മലപ്പുറം: നിലമ്പൂരിൽ നാട്ടുവൈദ്യൂനെ വെട്ടിനുറുക്കിയ ഷൈബിൻ അഷറഫിന് നിയമോപദേശം നൽകിയിരുന്നതായി റിട്ട: എസ്‌ഐയുടെ മൊഴി. കേസിലെ പ്രതിയായ റിട്ട. എസ്‌ഐ സുന്ദരൻ സുകുമാരനുമായി കേസിലെ മുഖ്യപ്രതി ഷൈബിൻ അഷറഫിന്റെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. വൈദ്യനായ ഷാബാ ഷെരിഫിനെ ക്രൂരമായി കൊലപ്പെടുത്തിയ നിലമ്പൂർ മുക്കട്ടയിലെ വീട്ടിലെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ നിലമ്പൂർ ഇൻസ്പെക്ടർ പി.വിഷ്ണുവിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

ഷാബാ ഷെരീഫിനെ മുക്കട്ടയിലെ വീട്ടിൽ തടവിൽ പാർപ്പിച്ച സമയത്ത് ഇവിടെ വീട്ടിൽ വന്നിട്ടില്ലെന്നും, അതിന് മുൻപും ശേഷവും വീട്ടിലെത്തിയിട്ടുണ്ടെന്നും ഇയാൾ മൊഴി നൽകി. വെള്ളിയാഴ്ച വയനാട്ടിലെ പ്രതിയുടെ വീട്ടിലും, ഷൈബിൻ അഷറഫിന്റെ നിർമ്മാണം നടത്തിവന്നിരുന്ന ആഡംബര വീട്ടിലും, നിലവിൽ പണി പൂർത്തീകരിച്ച വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കേസിലെ മുഖ്യപ്രതി ഷൈബിൻ അഷറഫിന് താൻ നിയമോപദ്ദേശം നൽകിയിരുന്നതായും പ്രതി പൊലീസിനോട് പറഞ്ഞു. തെളിവെടുപ്പ് പൂർത്തിയാക്കി ശനിയാഴ്ച ഇയാളെ കോടതിയിൽ തിരിച്ച് ഏൽപിക്കും. ഷൈബിൻ അഷറഫ് അറസ്റ്റിലായ വിവരം അറിഞ്ഞ് മുങ്ങിയ സുന്ദരൻ സുകുമാരൻ ഈ മാസം 10 നാണ് ഇടുക്കി ജില്ലയിലെ മുട്ടം കോടതിയിൽ കീഴടങ്ങിയത്. രണ്ട് ദിവസങ്ങളിലായി നടത്തിയ തെളിവെടുപ്പിൽ കേസിൽ നിർണ്ണായകമാകാവുന്ന തെളിവുകൾ ഇയാളിൽ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഔദ്യോഗിക ജീവിതത്തിൽ 30 വർഷത്തിനിടെ നിരവധി പേരെ വിലങ്ങു വച്ച റിട്ട.എസ്‌ഐ ശിവഗംഗയിൽ സുന്ദരൻ എന്ന സുകുമാരൻ സ്വന്തം കൈയിൽ വിലങ്ങു വീണപ്പോൾ തീർത്തും പതറി എന്നതാണ് വസ്തുത. കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടപ്പോൾ അക്ഷോഭ്യനായി കണ്ട സുന്ദരനെ നിലമ്പൂർ സ്റ്റേഷനിൽ പുതുക്കി നിർമ്മിച്ച ലോക്കപ്പിൽ ആദ്യ അന്തേവാസിയായി അടച്ചപ്പോൾ തന്നെ മാനസികമായി തകർന്നു. തുടക്കത്തിൽ ചോദ്യം ചെയ്യലിനോടു നിസ്സഹകരിച്ച പ്രതി, പിറ്റേന്നു മുതൽ സഹകരിച്ചു തുടങ്ങി. കേസിൽ 11ാം പ്രതിയാണ് സുന്ദരൻ.

2010ൽ ബത്തേരിയിൽ ഹെഡ് കോൺസ്റ്റബിളായിരിക്കെ ഷൈബിനുൾപ്പെട്ട വാഹനാപകടം പരാതിയില്ലാതെ ഒതുക്കി തീർത്തതു മുതലാണ് അടുപ്പം തുടങ്ങിയതെന്ന് സുന്ദരൻ മൊഴി നൽകി. 2014ൽ ദൊട്ടപ്പംകുളത്തെ പുതിയവീട്ടിൽ ദീപേഷിനെ ഷൈബിനും സംഘവും വധിക്കാൻ ശ്രമിച്ചെന്ന കേസ് ഒത്തുതീർപ്പാക്കിയതോടെ അടുപ്പം വർധിച്ചു. ഷൈബിന്റെ ആതിഥ്യം സ്വീകരിച്ച് അബുദാബിയിലും താഷ്‌കന്റിലും പോയതായും മാനേജരായി ജോലി ചെയ്‌തെന്നും സുന്ദരൻ മൊഴി നൽകി. ദീപേഷിനെ 2020 മാർച്ചിൽ കൂർഗിലെ കുട്ട എന്ന സ്ഥലത്ത് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇതേ കാലയളവിൽ അബുദാബിയിൽ ഫ്‌ളാറ്റിൽ കോഴിക്കോട്ടെ പ്രവാസി വ്യവസായി ഹാരിസ്, ജീവനക്കാരിയായ ചാലക്കുടി സ്വദേശിനി എന്നിവരുടെ കൊലപാതകങ്ങളെക്കുറിച്ച് സുന്ദരൻ വെളിപ്പെടുത്തൽ നടത്തിയതായി പൊലീസ് പറഞ്ഞു.

