തിരുവനന്തപുരം: കെഎസ്ആർടിസിയിൽ 23 ന് പണിമുടക്ക് ആഹ്വാനം ചെയ്ത് യുഡിഎഫ് അനുകൂല സംഘടന. സ്വിഫ്റ്റ് കമ്പനി രൂപീകരണത്തിൽ നിന്ന് പിന്മാറണം, ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നുമാണ് ആവശ്യം. സ്വിഫ്‌റ്റ്‌ രൂപീകരണത്തെ യുഡിഎഫ് സംഘടനയായ ടിഡിഎഫും ബിഎംഎസും എതിർക്കുമ്പോൾ സിഐടിയു അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. ‌

ദീർഘദൂര സർവീസുകൾ ലാഭകരമായി നടത്താൻ കെഎസ്ആർടിസിക്കു കീഴിൽ സ്വിഫ്റ്റ് (സ്മാർട് വൈസ് ഇന്റഗ്രേറ്റഡ് ഫാസ്റ്റ് ട്രാൻസ്പോർട്ട് സിസ്റ്റം) എന്ന കമ്പനി രൂപീകരിക്കാനായിരുന്നു സർക്കാരിന്റെ ആലോചന. 10 വർഷത്തേക്കാണ് ഈ കമ്പനി പ്രവർത്തിക്കുക. ദീർഘദൂര സർവീസുകൾ ഇപ്പോൾ ആളില്ലാതെ ഓടി നഷ്ടമുണ്ടാക്കുകയാണ്. ഇതു തടയാൻ കൃത്യമായ സമയക്രമീകരണവും ജിപിഎസ് സംവിധാനവും കംപ്യൂട്ടറൈസ്ഡ് ബുക്കിങ്ങും കൊണ്ടുവന്ന് 720 ഹൈടെക് ബസുകൾ ദീർഘദൂര സർവീസിനായി ഇൗ കമ്പനിയിലേക്കു മാറ്റാനാണു തീരുമാനിച്ചത്. കിഫ്ബി വഴി വാങ്ങുന്ന 360 ഹൈടെക് ബസുകൾക്കു പുറമേ കെഎസ്ആർടിസി ഇപ്പോൾ ഓടിക്കുന്ന എസി ലോ ഫ്ലോർ 360 ബസുകളും കമ്പനിയിലേക്കു മാറ്റും.

കെഎസ്ആർടിസി ബസും റൂട്ടും പുതിയ കമ്പനിക്കു വാടകയ്ക്കു നൽകുന്ന രീതിയിലാണു വ്യവസ്ഥ. വർക്‌ഷോപ് സൗകര്യത്തിനും ബസ് സ്റ്റാൻഡുകളിൽ കയറിപ്പോകുന്നതിനും കമ്പനി കെഎസ്ആർടിസിക്കു വാടക നൽകും. ജീവനക്കാരുടെ സേവനത്തിനും വാടക നൽകും. അങ്ങനെ കമ്പനി വഴി കെഎസ്ആർടിസിക്കും വരുമാനം ലഭിക്കുന്ന രീതിയിലാണ് ആസൂത്രണം ചെയ്തത്. ദീർഘദൂര സ്വകാര്യ സർവീസുകളോടു മത്സരിക്കാൻ ആധുനിക സാങ്കേതികവിദ്യയും ഏകീകൃത കൺട്രോളിങ് സിസ്റ്റവും ഉപയോഗിക്കും.

കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിനായി സ്വിഫ്റ്റ് കമ്പനി രൂപീകരിക്കുന്നതിൽ തൊഴിലാളി യൂണിയനുകൾക്ക് എതിർപ്പുണ്ടെങ്കിൽ അത് പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള സൊസൈറ്റിയാക്കാമെന്ന നിർദ്ദേശം ധനമന്ത്രി തോമസ് ഐസക് മുന്നോട്ട് വെച്ചിരുന്നു. കെഎസ്ആർടിസിയുടെ പുനരുദ്ധാരണം സംബന്ധിച്ച് മന്ത്രിമാരായ ഡോ. തോമസ് ഐസക്, എ കെ ശശീന്ദ്രൻ, കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ എന്നിവർ അംഗീകൃത യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ്‌ ഇക്കാര്യം അറിയിച്ചത്‌.

മാറ്റങ്ങൾ എല്ലാവരും മനസ്സിലാക്കണം. അഞ്ച്‌ വർഷത്തിനകം കെഎസ്ആർടിസിക്ക് 6000 കോടി രൂപയാണ്‌ സർക്കാർ നൽകിയത്. ഈ നിലയിൽ മുന്നോട്ട് പോകാനാകില്ല. സുശീൽഖന്ന റിപ്പോർട്ടു പ്രകാരമുള്ള പരിഷ്കരണവും ശമ്പളപരിഷ്കരണവും ഉൾപ്പെടെയുള്ള പാക്കേജാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതിൽ ഏതെങ്കിലും ഒന്നോ രണ്ടോ മാത്രം നടപ്പാക്കിയതിന്റെ ദുർഗതിയാണ് കെഎസ്ആർടിസി ഇന്ന് നേരിടുന്നതെന്നും മന്ത്രി പറഞ്ഞു.

എല്ലാ പൊതുമേഖലയെയും സംരക്ഷിക്കുക എന്നത് സർക്കാർ നയമാണ്. ജീവനക്കാർക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങളും നൽകണം. പിരിച്ചുവിടപ്പെട്ടവർക്ക് പുനഃപ്രവേശനം നൽകണം. അതുകൊണ്ടാണ് പുനരുദ്ധാരണ നടപടികൾ വേണമെന്ന് സർക്കാർ പറയുന്നതെന്നും മന്ത്രി യൂണിയൻ നേതാക്കളെ അറിയിച്ചു. പിരിച്ചുവിടപ്പെട്ടവർക്ക് പുനഃപ്രവേശനം നൽകണമെന്നും നിലവിലുള്ളവർക്ക് തൊഴിലും ശമ്പളവും ഉറപ്പുവരുത്തുന്നപക്ഷം സർക്കാരിന്റെ പുനരുദ്ധാരണ നടപടികളോട്‌ സഹകരിക്കാമെന്നും കെഎസ്‌ആർടിഇഎ (സിഐടിയു) അറിയിച്ചു.