ന്യൂഡൽഹി: ലഖിംപുർ ഖേരിയിൽ കർഷകരെ കാറിടിച്ച് കയറ്റി കൊലപ്പെടുത്തിയ കേസിൽ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനിയുടെ മകനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. സംഭവം നടന്ന ദിവസങ്ങൾക്ക് ശേഷമാണ് ആശിഷ് മിശ്രയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. സുപ്രീം കോടതി കൂടി വിഷയത്തിൽ ഇടപെട്ടതോടെയാണ് യുപി പൊലീസിന്റെ നടപടി.

സംഭവം ഉണ്ടായ ശേഷം ഇതാദ്യമായാണ് പൊലീസ് അഷിഷ് മിശ്രയ്ക്ക് സമൻസ് അയയ്ക്കുന്നത്. തിങ്കളാഴ്ച ആഷിഷിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പൊലീസ് പ്രതിയെ സംരക്ഷിക്കുന്നുവെന്ന് ആരോപണം നേരത്തെ ഉയർന്നിരുന്നു. എത്രയും വേഗം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും, കൂടുതൽ നടപടികൾ തുടർന്നുണ്ടാകുമെന്നും ലക്‌നൗ മേഖല ഐജി ലക്ഷ്മി സിങ് പറഞ്ഞു.

'ഞങ്ങൾ ആരെയും സംരക്ഷിക്കുന്നില്ല. നിയമം എല്ലാവർക്കും തുല്യമാണ്. കർശന നടപടി എടുക്കുമെന്ന് ഉറപ്പ് നൽകുന്നു', ലക്ഷ്മി സിങ് പറഞ്ഞു. 13 പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കേസിൽ രണ്ടുപേരെ ചോദ്യം ചെയ്തിട്ടുണ്ട്. ആശിഷ് പാണ്ഡേ, ലാവ് കുശ് എന്നിവരെയാണ് ചോദ്യം ചെയ്തത്. ഇവരിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

സംഭവവുമായി ബന്ധപ്പെട്ട് ആശിഷ് മിശ്രക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. ആശിഷ് മിശ്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഒക്ടോബർ മൂന്നിനാണ് കർഷകർക്കിടയിലേക്ക് വാഹനം പാഞ്ഞുകയറി ഒമ്പത് പേർ മരിച്ചത്.

അതേസമയം ലഖിംപുരിൽ കർഷകർക്ക് നേരെയുണ്ടായ അതിക്രമത്തിൽ യുപി സർക്കാരിനോട് സുപ്രീം കോടതി റിപ്പോർട്ട് തേടി. പൊലീസ് എത്രപേരെ അറസ്റ്റ് ചെയ്തുവെന്ന് വ്യക്തമാക്കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. കൊല്ലപ്പെട്ട ലവ്പ്രീത് സിംഗിന്റെ മാതാവിന് അടിയന്തര ചികിത്സ നൽകാനും യുപി സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. എട്ടുപേർ കൊല്ലപ്പെട്ടെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. സംഭവത്തിൽ കർഷകർ, പത്രപ്രവർത്തകൻ തുടങ്ങിയവർ കൊല്ലപ്പെട്ടത് ദൗർഭാഗ്യകരമാണ്. നിങ്ങൾ ആർക്കൊക്കെ എതിരേ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു, എത്ര പേരെ അറസ്റ്റ് ചെയ്തുവെന്നും സുപ്രീം കോടതി ചോദിച്ചു.