ന്യൂഡൽഹി: ഇന്ത്യൻ ചരിത്രത്തിലാദ്യമായി പത്മ അവാർഡ് സ്വീകരിക്കാനായി ഒരു ട്രാൻസ്ജൻഡർ റെയ്‌സീന കുന്നിലെ രാഷ്ട്രപതി ഭവന്റെ പടികൾ കയറി. മൈക്കിലൂടെ ''പത്മശ്രീ... മാതാ ബി മഞ്ചമ്മ ജോഗതി '' എന്ന അനൗൺസ്‌മെന്റ് മുഴങ്ങിയപ്പോൾ സദസിന്റെ ഇടത് വശത്ത് നിന്നും അവർ പതിയെ നടന്നുവന്നു. ഉയർന്ന കരഘോഷങ്ങൾക്കിടയിലൂടെ ചുവപ്പിനിടയിൽ സ്വർണ വരയുള്ള കരയോടുകൂടിയ വയലറ്റ് സാരിയുടുത്ത്, വലിയ ചുവന്ന പൊട്ടുതൊട്ട്, നിറയെ പൂവ് വച്ച്, ഇരുകൈകളിൽ പച്ച വളയിട്ട്, ഹൃദ്യമായി ചിരിച്ച് 64 വയസുള്ള മഞ്ചമ്മ ജോഗതി ചുവന്ന പരവതാനിയിലൂടെ വേദിയിലേയ്ക്ക് നടന്നുകയറി. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും അടങ്ങുന്ന സദസിനെ കൈകൂപ്പി വണങ്ങി. രാഷ്ട്രപതിക്ക് മുന്നിലെ മൂന്നാമത്തെ പടവിൽ തൊട്ടുതൊഴുതു. പിന്നെ ഒരു പടി കൂടി കയറി രാജ്യത്തിന്റെ പ്രഥമ പൗരന് ദൃഷ്ടിദോഷം ഉണ്ടാകാതിരിക്കാൻ സാരിത്തലപ്പുകൊണ്ട് മൂന്ന് തവണ ഉഴിഞ്ഞപ്പോൾ രാംനാഥ് കോവിന്ദ് ആദ്യമൊന്ന് പതറി. പിന്നെ പുഞ്ചിരിച്ചു. മഞ്ചമ്മയോട് കുശലം ചോദിച്ചുകൊണ്ട് പത്മശ്രീ പുരസ്‌കാരം കൈമാറി.

മഞ്ചുനാഥ് മഞ്ചമ്മയായി മാറിയ കഥ...

മഞ്ചുനാഥ ഷെട്ടിയാണ് മഞ്ചമ്മയായി മാറിയത്. ബെല്ലാരിക്ക് അടുത്ത് കല്ലുകമ്പ ഗ്രാമത്തിൽ 21 മക്കളിലൊരാളായി ജനനം. 'എത്രാമത്തെ കുഞ്ഞാണ് ഞാനെന്ന് ഇപ്പോഴും അറിയില്ല. ആര്യവൈശ്യ സമുദായത്തിലാണ് ജനിച്ചത്. പുരുഷന്മാരായ ദൈവങ്ങളെയാണ് കുടുംബം ആരാധിച്ചിരുന്നത്. സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനേക്കാൾ അമ്മയ്‌ക്കൊപ്പം സമയം ചെലവഴിക്കാനാണ് ഞാൻ ഇഷ്ടപ്പെട്ടിരുന്നത്.'' ആണുടലിലെ പെൺസ്വത്വം കുട്ടിക്കാലം മുതലേ തിരിച്ചറിഞ്ഞു. കൗമാരമെത്തിയപ്പോൾ ശരീരവും മനസ്സും തമ്മിലെ യുദ്ധം മുറുകി. കളിയിടങ്ങളിൽ, കൂട്ടുകൂടലുകളിൽ പെൺ താൽപര്യമായിരുന്നു നയിച്ചിരുന്നത്. 'വീട്ടുകാർ പറയുമായിരുന്നു ഞാൻ നടക്കുന്നതും സംസാരിക്കുന്നതും പെൺകുട്ടികളെപ്പോലെയാണെന്ന്. പാത്രം കഴുകുന്നതും പൂജ ചെയ്യുന്നതും കോലമിടുന്നതും എല്ലാം എനിക്ക് ഇഷ്ടമായിരുന്നു. എന്നാൽ അതിലെ സ്ത്രീശൈലി ചൂണ്ടിക്കാട്ടി അച്ഛനും അമ്മയും ദേഷ്യപ്പെടും. ശിക്ഷിക്കും''. പതിനഞ്ചാം വയസിൽ യാത്രപോകാമെന്നു പറഞ്ഞ് വീട്ടുകാർ അവളെ ഹൊസ്‌പേട്ടിലെ ജോഗപ്പ ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുപോയി. അരയിൽ ചരട് കെട്ടി. മുത്ത് കോർത്ത മാല കഴുത്തിലിട്ടുനൽകി. പാവാടയും ബ്ലൗസും വളകളും കൊടുത്തു. തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ തരിച്ചു നിന്ന മഞ്ചുനാഥനോട് വീട്ടുകാർ പറഞ്ഞു ''നീ ഇനി മുതൽ ദൈവത്തിന്റെ വധുവാണ്''. അങ്ങിനെ മഞ്ചുനാഥ് മഞ്ചമ്മയായി രൂപാന്തരപ്പെട്ടു. തൊണ്ടയിൽ കുരുങ്ങിയ കരച്ചിൽ പുറത്തുവരും മുൻപ് വീട്ടുകാർ അവളെ തനിച്ചാക്കി മറഞ്ഞു.

