തിരുവനന്തപുരം: കേരളത്തിൽ രണ്ട് ദിവസമായി കോൺഗ്രസ് പാർട്ടി പ്രതിരോധത്തിലായിരുന്നു. ഇടുക്കിയിൽ എസ്എഫ്‌ഐ നേതാവ് കുത്തേറ്റു മരിച്ചതായിരുന്നു ഈ വിഷയത്തിൽ പ്രതിരോധത്തിലാകാൻ കാരണം. എന്നാൽ, കെ സുധാകരൻ എന്ന കെപിസിസി അധ്യക്ഷന് നേർക്കായിരുന്നു സിപിഎമ്മിന്റെ വാളെടുക്കൽ മുഴുവൻ. മറ്റൊരു കോൺഗ്രസ് നേതാവിനെയും സിപിഎം നേതാക്കൾ ആക്രമിച്ചില്ല. കണ്ണൂരിലെ സിപിഎം ഗുണ്ടായിസത്തെ അതിജീവിച്ചു നേതാവായ സുധാകനെ ഉന്നമിട്ടു കൊണ്ടു പ്രസ്താവനകളുമായി രംഗത്തുവന്നത് പോളിറ്റ്ബ്യൂറോ അംഗവും പാർട്ടി സംസ്ഥാന സെക്രട്ടറിയുമായി കോടിയേരി ബാലകൃഷ്ണൻ മുതൽ എസ്എഫ്‌ഐ നേതാക്കളും വരെയുണ്ടായിരുന്നു.

എന്നാൽ, സിപിഎം സൈബർ അണികളുടെ അമിതാവേശം അവർക്കു തന്നെ വിനായാകുന്ന അവസ്ഥയാണ് ഇപ്പോൾ. സുധാകരനെ ഗുണ്ടായാക്കാൻ മെനക്കെട്ട് സിപിഎം നേതാക്കൾ രംഗത്തിറങ്ങിയതോടെ അദ്ദേഹത്തെ സംരക്ഷിക്കാൻ കോൺഗ്രസ് അണികളും അരയും തലയും മുറുക്കി രംഗത്തുവന്നു. കേരളത്തിലെ ഏറ്റവും ജനകീയനായ കോൺഗ്രസ് നേതാക്കളിൽ ഒരാളാണ് സുധാകരനെന്നതു കൊണ്ടു തന്നെയാണ് അദ്ദേഹത്തെ വിടാതെ സിപിഎം ആക്രമിക്കുന്നത് എന്ന ആർക്കും ബോധ്യമാകുകയും ചെയ്യും. തുടർച്ചയായുള്ള ആക്രമണങ്ങൾ കൊണ്ട് ഇക്കാര്യത്തിൽ മേൽക്കൈ സുധാകരന് തന്നെയായി.

കോൺഗ്രസിൽ ഇപ്പോൾ സുധാകരനിസമാണ് എന്നു പറഞ്ഞു കൊണ്ട് ഡിവൈഎഫ്‌ഐ നേതാവ് എ എ റഹീം കടന്നാക്രമിച്ചപ്പോൾ കോൺഗ്രസ് റഹീമിന്റെ പ്രയോഗം ഏറ്റെടുത്തു. അതേ റഹീമേ.. 'സുധാകരനിസം' തന്നെ, അതിനെന്താ കുഴപ്പം? എന്നു ചോദിച്ചു കൊണ്ടാണ് രംഗത്തുവന്നത്. സിപിഎം നേതാക്കളുടെ ഗുണ്ടായിസങ്ങളുടെ പട്ടിക വീണ്ടും നിരത്തി കൊണ്ടാണ് കോൺഗ്രസ് അണികൾ രംഗത്തുവന്നത്. സുധാകരനെ ആക്രമിക്കുന്നതിൽ നിന്നു തന്നെ അദ്ദേഹത്തെ സിപിഎം ഭയക്കുന്നു എന്ന വ്യക്തമാണെന്നാണ് അണികളുടെ പൊതുവിലുള്ള വികാരം.

ഇക്കാര്യം അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു രംഗത്തുവന്നത്. സുധാകരനിസം എന്നാൽ കോംപ്രമൈസ് ഇല്ലാത്തതാണെന്നും അണികളെ സംരക്ഷിക്കുന്നതാണെന്നും കെഎസ് ബ്രിഗേഡുകൾ കുറിക്കുന്നു. സുധാകരനെയും കോൺഗ്രസിനെയും അനുകൂലിച്ചു കൊണ്ട് നിരവധി പ്രവർത്തരും രംഗത്തുവന്നു. സുധാകരനിസം ഞങ്ങൾക്ക് അഭിമാനമാണെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു. സുധാകരനിസം എന്ന കാർഡ് ഉണ്ടാക്കി സോഷ്യൽമീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യുകയും ചെയ്യുന്നുണ്ട് കെ എസ് ബ്രിഗേഡുകാർ. എൽദോസ് കുന്നപ്പള്ളിയും റോജി എം ജോണും അടക്കമുള്ളവരും സുധാകരനെ പിന്തുണച്ചു രംഗത്തുവന്നു.

