മുംബൈ: രാജ്യം രണ്ടാം കോവിഡ് തരംഗത്തിന്റെ പിടിയിലമർന്ന പശ്ചാത്തലത്തിൽ ആഗോളതലത്തിൽ നിന്ന് അനുകൂലമായ സൂചനകൾ ലഭിച്ചിട്ടും ഇന്ത്യൻ ഓഹരിവിപണിയിൽ ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തിൽ രണ്ടു ശതമാനം ഇടിവാണ് നേരിട്ടത്. ധനകാര്യ, ഓട്ടോ ഓഹരികളാണ് മുഖ്യമായി ഇടിവ് നേരിട്ടത്.

മുംബൈ ഓഹരി സൂചികയായ സെൻസെക്സ് ആയിരം പോയിന്റിലധികമാണ് ഇടിഞ്ഞത്. നിലവിൽ 48,000 പോയിന്റിൽ താഴെയാണ് സെൻസെക്സിൽ വ്യാപാരം നടക്കുന്നത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ഉണ്ടായി. 14500 പോയിന്റിൽ താഴെയാണ് നിഫ്റ്റിയിൽ വ്യാപാരം തുടരുന്നത്. ചെറുകിട, ഇടത്തരം ഓഹരികൾ കനത്ത വിൽപ്പന സമ്മർദമാണ് നേരിടുന്നത്.

ഏഷ്യൻ ഓഹരികൾ ഇന്ന് മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരി വിപണിയും മുന്നേറേണ്ടതാണ്. എന്നാൽ തുടർച്ചയായ അഞ്ചാംദിവസവും രണ്ടുലക്ഷത്തിലധികം കോവിഡ് രോഗികളെ കണ്ടെത്തിയ പശ്ചാത്തലത്തിൽ ഓഹരിവിപണിയിൽ വിൽപ്പന സമ്മർദ്ദം കനക്കുകയാണ്. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര തുടങ്ങി ബാങ്കിങ് ഓഹരികളാണ് മുഖ്യമായി ഇടിവ് നേരിട്ടത്. സിപ്ല ഉൾപ്പെടെ ഫാർമ ഓഹരികൾ മുന്നേറ്റം ഉണ്ടാക്കി.