കണ്ണൂർ:സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനത്തേക്ക് പി.കെ ശ്രീമതിയെ പരിഗണിക്കുന്നതിനായി കണ്ണൂർ ലോബി പിടിമുറുക്കി. സി. പി. എം കേന്ദ്ര കമ്മിറ്റിയംഗമായ ഇ പി ജയരാജന്റെ നേതൃത്വത്തിലാണ് ശ്രീമതിക്കായി കരുക്കൾ നീക്കുന്നത്. എന്നാൽ മുൻ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, ടി.എൻ സീമ എന്നിവർക്കായി തിരുവിതാംകൂറിലെ നേതാക്കളും നീക്കം നടത്തുന്നുണ്ട്. കണ്ണുരിൽ നിന്നു തന്നെ ജനാധിപത്യ മഹിളാ അസോസിയേൻ ദേശീയ വൈസ് പ്രസിഡന്റ് എൻ.സുകന്യയെ വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കണ്ണൂരിലെ നേതാക്കളിലെ വിഭാഗീയതയാണ് ശ്രീമതിക്ക് പകരം സുകന്യയെ ഉയർത്തിക്കാട്ടുന്നതിന് പിന്നിലെന്നാണ് സൂചന. നിലവിൽ കണ്ണൂർ കോർപറേഷൻ കൗൺസിലറാണ് സുകന്യ .

വെള്ളിയാഴ്ച ചേരുന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗം ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നാണ് സിപിഎം നേതാക്കൾ നൽകുന്ന വിവരംനെരുവമ്പ്രം യു.പി സ്‌കൂൾ അദ്ധ്യാപികയായിരിക്കെ സർവീസിൽ നിന്നും സ്വയം വിരമിച്ച ശ്രീമതി പാർട്ടിയിലെ സീനിയർ വനിതാ നേതാക്കളിലൊരാലാണ്. ഇന്ന് കണ്ണൂർ ജില്ലാ കൗൺസിൽ പ്രസിഡന്റ്, എംഎ‍ൽഎ, മന്ത്രി എന്ന നിലയിൽ കഴിവ് തെളിയിച്ച ശ്രീമതി ഇപ്പോൾ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും, ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റുമാണ്.എം സി. ജോസഫൈനെന്ന രാജിവെച്ച അധ്യക്ഷ ഉണ്ടാക്കിയ വിവാദങ്ങൾ തലവേദനയുണ്ടാക്കിയ സാഹചര്യത്തിൽ പാർട്ടിക്ക് പുറത്തുള്ള നിയമ വിദഗ്ദ്ധരെയും സാമൂഹിക-മനുഷ്യാവകാശ കമ്മിഷൻ പ്രവർത്തകരെയും സിപിഎം പരിഗണിക്കുന്നുണ്ട്.

വനിതാ കമ്മിഷൻ അധ്യക്ഷ പദവിയേറ്റെടുക്കാൻ തനിക്ക് താൽപര്യമുണ്ടെന്ന് പി.കെ.ശ്രീമതി പാർട്ടി നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്. ജോസഫൈന്റെ സ്ഥാനത്ത് താനായിരുന്നെങ്കിൽ നല്ല രീതിയിൽ കാര്യങ്ങൾ ചോദിച്ചു മനസിലാക്കുമായിരുന്നുവെന്ന് ശ്രീമതി പറഞ്ഞതും ശ്രദ്ധേയമാണ്.

സ്ത്രീധനവിരുദ്ധ സമീപനം സ്വീകരിക്കണമെന്ന പ്രചാരണത്തിലും ശ്രീമതി മുന്നിലുണ്ട്. വിവാഹ ശേഷം സ്ത്രീകൾ പുരുഷന്മാരുടെ വീട്ടിൽ കഴിയുന്ന രീതി തന്നെ മാറ്റണം എന്നാണ് ശ്രീമതി അഭിപ്രായപ്പെടുന്നത്. ആചാരങ്ങളിൽ മാറ്റം വരണമെന്നും വിവാഹ ശേഷം കണ്ണൂരിലെ മുസ്ലിം കുടുംബങ്ങളിലേതുപോലെ വരൻ വധുവിന്റെ വീട്ടിലേക്ക് വരട്ടെയെന്നും ശ്രീമതി ടീച്ചർ ഫേസ്‌ബുക്കിൽ കുറിച്ചു.

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ടാണ് ശ്രീമതി ടീച്ചർ ഫേസ്‌ബുക്കിൽ കുറിപ്പിട്ടത്. ന്യായം നോക്കിയാൽ വരന്റെ വീട്ടുകാർ വധുവിന്റെ മാതാപിതാക്കൾക്കാണ് പണം നൽകേണ്ടത്. ഇനി അതല്ലെങ്കിൽ വരൻ വധുവിന്റെ വീട്ടിൽ താമസിക്കട്ടെ. അപ്പോൾ പെൺകുട്ടിക്കു മാനസിക സംഘർഷവുമുണ്ടാകില്ല. പെൺകുട്ടിയുടെ ജീവന് സുരക്ഷിതത്വമുണ്ടാകുമെന്നും ശ്രീമതി ടീച്ചർ വ്യക്തമാക്കി.

പെൺകുട്ടികളെ പച്ചക്ക് തിന്നുന്ന പിശാചുക്കളെ വെറുതെ വിടരുതെന്നും അവർ വ്യക്തമാക്കി. പെൺകുട്ടികളെ കുരുതികൊടുക്കുന്ന കാടത്തം അവസാനിപ്പിക്കണം. ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും നീങ്ങുന്ന ഇത്തരം സംഭവങ്ങൾ വർധിക്കുന്നത് വലിയ അപമാനമാണ് ഉണ്ടാക്കുന്നതെന്നും അവർ കുറിച്ചു.