കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മാസ് വാകിനേഷൻ പദ്ധതിയുമായി സംസ്ഥാനസർക്കാർ. 'ക്രഷിങ് കർവ്' എന്ന പേരിൽ മാസ് വാക്സിനേഷൻ പദ്ധതിയാണ് ലക്ഷ്യമിടുന്നത്. 45 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ നൽകുകയാണ് പദ്ധതിയിലുടെ ലക്ഷ്യമിടുന്നത്. പദ്ധതിയിലേക്കായി ആവശ്യമുള്ളത്രയും വാക്സിൻ നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിനേഷൻ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കുവാനും തീരുമാനമുണ്ട്.

60 വയസ്സിന് മുകളിൽ പ്രായമുള്ള നല്ല ശതമാനം ആളുകൾക്കും ഇതിനോടകം വാക്സിൻ നൽകിക്കഴിഞ്ഞു. ശേഷിക്കുന്നവർക്ക് അടുത്ത ദിവസങ്ങളിൽ വാക്സിൻ ഉറപ്പുവരുത്തും. കേന്ദ്രസർക്കാർ നിർദേശിച്ച തരത്തിലാവും വാക്സിൻ വിതരണത്തിലെ മുൻഗണന നടപ്പാക്കുക.

സംസ്ഥാനത്ത് 11 ശതമാനം പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് എന്നാണ് സിറോ സർവേ വ്യക്തമാക്കുന്നത്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ 89 ശതമാനം പേർക്ക് രോഗം ഉണ്ടാവാൻ സാധ്യത കൂടുതലാണ്. കോവിഡ് വ്യാപനം മുന്നിൽ കണ്ട് ശക്തമായ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ നടത്തും. എല്ലാ ആശുപത്രികളിലും സൗകര്യങ്ങൾ വർധിപ്പിക്കും. ആവശ്യമെങ്കിൽ സിഎഫ്എൽടികൾ സജ്ജീകരിക്കുവാനും തീരുമാനമുണ്ട്.

സംസ്ഥാനത്ത് കോവിഡ് പ്രതിരോധന നടപടികൾ കർശനമായി പാലിക്കേണ്ട സാഹചര്യമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. സംസ്ഥാനത്ത് പ്രതിരോധം കടുപ്പിക്കും. എല്ലാ ആശുപത്രികളും സജ്ജമാക്കുമെന്നും മെഡിക്കൽ കോളേജുകളിൽ കൂടുതൽ സൗകര്യങ്ങളൊരുക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ഐസിയുകളുടെ എണ്ണം വർധിപ്പിക്കും. ഗുരുതര രോഗികളെയാണ് മെഡിക്കൽ കോളേജുകളിൽ ചികിത്സിക്കുക. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ പലതും രോഗികളുടെ എണ്ണം കുറഞ്ഞപ്പോൾ പൂട്ടിയിരുന്നു. ഇത് ആവശ്യം വരികയാണെങ്കിൽ വീണ്ടും തുറക്കും. സംസ്ഥാനത്ത് വാക്‌സീനേഷൻ നടപടികൾ ദ്രുതഗതിയിലാക്കും. അറുപത് വയസിന് മുകളിലുള്ളവരെല്ലാം വാക്‌സീനെടുത്തുവെന്ന് ഉറപ്പാക്കും. മുൻഗണനാ പട്ടികയിലുള്ളവർക്കെല്ലാം രണ്ടാഴ്ചയ്ക്കകം വാക്‌സിനേഷൻ പൂർത്തിയാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

തിരഞ്ഞെടുപ്പ് കാലത്ത് വലിയ ആൾക്കൂട്ടം ഉണ്ടായി. പലസ്ഥലങ്ങളിലും കോവിഡ് പ്രോട്ടോക്കോൾ പാലിക്കപ്പെട്ടില്ലെന്നും മന്ത്രി അംഗീകരിച്ചു.ഏപ്രിൽ മാസം നിർണായകമാണ്. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കും. നിയന്ത്രണങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന് നേരിയ കോവിഡ് ലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും മന്ത്രി അറിയിച്ചു. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയും തൃപ്തികരമാണ്. എല്ലാവരും കോവിഡിനെതിരെ ജാഗ്രത വർധിപ്പിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.