കാസർകോട്: പരിമിതികൾ പടവുകൾ ആക്കി മാറ്റുമ്പോൾ ആഹ്ലാദവും അലതല്ലും. ഭിന്നശേഷിക്കാരുടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ ക്യാമ്പിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട് നാടിനാകെ അഭിമാനമായിരിക്കുകയാണ് കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശി മുഹമ്മദ് അലി പാദാർ. കേരളത്തിൽ നിന്ന് നാലുപേരാണ് ഈ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തന്റെ ശാരീരിക പരിമിതികളെ മറികടന്ന് ജീവിതം തന്നെ ക്രിക്കറ്റിന് സമർപ്പിച്ച വ്യക്തിയാണ് അലി.

ഓൾറൗണ്ടറായി തിളങ്ങി ഡിവിഷൻ, ജില്ലാ, സംസ്ഥാന തലങ്ങളിൽ അത്യുജ്വല പ്രകടനമാണ് അലി നടത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം നടന്ന ഭിന്നശേഷി രഞ്ജി മത്സരങ്ങളിലും ട്വന്റി-20 മത്സരത്തിലും കാഴ്ചവെച്ച മികച്ച പ്രകടനങ്ങളാണ് ദേശീയ തലത്തിലേക്ക് ഇടം നൽകിയത്. ജയ്പുരിൽ നടന്ന മൂന്ന് ട്വന്റി-20 മത്സരങ്ങളിൽ രാജസ്ഥാനെതിരെയും ഹരിയാനക്കെതിരെയും അർധ സെഞ്ച്വറിയും മറ്റൊരു മത്സരത്തിൽ 46 റൺസും നേടിയിരുന്നു അലി. ഈ പ്രകടങ്ങളെല്ലാം ഒരു കയ്യുമായിട്ടായിരുന്നു എന്നുള്ളതാണ് പ്രത്യേകത.

വിവിധയിടങ്ങളിൽ ഒറ്റക്കയ്യിൽ ബാറ്റ് പിടിച്ചു അലി ഉതിർത്ത സിക്സറുകൾ കായിക പ്രേമികൾക്ക് അത്ഭുതമായിരുന്നു. ഒറ്റകൈയിലെ കൈക്കുഴ മാന്ത്രികം ഏറെ അത്ഭുതപ്പെടുത്തുന്നതാണ്. നന്നേ ചെറുപ്പത്തിലേ ഒരു കൈ നഷ്ടപ്പെട്ടിരുന്നു ഇദ്ദേഹത്തിന്. പക്ഷെ പരിമിതികൾ തളർന്ന ഇരിക്കാൻ ഈ മനുഷ്യൻ തയ്യാറായില്ല . ഒറ്റക്കയുമായി കായിക രംഗത്ത് സ്വന്തം ഇടം ഉറപ്പിക്കുകയായിരുന്നു അലി. ഓഗസ്റ്റ് നാല് മുതൽ ഹൈദരാബാദിൽ നടക്കുന്ന ക്യാമ്പിലേക്ക് അലി കഴിഞ്ഞദിവസം പുറപ്പെട്ടു.

ഹമീദ് ചെർക്കള, റസാഖ് പെരഡാല, സുഹൈൽ ബി. സി റോഡ്, അഷ്റഫ് ബന്തിയോട്, മൻസൂർ ബേവിഞ്ച പെട്ടവരും നേരത്തെ അലി യോടൊപ്പം നാഷണൽ ലെവൽ മത്സരത്തിൽ പങ്കെടുത്തിരുന്നു. ഭിന്നശേഷിക്കാർക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ചിങ് ക്യാമ്പിലേക്ക് സെലെക്ഷൻ കിട്ടിയത് അഭിമാനകരനേട്ടമെന്ന് ഡിഫറെന്റലി ഏബിൾഡ് ക്രിക്കറ്റ് കാസറകോട് ജില്ല ടീം അംഗങ്ങൾ പറഞ്ഞു.

മുഹമ്മദ് അലിയെ ഇവർ അനുമോദിച്ചു .അക്കര ഫൗണ്ടേഷൻ മാനേജർ മുഹമ്മദ് യാസിറൂം അനുമോദന ചടങ്ങിൽ പങ്കെടുത്തു. ആസാദ് നഗറിലെ പരേതനായ അബ്ദുർ റഹ്മാൻ - നഫീസ ദമ്ബതികളുടെ മകനാണ്. അസ്മയാണ് ഭാര്യ. മക്കൾ: ഫാത്വിമ റജ്വ, സിദ്‌റതുൽ മുൻതഹ, നൂറ.