തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്ത ഇരുപത്തിയൊന്ന് ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ട റിമാൻഡിലാകുമ്പോൾ ചർച്ചയാകുന്നത് പൊലീസ് ഇടപെടൽ. കരിപ്പൂർ ഗവ ഹൈ സ്‌കൂളിന് സമീപം മൊട്ടൽമുട് കുഴിവിള വീട്ടിൽ സ്റ്റംബർ അനീഷ്(32) നെയാണ് നെടുമങ്ങാട് സിഐ എസ് സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിക്കതെിരെ കാപ്പ ചുമത്താനുള്ള ശുപർശ പൊലീസ് നല്കി കഴിഞ്ഞു.

ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നും ഇക്കഴിഞ്ഞ 8ന് രാത്രി 11.30 നു വാണ്ടയിലേക്ക് ഓട്ടം വിളിച്ച ഓട്ടോറിക്ഷയിൽ പോയ ശേഷം ഇറങ്ങിയപ്പോൾ 50 രൂപ ഓട്ടോ കൂലി ചോദിച്ച ഓട്ടോ ഡ്രൈവറെ ഷർട്ടിന് കുത്തി പിടിച്ച് ഭീഷണിപ്പെടുത്തുകയും, അയാളുടെ പോക്കറ്റിൽ ഉണ്ടായിരുന്ന 12200 രൂപയും, മൊബൈൽ ഫോണും കവർച്ച ചെയ്യുകയും കത്തി കാണിച്ച് കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് സ്റ്റംബർ അനീഷിനെ അറസ്റ്റ് ചെയ്തതെന്ന് നെടുമങ്ങാട് പൊലീസ് അറിയിച്ചു.

സിഐയുടെ നേതൃത്വത്തിൽ എസ്ഐമാരായ കെ ആർ സൂര്യ, എസ് സുരേഷ് കുമാർ, പി ഭുവനചന്ദ്രൻ, എഎസ്ഐ ഷാജി, എസ്സിപിഒമാരായ സി ബിജു, സി മാധവൻ, പ്രസാദ്, സിപിഒമാരായ ശരത്ത്, അജിത്ത്, ഇർഷാദ്, ഉണികൃഷ്ണൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അനീഷിൽ നിന്നും സ്റ്റംബർ അനീഷിലേയ്ക്കുള്ള മാറ്റം

സ്ഥലത്തെ ഗുണ്ടയാണെങ്കിലും ക്രിക്കറ്റ് കളി അനീഷിന് വീക്കനെസാണ്. നെടുമങ്ങാട് എവിടെ കളി നടന്നാലും അനീഷ് എത്തും അത് കളിക്കാനായാലും കാണി എന്ന നിലയിലായാലും അനീഷും കൂട്ടരും ഉണ്ടാവും. കളി കഴിഞ്ഞാൽ അനീഷ് കളിക്കാരന്റെ റോളിലാണെങ്കിൽ തോറ്റാലും ജയിച്ചാലും എതിരാളികളെ മർദ്ദിക്കും അതും സ്റ്റംമ്പ്് ഊരിയാവും മർദ്ദനം.

ഇനി കളി കാണാൻ എത്തിയാലും തോൽക്കുന്ന ടീമിന് അനീഷ് വക മർദ്ദനം ഉണ്ട്. ഈ സ്റ്റംമ്പ് ഊരിയുള്ള മർദ്ദനം തുടർക്കഥയായതോടെയാണ് ഗുണ്ട അനീഷ് സ്റ്റംബർ അനീഷ് ആയി മാറിയത്.

വീട്ടമ്മയുടെ വസ്ത്രം വലിച്ചഴിച്ച ക്രൂരത

2016 നവംബറിലാണ് സംഭവം. പരാതിക്കാരിയുടെ മകനോടുള്ള വിദ്വേഷം നിമിത്തം സ്റ്റംബർ അനീഷും കൂട്ടാളികളും സംഘം ചേർന്ന് നെടുമങ്ങാട്ടെ മുക്കം തോട് എന്ന സ്ഥലത്ത് വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് തടഞ്ഞു നിർത്തി ഭാർത്താവിനെയും മകനെയും മർദ്ദിച്ചു. ഇതിനെ ചോദ്യം ചെയ്്ത പരാതിക്കാരിയുടെ വസ്ത്രം വലിച്ചഴിച്ച് അർദ്ധ നഗനയാക്കി. എന്നിട്ടും തീർന്നില്ല ക്രൂരത.

