കൊച്ചി: കളമശ്ശേരിയിൽ യുവതിയുടെ മരണത്തിനിടയാക്കിയ അപകടത്തിനും 'പാർട്ടി' മണം. അതിനിടെ ഡ്രൈവർ സൽമാനുൽ ഫാരിസിനെതിരേ കേസ് എടുക്കുകയും ചെയ്തു. ഇയാൾ മദ്യപിച്ചാണ് വാഹനമോടിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. ഇയാളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. ചോദ്യം ചെയ്യൽ നിർണ്ണായകമാകും. എവിടെയാണ് പാർട്ടി നടന്നതെന്ന് അടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കും.

അതേസമയം, അപകടസ്ഥലത്ത് നിന്നും കാണാതായ യുവാവിനെ പൊലീസ് കണ്ടെത്തി. വരാപ്പുഴ സ്വദേശിയായ ജിബിനെ വീട്ടിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. നേരത്തേ, കാറിലുണ്ടായിരുന്ന ഇയാളെ കാണാതായത് സംശയത്തിനിടയാക്കിയിരുന്നു. എന്നാൽ, സാരമായ പരിക്കുകൾ ഇല്ലാത്തതിനാൽ ഇയാൾ വീട്ടിലേക്ക് പോവുകയായിരുന്നെന്ന് പൊലീസ് പറയുന്നു. കൂടെയുണ്ടായിരുന്ന യുവതി മരിച്ചിട്ടും ഇയാൾ മുങ്ങിയത് സംശയങ്ങൾക്ക് ഇട നൽകുന്നുണ്ട്.

അപകടത്തിൽ മരിച്ച മൻസിയ(സുഹാന)യും സൽമാനും സുഹൃത്തുക്കളായിരുന്നു. കൊച്ചിയിൽ സുഹൃത്തുക്കൾക്കൊപ്പം പാർട്ടിയിൽ പങ്കെടുക്കാനാണ് തിങ്കളാഴ്ച രാത്രി ഇവർ പോയത്. പാർട്ടിക്കു ശേഷം തിരിച്ചുവരുമ്പോൾ പത്തടിപ്പാലത്തു വെച്ച് കാർ നിയന്ത്രണം വിട്ട് മെട്രോയ്ക്ക് കീഴിലുള്ള വിളക്കുകാലിൽ ഇടിക്കുകയാണ് ഉണ്ടായതെന്ന് കളമശ്ശേരി സ്റ്റേഷൻ ഇൻസ്പെക്ടർ പി.ആർ.സന്തോഷ് അറിയിച്ചു. എന്തു തരം പാർട്ടിയാണ് നടന്നതെന്ന് പൊലീസ് പരിശോധിക്കും. ഡ്രൈവറുടെ മൊഴി നിർണ്ണായകമാകും.

അപകടത്തെ ഗൗരവത്തോടെ കാണാനാണ് കൊച്ചി പൊലീസിന്റെ ശ്രമം. എവിടെയായിരുന്നു പാർട്ടി എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. കാറിന്റെ ഡ്രൈവറേയും കൂടെയുണ്ടായിരുന്ന ആളിനേയും വിശദമായി ചോദ്യം ചെയ്യും. സിസിടിവിയും പരിശോധിച്ച് ദുരൂഹതകളില്ലെന്ന് ഉറപ്പാക്കും. പാലാരിവട്ടത്തെ അപകടത്തിലെ വീഴ്ചകൾ വരുന്നില്ലെന്ന് ഉറപ്പിക്കാനാണ് പൊലീസ് തീരുമാനം. ഡ്രൈവറുടെ മൊഴി എടുത്ത ശേഷം പരിശോധനകൾ തുടരും. അസ്വാഭാവികത തോന്നിയാൽ അറസ്റ്റിലേക്കും കടക്കും.

പുലർച്ചെ 1.50ഓടെ എറണാകുളത്തുനിന്നും ആലുവ ഭാഗത്തേയ്ക്കു പോകുമ്പോൾ, മെട്രോ പില്ലറുകളായ 323നും 324നും ഇടയിൽ മീഡിയനിലെ വഴിവിളക്ക് ഇടിച്ചിട്ടാണ് കാർ തകർന്നത്. ഒരാൾ കുറുകെ ചാടിയതാണ് അപകടമുണ്ടാക്കിയത് എന്നു പറയുന്നു. വാഹനം 90 കിലോമീറ്റർ വേഗത്തിലായിരുന്നു. യുവതി ലിസി ആശുപത്രി ഭാഗത്തുനിന്ന് രാത്രി 11 മണിക്കാണ് യുവാവിനൊപ്പം കാറിൽ കയറിയതെന്നാണു വിവരം. പിറന്നാൾ വിരുന്ന് കഴിഞ്ഞു മടങ്ങുകയാണ് എന്നാണ് അറിയിച്ചത്. ഇടയ്ക്കു വച്ചാണ് മൂന്നാമത് ഒരാൾ കൂടി വാഹനത്തിൽ കയറിയത്.

യുവതിയുടെ സുഹൃത്ത് എന്നു പറഞ്ഞു കാറിൽ കയറിയ മൂന്നാമൻ, അപകടം സംഭവിച്ചതിനു പിന്നാലെ സ്ഥലത്തുനിന്നു മുങ്ങുകയായിരുന്നു. വാഹനം ഓടിച്ച സൽമാന് ഇയാളെ അറിയില്ലെന്നാണു പറയുന്നത്. അതേസമയം 11 മണി മുതൽ 1.50 വരെ ഇവർ എവിടെയായിരുന്നു എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്. മൂന്നാമനെ കണ്ടെത്തിയത് അന്വേഷണത്തിൽ വഴിത്തിരിവാകും.