ചില ചരിത്രമുഹൂർത്തങ്ങൾ വളരെ അപൂർവമായേ കടന്നു വരികയുള്ളൂ. അത്തരം ചേതോഹരവും, അനുപമവുമായ ഒരു ചരിത്ര സന്ധി ആയിരുന്നു,1970 ജനുവരി ഒന്ന്. മലയാളിയുടെ മാനവികവും, പുരോഗമനപരവുമായ ചരിത്രത്തിൽ സുവർണ്ണലിപികളാൽ എഴുതപ്പെട്ട അത്രമേൽ സുപ്രധാനമായ ആ പുതുവർഷദിനത്തിലാണ് ഭൂപരിഷ്‌കരണം യാഥാർഥ്യമായത്. എല്ലാ അർത്ഥത്തിലും നവോത്ഥാന കേരളത്തിന്റെ ഭാവിയിലേക്കുള്ള ഒരു ചുവടുവെയ്‌പ്പ് ആയിരുന്നു അത്.

എത്രയൊക്കെ പരിമിതികൾ ഉണ്ടായാലും, കേരളത്തിന്റെ വികസനഭൂമികയെ, അതിന്റെ മാനവിക- പങ്കാളിത്ത-സ്ഥിതിസമത്വ സ്വഭാവത്തെ, ഒരു വിശാല പുരോഗമന സാമൂഹ്യ പരിസരത്തെ ഒക്കെ നിർവചിക്കുകയും, കെട്ടിപ്പടുക്കുകയും, രൂപപ്പെടുത്തുകയും ചെയ്യുന്നതിൽ ഏറ്റവും പ്രധാനപങ്ക് വഹിച്ചത് ആ ഒരൊറ്റ ദിവസമാണ്-1970 ജനുവരി 1. ആധുനിക കേരളം ചരിത്രവുമായി മുഖാമുഖം നിന്ന ആ ദിവസത്തിന്റെ സൃഷ്ടാവ് മഹാനായ സി.അച്യുതമേനോൻ ആയിരുന്നു.

കേരളത്തിന്റെ വികസനമാതൃകയിൽ അഭിമാനിക്കുന്ന ഏതൊരു മലയാളിയും, അതുകൊണ്ട് തന്നെ ആദ്യം ഓർക്കേണ്ട പേരാണ് അച്യുതമേനോൻ. ഒരു മികച്ച സമരനായകന് ഒരേ സമയം മികച്ച പാർട്ടിസംഘാടകനും, അതുല്യനായ ഭരണാധികാരിയും ആകാൻ കഴിയില്ലെന്ന 'പോപ്പുലർമിത്തിന്റെ' നേർവിപരീതം ആയിരുന്നു അദ്ദേഹം.സ്വതന്ത്രഇന്ത്യ കണ്ട ഏറ്റവും പ്രതിഭാധനനും ജനകീയനുമായ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ തന്നെ, പ്രതിസന്ധിഘട്ടങ്ങളിൽ അദ്ദേഹത്തിന്റെ പാർട്ടിയെ മുന്നോട്ടു നയിക്കാൻ അച്യുതമേനോന് കഴിഞ്ഞത് ജനാധിപത്യരാഷ്ട്രീയത്തിന്റെയും മനുഷ്യസ്‌നേഹം അലിഞ്ഞുചേർന്ന സോഷ്യലിസ്റ്റ് ബോധത്തിന്റെയും ഏറ്റവും ദീപ്തമായ മാതൃകകളിൽ ഒന്നാണ്.

കക്ഷി രാഷ്ട്രീയത്തിന് അതീതമായ ജനപിന്തുണ ഉണ്ടായിരുന്നപ്പോഴും അച്യുതമേനോൻ എല്ലായ്‌പ്പോഴും അച്ചടക്കമുള്ള പാർട്ടിപ്രവർത്തകൻ ആയിരുന്നു. എല്ലാ പ്രതിസന്ധിഘട്ടത്തിലും സിപിഐ അദ്ദേഹത്തിന് ഉറച്ച പിന്തുണ കൊടുക്കുകയും ചെയ്തു. അതുകൊണ്ട് കൂടിയാണ് മുന്നണി ഭരണത്തിലും മികവുറ്റ കര്മപദ്ധതികൾ നടപ്പിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത്.

കേരളത്തിൽ ആദ്യമായി സ്ഥിരതയുള്ള മുന്നണിസർക്കാർ ഏറ്റവും ജനോപകാരപ്രദമായ നയങ്ങളിലൂടെ നയിച്ചു എന്ന് മാത്രമല്ല, അദ്ദേഹം തുടങ്ങി വച്ച സ്ഥാപനങ്ങൾ ആണ് പിന്നീടുള്ള കേരള ചരിത്രത്തിലും വികസനത്തിലും നാഴികകല്ലുകൾ ആയത്. ശ്രീചിത്ര മുതൽ CDS വരെയുള്ള സ്ഥാപനങ്ങൾ, കർഷകത്തൊഴിലാളി നിയമം മുതൽ സ്വകാര്യവനങ്ങളുടെ ദേശസാൽക്കരണം വരെ, ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആദ്യത്തെ ശാസ്ത്രനയം... അച്യുതമേനോന്റെ കയ്യൊപ്പ് ആഴത്തിൽ പതിഞ്ഞത് വെറും കടലാസിൽ ആയിരുന്നില്ല; മറിച്ച് ആധുനികകേരളത്തിന്റെ ഹൃദയത്തിലായിരുന്നു.

അറുപത്തിനാലാമത്തെ വയസ്സിൽ അധികാരരാഷ്ട്രീയം ഉപേക്ഷിക്കാൻ കാണിച്ച ആ അപൂർവമായ നിർമമത കൂടി ഓർത്തതുകൊണ്ടാവണം, വിശ്വാസത്തിൽ മാർക്‌സിസ്റ്റും, ജീവിതത്തിൽ ഗാന്ധിയനുമായിരുന്നു അച്യുതമേനോൻ എന്ന് സുകുമാർ അഴിക്കോട് ഒരിക്കൽ അഭിപ്രായപ്പെട്ടത്. അതോടൊപ്പം നെഹ്രുവിയൻ ആധുനികത അതേപടി ഉൾക്കൊണ്ട സ്വതന്ത്രഇന്ത്യയിലെ അപൂർവ്വം മുഖ്യമന്ത്രികളിൽ ഒരാൾ കൂടിയായി അച്യുതമേനോനെ അടയാളപ്പെടുത്തേണ്ടതുണ്ട്.

മാർക്‌സും ഗാന്ധിയും തമ്മിൽ അത്രയേറെ അകലങ്ങൾ ഒന്നുമില്ലെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച മഹാനായ ഇന്ത്യൻ കമ്മ്യുണിസ്റ്റിന്റെ നിർമലവും ദീപ്തവുമായ ഓർമ്മകൾക്കു മുന്നിൽ പ്രണാമം.