ഗോരഖ്പൂർ: ആഭരണ വ്യാപാരിയിൽ നിന്ന് പണവും സ്വർണാഭരണങ്ങളും കവർന്ന മൂന്ന് പൊലീസുകാർ ഉൾപ്പെടെ ആറ് പേരെ ഗോരഖ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബരാസ്തി ജില്ലയിലെ പുരാണി ബസ്തി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 19 ലക്ഷം രൂപ പണവും 12 ലക്ഷം രൂപയുടെ സ്വർണവും നാലു ലക്ഷം രൂപയുടെ വെള്ളിയും കണ്ടെടുത്തു. കുറ്റകൃത്യത്തിൽ ഉപയോഗിച്ച എസ്‌യുവിയും കണ്ടെടുത്തു.

ബുധനാഴ്ച ഉത്തർപ്രദേശിലെ ഖൊരക്പുരിലാണ് സംഭവം. പരിശോധനയ്ക്ക് എന്ന വ്യാജേന ദേശീയപാതയിൽ വാഹനം തടഞ്ഞ് വ്യാപാരിയെ എസ്‌ഐ ഉൾപ്പെടെയുള്ള സംഘം കൊള്ളയടിക്കുകയായിരുന്നു. ബസ്തി പൊലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ധർമേന്ദ്ര യാദവിന്റെ നേതൃത്വത്തിലാണ് വ്യാപാരിയെ കൊള്ളയടിച്ചത്. ഖൊരക്പുരിൽനിന്ന് ലക്‌നൗവിലേയ്ക്ക് വരികയായിരുന്ന ബസിൽ സഞ്ചരിക്കുകയായിരുന്നു ആഭരണ വ്യാപാരിയും സഹായിയും. ഹൈവേയിൽ വെച്ച് നാലു പൊലീസുകാർ ചേർന്ന് വാഹനം തടഞ്ഞു. പരിശോധനയ്ക്ക് എന്ന വ്യാജേന ആഭരണ വ്യാപിരിയെ ബസിൽനിന്നിറക്കി സമീപത്തുള്ള ഒഴിഞ്ഞ സ്ഥലത്തേയ്ക്ക് കൊണ്ടുപോയി. തുടർന്ന് ഇദ്ദേഹത്തിന്റെ കൈയിലുള്ള സ്വർണവും പണവും കൊള്ളയടിക്കുകയായിരുന്നു.

വ്യാപാരിയുടെ കൈയിലുണ്ടായിരുന്ന 19 ലക്ഷം രൂപയും 16 ലക്ഷം വിലവരുന്ന ആഭരണങ്ങളുമാണ് പൊലീസുകാർ തട്ടിയെടുത്തത്. വ്യാപാരിയുടെ നീക്കങ്ങൾ നിരീക്ഷിച്ച് പൊലീസുകാർക്ക് വിവരങ്ങൾ നൽകിയ രണ്ടുപേരെയും സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയിട്ടുണ്ട്. തട്ടിയെടുത്ത പണവും ആഭരണങ്ങളും പ്രതികളിൽനിന്ന് പിടിച്ചെടുത്തതായി പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ മാസവും മറ്റൊരു ആഭരണ വ്യാപാരിയെ സമാനമായ രീതിയിൽ കൊള്ളയടിച്ചതായി ഇവർ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ദേശീയ സുരക്ഷാ നിയമ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. നാലു പൊലീസുകാരെയും ജോലിയിൽനിന്ന് സസ്‌പെൻഡ് ചെയ്തതായി ഖൊരക്പുർ പൊലീസ് വ്യക്തമാക്കി.