അടൂർ: വൈദ്യുതി കമ്പികൾ വഹിക്കുന്ന തൂണിന് മുകളിൽ കയറി യുവാവ് ആത്മഹത്യ ഭീഷണി മുഴക്കി. അഗ്‌നിരക്ഷാസേന എത്തി ഒന്നര മണിക്കൂറിനുശേഷം യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കി. പറക്കോട് വടക്ക് മുണ്ടു മുരുപ്പേൽ മണിലാലാണ് (38) പന്നിവിഴ സെന്റ് തോമസ് സ്‌കൂളിന് സമീപം കനാൽ റോഡരികിലെ വൈദ്യുതിത്തൂണിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. നാട്ടുകാർ വൈദ്യുതി ഓഫിസിൽ വിവരം അറിയിച്ചതിനെത്തുടർന്ന് ഈ ഭാഗത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ചു.

വിവരമറിഞ്ഞ് അടൂർ, പത്തനംതിട്ട യൂനിറ്റുകളിൽ നിന്ന് രണ്ട് യൂനിറ്റ് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി. ഏറെ നേരം വൈദ്യുതി കമ്പിയിൽ അഭ്യാസപ്രകടനം കാഴ്ചവെച്ച യുവാവ് അഗ്‌നിരക്ഷാസേന അംഗങ്ങളുടെ നിരന്തര അഭ്യർത്ഥനയിലാണ് ഒടുവിൽ താഴെയിറങ്ങിയത്.

തുടർന്ന്, ഇയാളെ അടൂർ ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുമ്പ് ഈ യുവാവ് മാരകായുധവുമായി പറക്കോട് മല്ലൂർകുളങ്ങര ക്ഷേത്രക്കുളത്തിൽ ചാടിയിരുന്നു. അന്നും അടൂരിൽനിന്ന് എത്തിയ അഗ്‌നിരക്ഷാസേന അംഗങ്ങളാണ് അനുനയിപ്പിച്ച് കുളത്തിൽനിന്ന് കരക്കുകയറ്റിയത്. സ്‌റ്റേഷൻ ഓഫിസർ സക്കരിയ അഹമ്മദ് കുട്ടി, സീനിയർ ഫയർ ഓഫിസർ അനിൽ കുമാർ, അഗ്‌നിരക്ഷാസേന അംഗങ്ങളായ അനിൽദേവ്, അസീഫ്, മനോജ് കുമാർ, അഭിലാഷ്, രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.