കുമരകം: കുമരകത്ത് വീടുകൾക്ക് നേരെ കല്ലേറ്.അതും പട്ടാപ്പകൽ. പക്ഷേ കല്ലെറിയുന്നതാര് എന്നതിന് മാത്രം ഉത്തരമില്ല. കല്ലെറിഞ്ഞവരെ കണ്ടെത്താൻ നാട്ടുകാരും പൊലീസും പ്രദേശമാകെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. പക്ഷേ പൊലീസെത്തി അന്വേഷണം നടത്തിയതോടെ കല്ലേറും നിലച്ചു.

കുമരകം മുത്തന്റെനട ക്ഷേത്രത്തിന് സമീപത്തുള്ള ഈ പ്രദേശത്തെ റെജി കൂട്ടുമേൽ, ഷിജു വട്ടപ്പറമ്പിൽ എന്നിവരുടെയടക്കം അഞ്ചോളം വീടുകൾക്കു നേരെയാണ് കല്ലേറ് ഉണ്ടായത്. കഴിഞ്ഞ ദിവസം വീടുകൾക്കു നേരെ പല തവണ കല്ലേറുണ്ടായിരുന്നു. റെജിയുടെയും ഷിജുവിന്റെയും വീടിന്റെ ഷീറ്റുകളും കല്ലേറിൽ തകർന്നിരുന്നു.

കുറ്റിക്കാട്ടിൽ നിന്നടക്കം പല സ്ഥലത്തു നിന്നായി നാലഞ്ച് തവണ വീട്ടിലേക്കു കല്ല് വന്നതായി റെജി പറഞ്ഞു. കരിങ്കല്ലും കോൺക്രീറ്റ് കഷ്ണങ്ങളുമടക്കമാണ് വീടുകൾക്ക് നേരെ എറിഞ്ഞത്. പ്രദേശത്തുള്ളവർ തന്നെയാണോ അല്ലെങ്കിൽ മറ്റാരെങ്കിലും മറഞ്ഞിരുന്നു കല്ലറിയുന്നതാണോ എന്ന സംശയത്തിലാണ് നാട്ടുകാർ.

അയൽപക്കത്തുള്ളവർ ഒത്ത് കൂടി കല്ലെറിയുന്നവരെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കല്ലെറിഞ്ഞായാളെ കണ്ടെത്താൻ കഴിയാതെ വന്നതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ ആരാണ് കല്ലെറിഞ്ഞതെന്ന് കണ്ടെത്താൻ പൊലീസിനും കഴിഞ്ഞില്ല. പക്ഷേ പൊലീസെത്തി അന്വേഷണം നടത്തിയതോടെ കല്ലേറ് നിലച്ചു.അതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ.