തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും നിർദ്ദേശം നൽകി.

ഓഫിസുകളുടെ പ്രവർത്തനത്തിന് കൂടുതൽ നിയന്ത്രണങ്ങൾ സംസ്ഥാന സർക്കാർ ഏർപ്പെടുത്തി. കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാർ (പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവ), സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരമാവധി 25 ശതമാനം ജീവനക്കാരേ മാത്രമേ അനുവദിക്കൂ. ബാക്കിയുള്ളവർക്ക് വർക്ക് ഫ്രം ഹോം സംവിധാനത്തിൽ ജോലി ചെയ്യാവുന്നതാണ്. ഇക്കാര്യം വ്യക്തമാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കി.

ചൊവ്വാഴ്ച മുതലുള്ള നിയന്ത്രണങ്ങളിൽനിന്ന് അവശ്യ സർവീസുകൾക്ക് ഇളവു നൽകി. ആരോഗ്യ സ്ഥാപനങ്ങൾ, ലാബുകൾ, ഫാർമസി, ഭക്ഷണസാധനങ്ങൾ വിൽക്കുന്ന (ബേക്കറികൾ ഉൾപ്പെടെ) കടകൾ, പോസ്റ്റൽ/ കുറിയർ സർവീസുകൾ, സ്വകാര്യ ട്രാൻസ്‌പോർട്ട് ഏജൻസികൾ, ടെലികോം/ ഇന്റർനെറ്റ് സർവീസുകൾ തുടങ്ങിയവയ്ക്കാണ് ഇളവ്.

കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും നിലവിലുണ്ടായിരുന്നതിനു സമാനമായ നിയന്ത്രണങ്ങളാണ് നാളെ മുതൽ നിലവിൽ വരുക. നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് തിരിച്ചറിയൽ കാർഡ് കാണിച്ചു യാത്ര ചെയ്യാം. കുറിയർ സർവീസ് ഹോം ഡെലിവറി വിഭാഗത്തിൽപ്പെട്ടതായതിനാൽ അവയ്ക്ക് ഇളവുണ്ട്.

കുറിയർ സർവീസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്കു നഗരത്തിലോ പരിസരത്തോ ഉള്ള ഗോഡൗണിലേക്കു പോകുന്നതിനും വരുന്നതിനും നിയന്ത്രണമില്ല. കുറിയർ വിതരണത്തിന് തടസ്സമില്ല. എന്നാൽ അത്തരം സ്ഥാപനങ്ങളിൽ നേരിട്ട് ചെന്ന് സാധനങ്ങൾ കൈപ്പറ്റാൻ പൊതുജനങ്ങളെ അനുവദിക്കില്ല. ഇ-കൊമേഴ്‌സുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.

ക്വാറന്റീനിൽ കഴിയുന്നവർ പുറത്തുപോകുന്നില്ലെന്ന് ഉറപ്പാക്കാനായി പഞ്ചായത്തുകളിലെ എല്ലാ വാർഡിലും ഒരു വനിതാ പൊലീസ് ഓഫിസറെ വീതം നിയോഗിക്കും. വനിതാ പൊലീസ് സ്റ്റേഷൻ, വനിതാ സെൽ, വനിതാ സ്വയം പ്രതിരോധ സംഘം എന്നിവിടങ്ങളിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെയാണ് ഇതിനായി നിയോഗിക്കുക.

സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ ഇവരുടെ പ്രവർത്തനം നിരീക്ഷിക്കും. സംസ്ഥാന വനിതാ സെല്ലിലെ വനിതാ പൊലീസുകാരെയും ഇത്തരം പ്രവർത്തനങ്ങൾക്കു നിയോഗിക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്കും തിരുവനന്തപുരം റൂറൽ പൊലീസ് മേധാവിക്കും നിർദ്ദേശം നൽകി. വനിതാ സെൽ എസ്‌പി പരമാവധി വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഇതിനായി കണ്ടെത്തും. ഈ ജോലികൾക്കായി വനിതാ പൊലീസ് ഉദ്യോഗസ്ഥരെ പരമാവധി അവരുടെ നാട്ടിൽ തന്നെ നിയോഗിക്കും.

ഓക്‌സിജൻ കൊണ്ടുപോകുന്ന വാഹനങ്ങൾക്കു യാതൊരു തടസ്സവുമില്ലാതെ കടന്നുപോകുന്നതിന് സ്റ്റേഷൻ ഹൗസ് ഓഫിസർമാർ സൗകര്യമൊരുക്കും. ഓക്‌സിജൻ, മരുന്നുകൾ എന്നിവയുടെ നീക്കം തടസ്സപ്പെടാതിരിക്കാൻ എല്ലാ ജില്ലകളിലും ഒരു നോഡൽ ഓഫിസറെ ജില്ലാ പൊലീസ് മേധാവി നിയോഗിക്കും. ഓക്‌സിജൻ കൊണ്ടുപോകുന്ന ഗ്രീൻ കോറിഡോർ സംവിധാനത്തിന്റെ നോഡൽ ഓഫിസറായി ക്രമസമാധാന വിഭാഗം എഡിജിപിയെ നിയോഗിച്ചു.

അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ ക്രമസമാധാനപ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന് സ്റ്റേഷൻ ഹൗസ് ഓഫിസർമാർ പ്രത്യേകം ശ്രദ്ധ പതിപ്പിക്കും. ഇത്തരം ക്യാംപുകളിൽ ദിവസേന സന്ദർശനം നടത്തണമെന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും ഡിവൈഎസ്‌പിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.