ഇവരുടെ വീട്ടിലെത്തി വീണ്ടും അക്രമം തുടർന്നു. വീടിന്റെ ജനാലയും വാതിലും അടിച്ചു പൊട്ടിച്ചു. ഈ സംഭവത്തിൽ സ്റ്റംബർ അനീഷിനെ 2017 ജനുവരിയിൽ അതായത് കൃത്യം രണ്ടു മാസത്തിന് ശേഷം വലിയമല പൊലീസ് അറസ്റ്റു ചെയ്തു. പൊലീസ് കുറ്റ പത്രം സമർപ്പിച്ചു. കേസിന്റെ വിചാരണ നെടുമങ്ങാട് കോടതിയിൽ ഇപ്പോൾ നടന്നു വരികയാണ്.

വാണ്ട ജംഗഷ്നിൽ വെച്ച് ഓട്ടോ ഡ്രൈവരോടു കാണിച്ച അതിക്രമാണ് മറ്റൊരു കേസ്. 2016 ഏപ്രിലിൽ അനീഷ് എന്ന ഓട്ടോ ഡ്രൈവറെ തടഞ്ഞു നിർത്തി പിടിച്ചറിക്കി റബ്ബർ തോട്ടത്തിൽ കൊണ്ടു പോയിു പണാപഹരണം നടത്തിയ ശേഷം മർദ്ദിച്ചവശനാക്കിയ കേസിലും സ്റ്റംബർ അനീഷ് രണ്ടാം പ്രതിയാണ്. ഇതേ വർഷം തന്നെ ജൂലൈയിൽ കരിപ്പൂർ ജംഗ്ഷനിൽ വെച്ച് മുരളി എന്നയാളിനെ കമ്പികൊണ്ടടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.

തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു ഉദ്ദേശം ഈ കേസിലും അനീഷ് പിടിയിലായി. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. 2016 ആഗസ്ററിൽ ഖാദി ബോർഡ് ജംഗ്ഷനിൽ വെച്ച് ബിജിൻ രാജ് എന്ന ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ച് അവശനാക്കി പണവും മൊബൈൽ പോണുമം കവർന്ന കേസിലും സ്റ്റംബർ അനീഷ് പ്രതിയാണ്. 2016 ഡിസംബറിൽ നടന്ന ഒരു മാല പിടിച്ചു പറി കേസിലും അനീഷ് പ്രതിയാണ് നെടുമങ്ങാട് പൊലീസ രജിസ്റ്റർ ചെയ്ത കേസിൽ അനീഷ് ഉൾപ്പെടെ രണ്ടു പ്രതികളാണ് ഉള്ളത്.

നെടുമങ്ങാട് പഴകുററിക്ക സമീപം വെച്ച് 2017 ജനുവരിയിൽ കുമരേശൻ പിള്ള എന്നയാളിന്റെ മാല കവർന്ന കേസിലും പിടിക്കപ്പെട്ടത് അനീഷായിരുന്നു.പഴകുറ്റിക്ക് സമീപം വെച്ച് 2017 ജനുവരിയിൽ കുമരേശൻ പിള്ള എന്നയാളിന്റെ മാല കവർന്ന കേസിലും പിടിക്കപ്പെട്ടത് അനീഷായിരുന്നു.പഴകുറ്റിക്ക സമീപം നടന്ന ഒരു വധ ശ്രമ കേസിലും അനീഷ് തന്നെ മുഖ്യ പ്രതി. മുൻ വിരോധത്താൽ ശരത്ത്് എന്നയാളിനെ കത്തി കഴുത്തിൽ ചേർത്ത് പിടിച്ച് വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്.

കരിപ്പൂരിൽ വീടിന് മുന്നിലുള്ള പരസ്യ മദ്യാപാനത്തെ ചോദ്യം ചെയ്ത വീട്ടുടമസ്ഥനെ ആക്രമിച്ച കേസിലും സ്‌ക്കൂൾ പരിസരത്ത് കഞ്ചാവു വിൽപ്പന് നടത്തിയ കേസിലും ചാരായ വാറ്റിനുമടക്കം 21 കേസുകൾ ഉള്ള അനീഷ് മാന്യതയുടെ കുപ്പായം അണിയാനായി നെടുമങ്ങാട് ബസ്സ്റ്റാൻഡ്് പരിസരത്ത് ഓട്ടോറിക്ഷ ഓടിച്ചിരുന്നു. ഒന്ന് വിരട്ടിയാൽ വിരളുന്ന യാത്രക്കാരെ കൊള്ളയടിച്ചിരുന്ന അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടയ്ക്കാനുള്ള നടപടി പൊലീസ് തുടങ്ങി കഴിഞ്ഞു.