മെയ്‌ 10ന് ഷൈബിനെ അറസ്റ്റ് ചെയ്തതോടെ കോഴിക്കോട്ടെ ഗുണ്ടാ നേതാവിനൊപ്പം അഭിഭാഷകനെ കണ്ടതായും അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് ഒളിവിൽ പോയതെന്നും സുന്ദരൻ മൊഴി നൽകി. തമിഴ്‌നാട്ടിലും കേരളത്തിലും ക്ഷേത്രങ്ങളോടനുബന്ധിച്ച് ഒളിവിൽ കഴിഞ്ഞു. പണം തീർന്നപ്പോൾ ആത്മഹത്യക്ക് ആലോചിച്ചു. ഒടുവിൽ കഴിഞ്ഞ 10ന് തൊടുപുഴ മുട്ടം കോടതിയിൽ കീഴടങ്ങി. അതിനിടെ, ഷൈബിൻ നടത്തിയ കുറ്റകൃത്യങ്ങളിൽ തനിക്ക് പങ്കില്ലെന്നും നിയമോപദേശം നൽകിയിട്ടേയുള്ളെന്നും വെളിപ്പെടുത്തി സുന്ദരൻ ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന് അയച്ച കത്ത് തെളിവായി പൊലീസ് കസ്റ്റഡിയിലെടുത്തു. സുന്ദരന്റെ കയ്യക്ഷരമാണെന്ന് തെളിയിക്കാൻ കത്ത് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും.

മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം അറിയാനായി പാരമ്പര്യവൈദ്യനെ തട്ടിക്കൊണ്ടുവന്ന് വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കി പുഴയിലെറിഞ്ഞ കേസിൽ 88-ാം ദിവസം കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി ഷൈബിന്റെ മുഖ്യ സഹായിയിരുന്ന റിട്ട: എസ് ഐ കോടതിയിൽകീഴടങ്ങിയിരുന്നത്. മൂന്നുമാസമായി ഒളിവിലായിരുന്ന റിട്ട: എസ് ഐ സുന്ദരൻ സുകുമാരൻ ഇടുക്കി മുട്ടം കോടതിയിലാണ് കീഴടങ്ങിയത്. ഷൈബിന്റെ പ്രധാന സഹായിയി പ്രവർത്തിച്ചിരുന്ന സുന്ദരൻ സുകുമാരൻ സർവ്വീസിലുള്ള സമയത്തു തന്നെ ഷൈബിനോടൊപ്പം വിദേശരാജ്യങ്ങൾ ഒരുമിച്ചു സന്ദർശിച്ചിരുന്നു. കേസിൽ ഷൈബിൻ അറസ്റ്റിലായതോടെ സുന്ദരനോടും പൊലീസ് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും മൂങ്ങുകയായിരുന്നു.

തുടർന്നു ഹൈക്കോടതിയിൽ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി തള്ളി. ഇതിനിടെ വയനാട് കേനിച്ചറി ശിവഗംഗയിലെ ഇയാളുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തുകയും വീട്ടിൽനിന്നും ലഭിച്ച ഇയാളുടെ പാസ്‌പോർട്ട് കണ്ടെടുക്കുകയും ചെയ്തു. സർവ്വീസിലിരുന്ന കാലത്ത് ഷൈബിനോടൊപ്പം അബൂദാബിയിലേക്കു യാത്രചെയ്തതിന്റെ രേഖകളും ഈസമത്ത് കണ്ടെത്തിയിരുന്നു. ഇതിന് പുറമെ ഇയാളുടെ ഡയറിയിൽനിന്നും നിർണായക വിവരങ്ങളും പൊലീസിന് ലഭിച്ചു. സന്ദരന്റെ ജന്മനാടായ കൊല്ലത്തെ വീട്ടിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു. കൊലക്കേസിൽ മുഖ്യപ്രതിയായ ഷൈബിനുവേണ്ട നിയമസസഹായം നൽകിയത് മുഴുവൻ ഇയാളായിരുന്നുവെന്നും ഇരുവരും തമ്മിൽ വലിയ സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നതായും നേരത്തെ പിടിയിലായ പ്രതികൾ പൊലീസിന് മൊഴി നൽകിയിരുന്നു.

പാരമ്പര്യ വൈദ്യൻ ഷാബാഷരീഫിനെ മൈസൂരുവിൽ നിന്ന് തട്ടിക്കൊണ്ടു വന്ന് ഒന്നേകാൽ വർഷത്തോളം വീട്ട് തടങ്കലിലാക്കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി വെട്ടി നുറുക്കി ചാലിയാർ പുഴയിൽ തള്ളുകയായിരുന്നുവെന്നാണ് കേസ്.