ഭോപ്പാൽ: ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാരോപിച്ച് മുംബൈയിലെ സ്റ്റാൻഡ് അപ്പ് കൊമേഡിയനെ പൊലീസ് അറസ്റ്റു ചെയ്തു. കൊമേഡിയൻ മുനാവർ ഫറൂഖിയെയാണ് അറസ്റ്റു ചെയ്തത്. പുതുവർഷാഘോഷങ്ങളുടെ ഭാഗമായി ഇൻഡോറിൽ നടത്തിയ ഒരു പരിപാടിക്കിടെ ഹിന്ദു ദൈവങ്ങളെയും കേന്ദ്രമന്ത്രി അമിത് ഷായെയും അപമാനിച്ചെന്നാരോപിച്ച് ഹിന്ദുത്വ സംഘടനകൾ നൽകിയ പരാതിയിലാണ് അറസ്റ്റ്.

ഫറൂഖിയുൾപ്പടെ നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻഡോർ സ്വദേശികളായ പ്രഖാർ വ്യാസ്, പ്രിയം വ്യാസ്, നളിൻ യാദവ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

'ഇവർക്കെതിരെ ഐ.പി.സി 188, 269, 34, 295 എ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പരിപാടി നടത്തിയത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലായിരുന്നു ഇവരുടെ അവതരണം', ഇൻഡോർ പൊലീസ് ഇൻചാർജ് കമലേഷ് ശർമ്മ പറഞ്ഞു. ഹിന്ദ് രക്ഷക് സംഘതൻ കൺവീനർ ഏകലവ്യ ഗൗർ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

ഫറൂഖി ഇതിനു മുമ്പും ഇത്തരം പരാമർശങ്ങൾ പരിപാടിക്കിടെ നടത്തിയിട്ടുണ്ട്. ഹിന്ദു ദൈവങ്ങളെ അടച്ചാക്ഷേപിക്കുന്ന രീതിയിലാണ് അദ്ദേഹം സംസാരിക്കുന്നത്. ഈ പരിപാടിയെപ്പറ്റി ഞങ്ങൾ നേരത്തെ അറിഞ്ഞിരുന്നു. സത്യം നേരിട്ടറിയാനാണ് ഞങ്ങളെത്തിയത്. എന്നാൽ ദൈവങ്ങളെ അപമാനിക്കുക മാത്രമല്ല, കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെയും ഗുരുതരാരോപണമാണ് ഫറൂഖി നടത്തിയത്.