ഡൽഹി; ശബരിമലയിലെ യുവതി പ്രവേശത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപിയുടെ ലോക്‌സഭാംഗം ഉദിത് രാജ്. ദളിതനെന്ന നിലയിലും ഭരണഘടനയിൽ വിശ്വസിക്കുന്ന വ്യക്തിയെന്ന നിലയിലും ശബരിമലയിൽ യുവതി പ്രവേശം നടന്നതിൽ അതിയായ സന്തോഷമുണ്ട്. സുപ്രീംകോടതി വിധി നടപ്പാക്കാൻ അവസരമൊരുക്കിയ ഇടത് സർക്കാരിന് അഭിവാദ്യങ്ങൾ. ശബരിമല വിഷയത്തിലെ പ്രധാനമന്ത്രിയുടെ നിലപാടിനോടും യുവതി പ്രവേശത്തെ എതിർത്ത് തെരുവിലിറങ്ങുന്ന കേരള ബിജെപിയോടും യോജിക്കാനാവില്ല. പെണ്ണിനെ അശുദ്ധയായി കാണുന്ന എല്ലാ ആചാരങ്ങളും ലംഘിക്കേണ്ടതാണെന്നും ഉദിത് രാജ്.

ഇന്ന് പുലർച്ചെ 3.48നാണ് സുപ്രീംകോടതി വിധിക്ക് ശേഷം ആദ്യമായി യുവതികൾ സന്നിധാനത്തെത്തി ദർശനം നേടിയത്. അധികമാരും അറിയും മുൻപ് സുരക്ഷിതമായി മലയിറങ്ങുകയും ചെയ്തു. 24ന് പൊലീസ് സുരക്ഷയിൽ ദർശനത്തിന് ശ്രമിച്ച് എതിർപ്പ് മൂലം പിന്മാറേണ്ടി വന്നവരാണ് കനകദുർഗയും ബിന്ദുവും.ഇത്തവണത്തെ നീക്കങ്ങൾ അതീവരഹസ്യമായായിരുന്നു.

യുവതി പ്രവേശത്തിൽ പ്രതിഷേധിച്ച് കോൺഗ്രസും ബിജെപിയും രംഗത്ത് വന്നിരുന്നു. പ്രതിഷേധവുമായി ശബരിമല കർമസമിതിയും രംഗത്ത് വന്നു. പലയിടത്തും സംഘർഷത്തെ തുടർന്ന് ശബരിമല കർമസമിതി നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു.

ശബരിമലയിൽ ആചാരലംഘനമുണ്ടായതിനെ തുടർന്ന് നട അടച്ച് ശുദ്ധിക്രിയകൾ നടത്തി. അരമണിക്കൂറോളം ക്ഷേത്രനട ഇതിനായി അടച്ചിട്ടു. നട അടച്ച നടപടി നിയമവിരുദ്ധവും കോടതിയലക്ഷ്യവുമെന്ന് കോടിയേരിയും മന്ത്രി എ.കെ. ബാലനും. എന്നാൽ തന്ത്രിയുടെ നടപടിയിൽ വിശ്വാസികളുടെ നന്ദി അറിയിക്കുന്നതായി എൻ.എസ്.എസ്. ജനറൽ സെക്രട്ടറി പ്രതികരിച്ചു.