കണ്ണൂർ :പി .രാമകൃഷ്ണനെ കൂട്ടുപിടിച്ച് മുഖ്യമന്ത്രി കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ വിമർശിച്ചത് ശരിയായില്ലെന്നു പി.ആറിന്റെ മകൻ ദീപക്ക് പറഞ്ഞു. സുധാകരനെ പിന്തുണയ്ക്കുകയാണ് പി രാമകൃഷ്ണന്റെ കുടുംബവും. നേരത്തെ ഫ്രാൻസിസിന്റെ മകനും സുധാകരന് പിന്തുണയുമായി എത്തിയിരുന്നു. ഫ്രാൻസിസിന്റെ കുടുംബത്തെ സുധാകരനിൽ നിന്ന് അകറ്റാനുള്ള നീക്കം പൊളിഞ്ഞതിന് പിന്നാലെയാണ് രാമകൃഷ്ണന്റെ മകന്റേയും പരസ്യ നിലപാട് പ്രഖ്യാപിക്കൽ.

പിതാവ് പറഞ്ഞ ചില കാര്യങ്ങൾ അടർത്തിമാറ്റിയാണ് പ്രചരിപ്പിച്ചത്. ഇതു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെടുന്നത് അമ്മയെയും മറ്റു കുടുംബാംഗങ്ങളെയും വേദനിപ്പിക്കുന്നുണ്ട്. കോൺഗ്രസുകാർ പോലും വാസ്തവം തിരിച്ചറിയാതെ ഇതിന് കമന്റ് ചെയ്യുകയാണ്. അച്ഛനെ കുറിച്ചുള്ള ഇത്തരം കമന്റുകൾ എന്റെ അമ്മയടക്കം വായിക്കുന്നുണ്ട്. അച്ഛൻ കെ.സുധാകരനെ എതിർത്തിട്ടിട്ടുണ്ടെങ്കിലും അതൊന്നും വ്യക്തിപരമായിരുന്നില്ല-രാമകൃഷ്ണന്റെ മകൻ പറയുന്നു

അച്ഛന്റെ അവസാന കാലം കെ.എസ് പലപ്പോഴും ഫ്‌ളാറ്റിൽ വന്നു സന്ദർശിച്ചിരുന്നു.പി.ആർ മരിച്ചപ്പോഴാകട്ടെ സുധാകരൻ തുടക്കം മുതൽ ഒടുക്കം വരെ ഇവിടെയുണ്ടായിരുന്നു. കെപിസിസി അധ്യക്ഷനായി നിയോഗിക്കപ്പെട്ടപ്പോൾ ഇവിടെ ഫ്‌ളാറ്റിൽ വന്ന് അമ്മയെയും ഞങ്ങളെയും കണ്ടു ആശിർവാദം തേടി. അച്ഛൻ അന്ന് പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നതിനോടൊപ്പം ഇപ്പോൾ അതു വിവാദമാക്കുന്നതിന് താൽപ്പര്യമില്ലെന്നും ദീപക് പറഞ്ഞു ഡി.സിസി ജനറൻ സെക്രട്ടറി സി.രഘുനാഥും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

അതിനിടെ ബ്രണ്ണൻ കോളേജിലെ വിവാദത്തിൽ ഇനി മുഖ്യമന്ത്രി പ്രതികരിക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും തമ്മിലുണ്ടായ പോര് വലിയ ആവേശത്തോടെയാണ് ഇരുപാർട്ടി പ്രവർത്തകരും ഏറ്റെടുത്തത്. ഇനി വിഷയം ചർച്ച ചെയ്യാനില്ലെന്ന് സിപിഎം നിലപാട് എടുക്കുമ്പോഴും അങ്ങനെ വിടാൻ ഒരുക്കമല്ല സുധാകരൻ എന്നത് വ്യക്തമാണ്. ഇതിന് പിന്നാലെ സുധാകരനെ പരസ്യമായി പിന്തുണച്ച് എൻ.കെ പ്രമേചന്ദ്രൻ എംപിയും രംഗത്തെത്തിയിരുന്നു. ഈ പോസ്റ്റും സോഷ്യൽ മീഡിയയിൽ വൈറലായി.

ബ്രണ്ണൻ കോളജിൽ നടന്ന ചരിത്രം പറഞ്ഞു തുടങ്ങിയ പോരിൽ പിന്നീട് മുഖ്യമന്ത്രിയുടെ ചരിത്രത്തെയും നേരിട്ട വിവാദങ്ങളെയും ഉൾപ്പെട്ട അക്രമസംഭവങ്ങളിലേക്കും എത്തിക്കാൻ സുധാകരന് കഴിഞ്ഞു എന്നത് കോൺഗ്രസ് പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. സുസംഘടിതമായ പി.ആർ മാനേജ്‌മെന്റിലൂടെ കരുതലിന്റെ കാവലാൾ എന്ന നിലയിൽ പുതുതലമുറയുടെ മുന്നിൽ അവതരിപ്പിച്ചിരുന്ന ഊതിവീർപ്പിച്ച കൃത്രിമ ഇമേജാണ് കേരളത്തിൽ തകർന്നു വീണത് എന്നായിരുന്നു പ്രേമചന്ദ്രന്റെ നിരീക്ഷണം.

വർഗ്ഗതാല്പര്യങ്ങളെ തമസ്‌ക്കരിച്ച് മൂലധന ശക്തികളുടെ തോളിൽ കയ്യിട്ടു നടത്തിയ പ്രവർത്തനത്തിലൂടെ ആർജ്ജിച്ച പാർട്ടി എസ്റ്റാബ്ലിഷ്‌മെന്റുകളും ശത കോടികളുടെ സമ്പത്തും അതു നൽകുന്ന ആർഭാടജീവിതവും അതിവിദൂരമല്ലാത്ത ഭാവിയിൽ ജനാധിപത്യ പുരോഗമന മനസ്സുകൾ തിരിച്ചറിയും.' സുധാകരനെ തുണച്ച് പ്രേമചന്ദ്രൻ കുറിച്ചു.