കോൺഗ്രസ് നേതാവ് ആർ സെൽവരാജ് കുറിച്ച്ത് ഇങ്ങനെ:

സുധാകരനിസം എങ്കിൽ സുധാകരനിസം തന്നെ...

കോൺഗ്രസ്സിന്റെ കുട്ടികളെ ആക്രമിക്കുന്ന ഗുണ്ടകളോട് #No_Compramise എന്ന് പറയുന്ന ശൈലിയെ ആണ് നിങ്ങൾ സുധാകരനിസം എന്ന് വിളിക്കുന്നതെങ്കിൽ ആ വിശേഷണം ഞങ്ങൾ സ്വീകരിക്കുന്നു.
സ്വന്തം പ്രവർത്തകന്റെ ചിതയാറുംമുമ്പെ തിരുവാതിര കളിക്കാനും കഥാപ്രസംഗം നടത്തി ആഘോഷിക്കാനും തയ്യാറാകുന്നവർ ഭയക്കുന്ന മാനുഷികതയുടെ പേരാണ് സുധാകരനിസം എങ്കിൽ അതും ഞങ്ങൾക്ക് അഭിമാനമാണ്.

നിർഭാഗ്യകരമായ ഒരു മരണത്തെ മുതലെടുപ്പിനും അക്രമത്തിനുമുള്ള അവസരമായും കാണുന്ന ചോരക്കൊതിയന്മാർക്കുള്ള മറുപടിയാണ് സുധാകരനിസം.

ഞങ്ങൾക്ക് അഭിമാനമാണ് ഞങ്ങളുടെ പ്രസിഡന്റ്.

എൽദോസ് കുന്നപ്പള്ളിയുടെ പോസ്റ്റ്:

കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ വരവ് ചെറുതൊന്നുമല്ല സഖാക്കൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്നത്, അത്രയും ആവേശവും അഭിമാനവുമാണ് ഓരോ കോൺഗ്രസ് പ്രവർത്തകർക്കും കെപിസിസി പ്രസിഡന്റ്.

ഇടുക്കിയിൽ ഉണ്ടായ സംഭവം ഒരു കാരണവശാലും സംഭവിക്കാൻ പാടുള്ളതല്ല, അത് കോൺഗ്രസിന്റെ നയവുമല്ല..
ഞങ്ങളുടെ പ്രസിഡന്റ്‌നെ നിങ്ങൾ ടാർഗറ്റ് ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾ അസ്വസ്ഥരാണ് സഖാക്കളെ, വഴി മാറി സഞ്ചരിക്കുന്നതാണ് നല്ലത്.
#സുധാകരനിസം = No Compromise

റോജി എം ജോൺ കുറിച്ചത് ഇങ്ങനെ:

ഇടുക്കിയിലെ SFI പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുട്ടി സഖാക്കൾ മുതൽ CPM ന്റെ ഉന്നത നേതൃത്വം വരെ ചോദിക്കുന്ന ചോദ്യം ഇത് 'സുധാകരനിസം' ആണോ എന്നാണ്! എല്ലാവരുടേയും ലക്ഷ്യം KPCC പ്രസിഡന്റ് ശ്രീ K സുധാകരൻ തന്നെ.

സഖാക്കളോട് ഒരു ചോദ്യം; ഏതാനും നാളുകൾക്ക് മുൻപ് ഒരു CPM ബ്രാഞ്ച് സെക്രട്ടറിയെ BJP പ്രവർത്തകർ കൊല ചെയ്ത സംഭവത്തിൽ ഒരു CPM കാരനും BJP സംസ്ഥാന പ്രസിഡന്റിനെതിരെ ശബ്ദമുയർത്തി കണ്ടില്ല. അതുപോലെ മട്ടന്നൂരിൽ പ്രിയപ്പെട്ട ഷുഹൈബിനേയും പെരിയയിൽ ക്രിപേഷിനേയും, ശരത് ലാലിനേയും ഒക്കെ CPM നേതാക്കൾ കൊന്നത് ഏത് ''ഇസം' ആണ് ? 'പിണറായിസം' എന്നൊ 'കോടിയേരിയിസം' എന്നൊക്കെ ഇതിനെ നിങ്ങൾ വിളിക്കുമൊ?

CPM നേതാക്കളുടെ ഇന്നത്തെ പ്രതികരണങ്ങളിൽ നിന്നും ഒരു കാര്യം വ്യക്തമായി; K സുധാകരൻ എന്ന നേതാവ് നിങ്ങൾക്ക് എത്ര അധികം അസ്വസ്ഥത ഉണ്ടാക്കുന്നു എന്ന്. നിങ്ങളുടെ ആ അസ്വസ്ഥത ഞങ്ങൾക്ക് ഒരു അഭിമാനമാണ്.