കണ്ണൂർ: ഇനി കോൺഗ്രസിൽ കലാപത്തിന്റെ കാലം. വിശാല ഐഗ്രൂപ്പുമായി മുന്നേറി മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട രമേശ് ചെന്നിത്തലയ്ക്ക് ഐ ഗ്രൂപ്പിൽ നിന്നു തന്നെ വെല്ലുകളികൾ ഉയരും. സംഘചനയെ ചലിപ്പിക്കാൻ കഴിയുന്ന നേതാവ് കെപിസിസിയുടെ തലപ്പത്ത് വേണമെന്ന ആവശ്യവും ശക്തമാകും. ലോക്‌സഭയിലെ തൂത്തുവാരൽ നേതാക്കളുടെ മികവല്ലെന്നും ശബരിമലയിലെ പിണറായിയുടെ ഇടപെടലിന്റെ പരിണിത ഫലമാണെന്നും കോൺഗ്രസ് നേതാക്കൾ തന്നെ തിരിച്ചറിയുന്നു. ലോക്‌സഭയിലെ വിജയ ലഹരി മറന്നില്ലെങ്കിൽ നിയമസഭയിൽ വീണ്ടും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്ന് കോൺഗ്രസിലെ വിമത ശബ്ദങ്ങൾ തിരിച്ചറിയുകയാണ്. യുഡിഎഫിന് സംഘടനാ ദൗർബല്യം ഉണ്ടെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ തുറന്നു പറയുന്നത് ഈ സാഹചര്യത്തിലാണ്.

സിപിഎമ്മിന്റേയും ബിജെപിയുടേയും സംഘടനാരീതി അവർക്ക് ഗുണം ചെയ്തു. അങ്ങനെയൊരു മികവ് അവകാശപ്പെടാൻ സാധിക്കുന്ന സംഘടനയല്ല കോൺഗ്രസ്. ഏറ്റവും മോശപ്പെട്ട ഭരണമാണ് കേരളത്തിൽ കഴിഞ്ഞ നാലഞ്ച് വർഷങ്ങളായുള്ളത്. എന്നാൽ ഭരണത്തിന്റെ പോരായ്മകൾ ജനസമക്ഷം എത്തിക്കുന്ന കാര്യത്തിൽ യുഡിഎഫിന് പരിമിതകളുണ്ട്. അത് താൻ തുറന്നുസമ്മതിക്കുന്നു-ഇതാണ് സുധാകരന്റെ നിലപാട്. കെ മുരളീധരനും ടി എൻ പ്രതാപനുമെല്ലാം ഈ നിലപാടുകാരാണ്. നിയമസഭയിൽ അതിശക്തരായ സ്ഥാനാർത്ഥികൾ മത്സരിക്കാൻ ഉണ്ടാകണമെന്ന ചർച്ചയും സജീവമാകും. കെ മുരളീധരനും സുധാകരനും അടൂർ പ്രകാശും ഹൈബി ഈഡനുമെല്ലാം ലോക്‌സഭാ സ്ഥാനം രാജിവച്ച് നിയമസഭയിൽ മത്സരിക്കാൻ താൽപ്പര്യമുള്ളവരാണ്.

ജന പിന്തുണയുള്ള നേതാക്കളെ ഇറക്കിയാണ് ലോക്‌സഭയിൽ നേട്ടമുണ്ടാക്കിയത്. ഇതേ പാറ്റേൺ നിയമസഭയിലും പിന്തുടരമമെന്നാണ് ഇവരുടെ ആവശ്യം. ലോക്‌സഭയിൽ കോൺഗ്രസ് പ്രതിപക്ഷത്താണ്. ഈ സഭയിൽ ബിജെപിക്ക് കേവല ഭൂരിപക്ഷമുണ്ട്. അതുകൊണ്ട് ലോക്‌സഭയിലെ വെറും കാഴചക്കാർ. എന്നാൽ ഈ നേതാക്കൾക്കെല്ലാം നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താനാകും. വട്ടിയൂർക്കാവും കോന്നിയും തിരിച്ചു പിടിക്കാൻ മുരളിക്കും അടൂർ പ്രകാശനും കഴിയും. ഇത്തരത്തിൽ ചർച്ച സജീവമാണ്. കണ്ണൂരിൽ മുൻതൂക്കം നേടാനും സുധാകര സാന്നിധ്യം സഹായിക്കും. അതുകൊണ്ട് തന്നെ കേരളത്തിൽ മത്സരിച്ച് ചെന്നിത്തലയുടെ മുഖ്യമന്ത്രി പദ മോഹങ്ങൾ അടക്കം പ്രതിസന്ധി സൃഷ്ടിക്കുന്ന തരത്തിലേക്ക് വരാനാണ് ചില നേതാക്കളുടെ മനസ്സിലെ ആഗ്രഹം.

