നാദാപുരം: കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്ന പ്രവണത സുബീന തുടർക്കഥയാക്കിയതോടെ നഷ്ടമായത് രണ്ട് കുരുന്നു ജീവനുകൾ.മൂന്നു വയസ്സുള്ള ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ് ഒപ്പം ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച മാതാവിനെ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും കുട്ടികളുടെ ജീവൻ പൊലിഞ്ഞിരുന്നു. ഇതാദ്യാമായല്ല വാണിമേൽ സ്വദേശിനി സുബിന ആത്മഹത്യ പ്രവണത കാണിക്കുന്നത്. ആദ്യ ഭർത്താവുമായുള്ള ബന്ധം ഉപേക്ഷിച്ചത് തന്നെ സമാന രീതിയിലുള്ള സംഭവം കൊണ്ടാണ്.

2010ലായിരുന്നു ആദ്യ വിവാഹം. ഭർത്താവുമായുള്ള വാക്കു തർക്കത്തിനിടെ സുബീന കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടർന്ന് ആദ്യഭർത്താവ് മൊഴി ചൊല്ലുകയാണുണ്ടായത്.തുടർന്ന് 2013 ലായിരുന്നു ആവോലം യു.പി. സ്‌കൂളിനു സമീപത്തെ മഞ്ഞാംപുറത്ത് റഫീക്കുമായുള്ള സുബീനയുടെ രണ്ടാം വിവാഹം.താനും മക്കളുമായി കിണറ്റിൽ ചാടി മരിക്കുകയാണെന്നു പറഞ്ഞ് സുബീന ഞായറാഴ്ച രാത്രി പത്തു മണിയോടെ വാണിമേലിലെ ബന്ധുവീട്ടിലേക്ക് ഫോൺ ചെയ്തിരുന്നു. ഉടൻ തന്നെ അവർ വിവരം ഭർത്താവ് റഫീഖിന്റെ പേരോടുള്ള ബന്ധുവിനെ അറിയിച്ചു.

ഇവർ വീട്ടിലെത്തി അന്വേഷിച്ചപ്പോൾ മുകൾനിലയിലെ കിടപ്പുമുറിയിൽ സുബീനയും മക്കളുമുണ്ടായിരുന്നില്ല. തുടർന്ന് വീട്ടുകാരും പരിസരവാസികളും ചേർന്ന് തെരച്ചിൽ തുടങ്ങിയപ്പോഴേക്കും സമീപത്തായി റഫീഖിന്റെ ആൾതാമസമില്ലാത്ത വീടിന്റെ മുറ്റത്തെ കിണറ്റിൽ നിന്ന് സുബീനയുടെ നിലവിളി കേട്ട് അവിടേക്ക് പാഞ്ഞെത്തി.കിണറ്റിൽ നിന്നു മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യാൻ ഘടിപ്പിച്ച പി.വി സി പൈപ്പിൽ പിടിച്ചുനിന്ന നിലയിലായിരുന്നു സുബീന.

മക്കളായ ഫാത്തിമ റൗഹ, മുഹമ്മദ് റിസ്വിൻ എന്നിവർ വെള്ളത്തിൽ മുങ്ങിത്താണിരുന്നു. നാട്ടുകാർ കിണറ്റിലിറങ്ങി മാതാവിനെയും രണ്ട് കുട്ടികളെയും കരയ്ക്കെത്തിച്ച് ഉടൻ നാദാപുരം താലൂക്ക് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല. യുവതിയെ നാദാപുരം പൊലീസ് അറസ്റ്റു ചെയ്തു. കുട്ടികൾ ആശുപത്രിയിൽ നിന്നാണ് സുബീനയെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്.

സി ഐ ഇ.വി. ഫായിസ് അലി, എസ്‌ഐ. ആർ.എൻ. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ മൊഴി രേഖപ്പെടുത്തിയ ശേഷം കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുട്ടികളുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിൽ നിന്നു പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ഖബറടക്കം നാദാപുരം മൊദാക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.