ്പിക്കേണ്ടതില്ല എന്നാണ് ഡോവലിന്റെ തീരുമാനം. അതിന് വേണ്ടിയുള്ള കൃത്യമായ നിർദ്ദേശങ്ങളാണ് അതിർത്തിയിൽ എത്തുന്നത്.