ആശ്രയമായ ജോഗതി നൃത്തസംഘം

പെട്ടെന്ന് ആരുമില്ലാതായ, വലിയ ലോകത്ത് തനിച്ചാക്കപ്പെട്ട മഞ്ചമ്മ കീറിപ്പഴകിയ സാരിയുടുത്ത് തെരുവുകളിൽ ഭിക്ഷ യാചിച്ചു. ആളുകൾ മിക്കപ്പോഴും ആട്ടിപ്പായിച്ചു. അക്രമിച്ചു. രാത്രിയാകുമ്പോൾ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. ശരീരവും മനസും തകർന്ന്, ചതഞ്ഞ് തീരവേ അവൾ ജീവനൊടുക്കാൻ തീരുമാനിച്ചു. കഷ്ടപ്പെട്ട് കിട്ടിയ വരുമാനം കൊണ്ട് ഒരു കുപ്പി വിഷം വാങ്ങി. എല്ലാ വേദനങ്ങളുടെയും അവസാനം ആഗ്രഹിച്ച് വിഷം കുടിച്ചു. പക്ഷെ കാലം കാത്തുവച്ച നിയോഗം മറ്റൊന്നായിരുന്നു.

മരണം കാത്ത് കണ്ണടച്ച് കിടന്ന അവളെ ജോഗതി നൃത്തസംഘം ജീവിതത്തിലേയ്ക്കു മടക്കിക്കൊണ്ടുവന്നു. മഞ്ചമ്മ ആത്മഹത്യയ്ക്കു ശ്രമിച്ച വിവരം വീട്ടുകാർ അറിഞ്ഞിരുന്നു. എന്നാൽ മാതാപിതാക്കളോ, സഹോദരങ്ങളോ അവളെ കാണാൻ ആശുപത്രിയിൽ വന്നില്ല.

തെരുവിൽ നിന്നും രാഷ്ട്രപതി ഭവനിലേയ്ക്ക്

ജോഗതി നൃത്തമെന്നത് ജോഗപ്പകളെന്ന് വിളിക്കപ്പെടുന്ന വടക്കൻ കർണാടകയിലെയും ആന്ധ്രയിലെയും മഹാരാഷ്ട്രയിലെയും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കിടയിലെ നാടോടി പാരമ്പര്യ നൃത്തരൂപമാണ്. യെല്ലമ്മയെന്ന ദേവതയെ പ്രീതിപ്പെടുത്താനാണ് നൃത്തം. മട്ടിക്കൽ ബസപ്പയായിരുന്നു മഞ്ചമ്മയുടെ ആദ്യ ഗുരു. കാലവാ ജോഗതിയായിരുന്നു അടുത്ത ഗുരു. തലയിൽ കുടമെല്ലാം വച്ചാണ് ജോഗതി നൃത്തം. തനത് കലാരൂപം. പൊതുവേ ദേവദാസികളാണ് ഈ നൃത്തം അവതരിപ്പിക്കുന്നത്.

മഞ്ചമ്മയും ഗുരു കാലവാ ജോഗതിയും ചേർന്ന് പാരമ്പര്യത്തിന്റെ പുറമ്പോക്കിൽ നിന്ന് ജോഗതി നൃത്തത്തെ പൊതുവേദിയിലെത്തിച്ചു. കൃത്യമായ ചിട്ടവട്ടങ്ങളോടെ നിലനിൽക്കുന്ന ഒരുപക്ഷേ ഏക ജോഗതി നൃത്തസംഘം മഞ്ചമ്മയുടേതാണ്. ബി.എസ് യഡ്യൂരപ്പ മുഖ്യമന്ത്രിയായിരിക്കെ കർണാടക ജാനപദ അക്കാദമിയുടെ ആദ്യ ട്രാൻസ്‌ജെൻഡർ അധ്യക്ഷയായി മഞ്ചമ്മയെ നിയമിച്ചു. പാരമ്പര്യകലരൂപങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം നാടോടി കലാകാരന്മാരുടെയും ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെയും സംരക്ഷണത്തിനായി മഞ്ചമ്മ മുന്നിട്ടിറങ്ങി. അവശതയനുഭവിക്കുന്ന ട്രാൻസ്‌ജെൻഡർ കലാകാരന്മാർക്ക് പുരധിവാസ കേന്ദ്രം നിർമ്മിക്കാനുള്ള പരിശ്രമത്തിലാണ്.