ഇതാണ് സുധാകരന്റെ തുറന്നു പറച്ചിന് പിന്നിലും. ചെന്നിത്തലയും മുല്ലപ്പള്ളിയും തീർത്തും പരാജയമാണെന്ന് പറയാതെ പറയുകയാണ് സുധാകരൻ. പ്രസ്താവനകൾക്ക് അപ്പുറം കേരളത്തിൽ ഉടനീളം സംഘടനയെ ചലിപ്പിക്കണമെന്ന നിലപാടാണ് സുധാകരൻ പങ്കുവയ്ക്കുന്നത്. കഴിവില്ലാത്ത നേതൃത്വം മാറണമെന്ന പരോക്ഷ വിമർശനും അതിലുണ്ട്. ഇത്രയും അനുകൂല രാഷ്ട്രീയ സാഹചര്യം കേരളത്തിലുണ്ടായിട്ടും അത് ഉപയോഗപ്പെടുത്താൻ കഴിയാത്തത് കോൺഗ്രസിന്റെ സംഘടനാ ദൗർബല്യമാണ്-സുധാകരൻ പറയുന്നു. ഒന്നുകിൽ ഗ്രൂപ്പ് അല്ലെങ്കിൽ ഹൈക്കമാണ്ടിലെ സ്വാധീനം ഇത് മാത്രമാണ് ഭാരവാഹിയാകാനുള്ള യോഗ്യത. അർഹതയുള്ളവർ പുറത്തുണ്ടെന്ന വിമർശവും സുധാകരൻ വാക്കുകളിൽ ഒളിപ്പിക്കുന്നു.

കെപിസിസിയുടെ പുതിയ ജംബോ കമ്മിറ്റികൾ ഗുണം ചെയ്തിട്ടില്ല. പ്രദേശികതലങ്ങളിൽ ജനവിശ്വാസം ആർജിക്കാൻ കഴിയാത്ത നേതാക്കളെ ഉൾപ്പെടുത്തി പുനഃസംഘടന നടത്തിയപ്പോൾ അതിന്റെ ഗുണമുണ്ടാക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. അത് നേതാക്കളുടെ കുറ്റമല്ല, പാർട്ടിയിലെ സംഘടനാ സംവിധാനത്തിന്റെ കുറ്റമാണ്. ആ സംവിധാനം പുനഃപരിശോധിക്കണമെന്നും കെ സുധാകരൻ പറഞ്ഞു. വർഗീയ പാർട്ടികളുമായി സന്ധി ചേർന്നുകൊണ്ട് എൽഡിഎഫ് നേടിയ വിജയമാണ് ഇത്. പിണറായിയുടെ നിയോജകമണ്ഡലത്തിലെ മുഴുപ്പിലങ്ങാട് എസ്ഡിപിഐയുമായി തുറന്ന സഖ്യത്തിലാണ് സിപിഎം. അങ്ങനെ നേടിയ വിജയമാണിതെന്നും സുധാകരൻ ആരോപിച്ചു.

കേരളാ കോൺഗ്രസിനെ പിണക്കരുതെന്ന അഭിപ്രായം കോൺഗ്രസിൽ പല നേതാക്കൾക്കുമുണ്ടായിരുന്നു. എന്നാൽ ചെന്നിത്തലയുടേയും മറ്റും പിടിവാശിയായിരുന്നു ജോസ് കെ മാണിയെ ഇടതു പാളയത്തിൽ എത്തിച്ചത്. ഇതൊന്നും പാർട്ടിയിൽ വലിയ ചർച്ചയ്ക്ക് വിധേയമായെടുത്ത തീരുമാനമായിരുന്നില്ല. നേതാക്കൾ കൂട്ടായ ചർച്ചയില്ലാതെ നയപരമായ തീരുമാനം എടുക്കുന്നതിനേയും മുരളിയേയും സുധാകരനേയും പോലുള്ള നേതാക്കൾ ഇനി ചോദ്യം ചെയ്യും. ഹൈക്കമാണ്ടിനേയും കാര്യങ്ങൾ അറിയിക്കും. ദുർബ്ബലമായ ഹൈക്കമാണ്ട് തീരുമാനങ്ങൾ കേരളത്തിൽ അടിച്ചേൽപ്പിച്ചാൽ ഇനി അതിനേയും എതിർക്കും.

