മൂന്നാർ: വിദ്യാർത്ഥികളിൽ ഒരാൾക്ക് കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ബാക്കിയുള്ള കൂട്ടികൾക്കും പരിശോധന നടത്തണമെന്നും കിട്ടുന്ന വാഹനത്തിൽ എത്താനും ഹെൽത്ത് ഇൻസ്പെക്ടറുടെ നിർദ്ദേശം. രക്ഷിതാക്കൾ വാഹനത്തിനായി നെട്ടോട്ടം ഓടിയിട്ടും രക്ഷയില്ല. ക്വാറന്റൈൻ ഭീഷിണിയുള്ളതിനാൽ ടാക്സിക്കാർ ഓട്ടം വിളിച്ചിട്ട് വരുന്നില്ലന്നും മക്കളെ ആശുപത്രിയിലെത്തിക്കാൻ വഴിയില്ലെന്നും തങ്ങൾ ആശങ്കയിലാണെന്നും രക്ഷിതാക്കൾ.

ഇടുക്കി മൂന്നാർ മേഖലയിലെ സർക്കാർ സ്‌കൂളിലെ 10-ാം ക്ലാസ്സ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളാണ് മക്കളെ കോവിഡ് ടെസ്റ്റിന് എത്തിക്കാൻ മാർഗ്ഗമില്ലാതെ വിഷമസ്ഥിതിയിലായിരിക്കുന്നത്. സംഭവം വാസ്തവമാണെന്നും പ്രശ്നം പരിഹരിക്കാൻ സ്‌കൂൾ പി റ്റി എ നീക്കം നടത്തിവരികയാണെന്നും പ്രസിഡന്റ് മറുനാടനോട് വ്യക്തമാക്കി. ഈ മാസം 1 മുതൽ 10-ാം ക്ലാവിദ്യാർത്ഥികളായ 11 പേർ ക്ലാസ്സിലെത്തിയിരുന്നു. ഇതിൽ ഒരു കുട്ടിയുടെ പിതാവ് 5 -ാം തീയതി രോഗബാധയെത്തുടർന്ന് മരണപ്പെട്ടു. തുടർന്നുനടന്ന കോവിഡ് ടെസ്റ്റിൽ ഫലം പോസിറ്റിവായി. 7-ാം തീയതി മാതാവിനെയും വിദ്യാർത്ഥിയെയും ടെസ്റ്റിന് വിധേയമാക്കുകയും ഇവരും വൈറസ് ബാധിതരെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.

തുടർന്നാണ് ഒപ്പം പഠിച്ചിരുന്ന 10 വിദ്യാർത്ഥികളെ കോവിഡ് പരിശോധനയ്ക്കെത്തിക്കാൻ ആരോഗ്യവകുപ്പ് സ്‌കൂൾ അധികൃതരോട് ആവശ്യപ്പെട്ടു്. എസ്റ്റേറ്റ് മേഖലയായതിനാൽ ഇവിടുത്തുകാർ യാത്രയ്ക്കായി കൂടുതലും ആശ്രയിക്കുന്നത് ടാക്സി വാഹനങ്ങളെയാണ്.
കൊണ്ടുപോകുന്ന വിദ്യാർത്ഥികളിൽ ആരെങ്കിലും കോവിഡ് പോസിറ്റീവായാൽ തങ്ങൾ 14 ദിവസം വീട്ടിലിരിക്കേണ്ടി വരുമെന്നും തൊഴിലെടുക്കാൻ കഴിയാതെ കുടുംബം കഷ്ടപ്പാടിലാവുമെന്നും അതിനാൽ തങ്ങൾക്ക് ഓട്ടം വരാനാവില്ലന്നുമാണ് ടാക്സി ഡ്രൈവർമാർ കുട്ടികളുടെ രക്ഷിതാക്കളോട് വെളിപ്പെടുത്തുന്നത്.

മേഖലയിലെ ടാക്സി ഡ്രൈവർമാരിൽ ഭൂരിഭാഗവും അന്നന്ന് കിട്ടുന്ന വരുമാനം കൊണ്ട് കഴിഞ്ഞുകൂടുന്നവരാണെന്നും ക്വാറന്റൈൻ ഇരിക്കേണ്ടിവന്നാൽ കുടുംബം കഷ്ടപ്പെടുമെന്ന ഇവരുടെ വെളിപ്പെടുത്തലിൽ കഴമ്പുണ്ടെന്നും പിറ്റിഎ കമ്മറ്റി പ്രസിഡന്റും ശരിവയ്ക്കുന്നു.ഈ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അധികൃതർ മുൻകൈ എടുത്ത് വാഹനമെത്തിച്ച് വിദ്യാർത്ഥികളെ വീടുകളിൽ നിന്നും പരിശോധന കേന്ദ്രത്തിലെത്തിക്കണമെന്നാണ് രക്ഷിതാക്കൾ ആവശ്യം.

ഇന്ന് രാവിലെ ഇതുവരെയും ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നും അനുകൂല തീരുമാനം അറിയിച്ചിട്ടില്ലന്നും ഈ നില തുടർന്നാൽ പ്രത്യക്ഷസമരപരിപാടികൾ ആവിഷ്‌കരിക്കാൻ രക്ഷിതാക്കൾ സ്‌കൂളിൽ ഒത്തുകൂടുമെന്നും പി റ്റി എ പ്രസിഡന്റ് അറിയിച്ചു.