ചെന്നൈ: തമിഴ്‌നാട്ടിൽ കന്നുകാലി മോഷണം തടഞ്ഞ പൊലീസ് ഓഫീസറെ വെട്ടി കൊലപ്പെടുത്തി. തിരുച്ചി നവൽപ്പെട്ട് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ഭൂമിനാഥനാണ് മോഷ്ടാക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. നവൽപ്പെട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വളർത്തു മൃഗങ്ങളെയും കന്നുകാലികളെയും ആടുകളെയും കടത്തിക്കൊണ്ടുപോകൽ പതിവാണ്. ഞായറാഴ്ച പുലർച്ചെ പട്രോളിങ് നടത്തുകയായിരുന്ന എസ്‌ഐ ബൈക്കിൽ ചിലർ ആടിനെ കടത്തിക്കൊണ്ടുപോകുന്നത് കണ്ടു. തുടർന്ന് പൊലീസ് ഓീസർ ഇവരെ ബൈക്കിൽ പിന്തുടർന്നു.

പള്ളത്തുപള്ളി ഗ്രാമത്തിലെത്തിയപ്പോൾ മോഷ്ടാക്കൾ പൊലീസുകാരനെ ആക്രമിക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു. ശരീരത്തിൽ നിരവധി വെട്ടുകൾ ഏറ്റിട്ടുണ്ട്. മരണം ഉറപ്പാക്കിയ ശേഷം റെയിൽ ട്രാക്കിൽ മൃതദേഹം ഉപേക്ഷിച്ചാണ് അക്രമി സംഘം മടങ്ങിയത്. രാവിലെ ട്രാക്കിലൂടെ എത്തിയ പ്രദേശവാസികളാണ് എസ്‌ഐയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. സമീപവാസികൾ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് നിലവിൽ അന്വേഷണം.