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനു തിരിച്ചടി ഉണ്ടായെന്ന് സമ്മതിക്കുകയാണ് നേതാക്കളിൽ ഭൂരിഭാഗവും. ആറു കോർപറേഷനുകളിൽ തിരുവനന്തപുരവും കൊല്ലവും കോഴിക്കോടും മികച്ച വിജയം നേടിയ എൽഡിഎഫ് കൊച്ചി കോർപറേഷനിൽ വലിയ ഒറ്റകക്ഷിയായി. തൃശൂരിൽ ഇരുമുന്നണികളും തമ്മിൽ നേരിയ വ്യത്യാസം മാത്രം. ജില്ലാ പഞ്ചായത്തിൽ 4 ഇടത്തു മാത്രമേ യുഡിഎഫിനു വിജയിക്കാനായുള്ളൂ. ബ്ലോക്കിലും ഗ്രാമപഞ്ചായത്തു തലത്തിലും യുഡിഎഫ് പിന്നിലായി. മികച്ച വിജയം പ്രതീക്ഷിച്ച യുഡിഎഫിനു കനത്ത തിരിച്ചടിയാണ് ലഭിച്ചത്. വിവാദങ്ങൾ ശക്തമായി നിന്നിട്ടും മെച്ചപ്പെട്ട പ്രകടനം നടത്താൻ കഴിയാത്തത് മുന്നണിയെ ഞെട്ടിച്ചു. ശക്തികേന്ദ്രങ്ങളിൽ മിക്കവയിലും കാലിടറി.

നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് പാർട്ടിയെ സജീവമാക്കിയില്ലെങ്കിൽ തിരിച്ചടി ആവർത്തിക്കാമെന്ന് നേതൃത്വത്തിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. പ്രതിഷേധം ശക്തമായാൽ സംഘടനാ തലത്തിൽ അഴിച്ചുപണികളിലേക്കും പാർട്ടിക്കു കടക്കേണ്ടിവരും. ലീഗ് അടക്കമുള്ള ഘടകക്ഷികളുടെ നിർദ്ദേശങ്ങൾക്കു വഴങ്ങേണ്ട സാഹചര്യവുമുണ്ടാകും. പ്രദേശിക വിഷയങ്ങളേക്കാൾ വിവാദങ്ങളെ ആശ്രയിച്ചതിലെ ശരിതെറ്റുകളും പരിശോധനയ്ക്കു വിധേയമാക്കും.

ജോസ് വിഭാഗത്തിന്റെ വഴിപിരിയൽ പ്രതീക്ഷിച്ചതിനേക്കാൾ വലിയ നഷ്ടമാണ് മുന്നണിക്കുണ്ടാക്കിയത്. നേതൃത്വത്തിന് ഇതിലുള്ള പങ്ക് ചോദ്യം ചെയ്യപ്പെടാം. കേരള കോൺഗ്രസ് (എം) എൽഡിഎഫിലേക്കു പോയതോടെ വലിയ രീതിയിലുള്ള വോട്ടു ചോർച്ച യുഡിഎഫിനുണ്ടായി. ഒരു ജില്ലാ പഞ്ചായത്തിന്റെ പേരിൽ ജോസ് വിഭാഗത്തെ പിണക്കണമായിരുന്നോ എന്ന ചോദ്യം തിരഞ്ഞെടുപ്പിനു മുൻപ് തന്നെ മുന്നണിയിൽ ഉയർന്നിരുന്നതാണ്. പി.ജെ.ജോസഫിനോടുള്ള കോൺഗ്രസിന്റെ സമീപനവും പുനപരിശോധനയ്ക്കു വിധേയമാകും.

വെൽഫെയർ പാർട്ടിയുമായി ഉണ്ടാക്കിയ ധാരണകളുടെപേരിലും മുന്നണിയിൽ തർക്കങ്ങളുണ്ടാകാം. സഖ്യത്തെ കെ.മുരളീധരൻ അനുകൂലിച്ചപ്പോൾ അതിനെ തള്ളി മുല്ലപ്പള്ളി രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവും യുഡിഎഫ് കൺവീനറും മുരളീധരനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.