മലപ്പുറം: ജന്മനാ രണ്ടു കൈകളുമില്ലാത്ത ദേവിക പത്താംക്ലാസിലും പ്ലസ്ടുവിലും ഏവരേയും ഞെട്ടിച്ച് നേടിയത് ഫുൾ എ പ്ലസാണ്. ചരിത്രനേട്ടം കുറിച്ച ഈ കൊച്ചുമിടുക്കിക്ക് ഇനി ആഗ്രഹം പോലെ ഐ.എ.എസിന് പഠിക്കാനും അവസരം. സൗജന്യമായി പഠനത്തിന് അവസരമൊരുക്കി അബ്സല്യൂട്ട് ഐ.എ.എസ് അക്കാദമിമാണ് രംഗത്തുവന്നത്.

ജന്മനാ രണ്ടു കൈകളുമില്ലാത്ത ദേവിക കാലുകൾ കൊണ്ട് പ്ലസ്ടു പരീക്ഷ എഴുതി മുഴുവൻ എ പ്ലസ് നേടിയത് വലിയ ചർച്ചയായിരുന്നു. ഇനി ദേവികയുടെ ആഗ്രഹം ഐ.എ.എസിനു പഠിക്കാനാണെന്നു വിജയത്തിന് ശേഷം ദേവിക പ്രതികരിച്ചിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട അബ്സല്യൂട്ട് ഐ.എ.എസ് അക്കാദമിയാണ് ഒരു ലക്ഷത്തിലധികം ഫീസ് വരുന്ന കോഴ്സ് ദേവികക്ക് സൗജന്യമായി ചെയ്യാൻ അവസരമൊരുക്കാമെന്ന് വാഗ്ദാനം നൽകിയത്.

ദേവിക ഡിഗ്രിക്കു പഠിക്കുകയാണെങ്കിൽ ശനി, ഞായർ ദിവസങ്ങളിലായി പ്രത്യേക പരിശീലനം നൽകാനും, ബുദ്ധിമുട്ടാണെങ്കിൽ വീട്ടിൽവെച്ചു തന്നെ പഠിക്കാനുള്ള അവസരമൊരുക്കാനും സന്നദ്ധരാണെന്ന് അബ്സല്യൂട്ട് ഐ.എ.എസ് അക്കാദമി മാനേജിങ് ഡയറക്ടറും, ചെയർമാനുമായ ജോബിൻ എസ്. കൊട്ടാരം പറഞ്ഞു.

ജന്മനാ രണ്ടു കൈകളുമില്ലാത്ത ദേവിക പഠനത്തിലും ചിത്രം വരയിലും പട്ടിലുമെല്ലാം മുൻപ് തന്നെ തന്റെ കഴിവ് തെളിയിച്ചതാണ്. . ഇതിനു മുൻപ് പത്താം ക്ലാസ്സ് പരീക്ഷയിലും മുഴുവൻ എ പ്ലസ് നേടി ശ്രദ്ധ നേടിയിരുന്നു. അന്ന് ദേവികയെ അഭിനന്ദിക്കാനായി സുരേഷ് ഗോപി മുതൽ നിരവദി ഉന്നത വ്യക്തികൾ ദേവികയുടെ വീട്ടിൽ എത്തിയിരുന്നു.

പരീക്ഷ എഴുതുവാൻ സഹായിയെ വെയ്ക്കാനുള്ള അവസരങ്ങൾ ഉണ്ടായിട്ടും അത് ചെയ്യാതെ സ്വയം എഴുതി വിജയം നേടുകയായിരുന്നു. പിതാവ് ചോയിമടത്തിൽ പാതിരാട്ട് സജീവും മാതാവ് സുജിതയുമാണ് കാലുകൊണ്ട് എഴുതാൻ ദേവികയെ പഠിപ്പിച്ചത്. ഇതിനുമുൻപ് ദേവിക വരച്ച ചിത്രങ്ങൾ കോഴിക്കോട് ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചിരുന്നു.