കൊച്ചി: 'വിശക്കുന്നു, മനുഷ്യനെ പോലെ വിശക്കുന്നു'-കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ജീവനൊടുക്കിയ ഡബ്ബിങ് ആർട്ടിസ്റ്റ് റൂബി ഈമാസം 19ന് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വാക്കുകളാണിത്. ഏത് പ്രതിസന്ധിയെയും തൻേറടത്തോടെ അഭിമുഖീകരിക്കുന്ന റൂബിയുടെ പതിവ് തമാശ ആയി മാത്രമേ സുഹൃത്തുക്കൾ അതിനെ കണ്ടുള്ളു. പക്ഷേ ആ വാക്കുകളിൽ ഒളിച്ചിരുന്നത് സാമ്പത്തിക പ്രതിസന്ധിയുടേയും അനിശ്ചിതത്വങ്ങളുടേയും യാഥാർത്ഥ്യമായിരുന്നു.

റൂബിയും സുനിൽ രാജേന്ദ്രനും ലിവിങ് ടുഗദർ ജീവിത പങ്കാളികളായിരുന്നു. സിപിഎം അമ്പലത്തുമുക്ക് ബ്രാഞ്ച് കമ്മറ്റി അംഗമായിരുന്ന സുനിൽ പഠനകാലത്ത് എസ് എഫ് ഐയിലെ സജീവ സാന്നിധ്യമായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിലെ പഠനകാലത്ത് ചെയർമാൻ ആകാൻ അവസരം കിട്ടിയപ്പോൾ പോലും വേണ്ടെന്ന് പറഞ്ഞ പ്രവർത്തകൻ. പിന്നീട് നേതൃത്വത്തിന്റെ നിർബന്ധ പ്രകാരം കോളേജ് യൂണിയൻ മാഗസീൻ എഡിറ്ററായി. പഠന ശേഷവും പാർട്ടിയുമായി ചേർന്നു പോയി. അതിന് ശേഷമാണ് ബിസിനസ്സിലേക്ക് കടന്നത്. പൊതുവേ എല്ലാവർക്കും നല്ല അഭിപ്രായമാണ് സുനിലിനെ കുറിച്ച്.

റൂബിയും സുനിലും നല്ല രീതിയിലാണ് കഴിഞ്ഞത്. ഇരുവരും സന്തോഷത്തിലുമായിരുന്നു. എന്നാൽ കോവിഡ് എത്തിയതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും ജോലി കുറഞ്ഞു. കുടുംബവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഇരുവരേയും പ്രതിസന്ധിയിലാക്കി. ഇതാണ് ആത്മഹത്യയിലേക്ക് റൂബിയെ തള്ളി വിട്ടത്. റൂബി സ്വന്തം ഇഷ്ടപ്രകാരം മരിച്ചതാണെന്നതിന്റെ സൂചനകൾ എഴുത്തുകളിലൂടേയും മറ്റും പൊലീസിന് കിട്ടി കഴിഞ്ഞു. റൂബിയുടെ വേർപാട് സഹിക്കാതെ സുനിലും ആത്മഹത്യ ചെയ്തു. അങ്ങനെ രണ്ടും ആത്മഹത്യയായി മാറി.

റൂബിയുടെ ഡയറികുറിപ്പുകളും മറ്റും പൊലീസിന് കിട്ടിയിട്ടുണ്ട്. ഇതിലെല്ലാം സുനിലിനെ കുറിച്ച് നല്ലതു മാത്രമാണുള്ളത്. കുറച്ചു കാലം സ്‌നേഹം അറിഞ്ഞുവെന്നതുൾപ്പെടെയുള്ള വിശദീകരണങ്ങൾ. രണ്ടു പേരും ആത്മഹത്യ ചെയ്തതു കൊണ്ടു തന്നെ യഥാർത്ഥ കാരണം കണ്ടെത്തുക പൊലീസിനും വെല്ലുവിളിയാണ്. അടുത്ത സുഹൃത്തുക്കളോട് പോലും ഇരുവരും ജീവിത രഹസ്യങ്ങൾ തുറന്നു പറഞ്ഞിരുന്നില്ല.

തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറയിലെ വാടക വീട്ടിലാണ് സുനിലും റൂബിയും താമസിച്ചിരുന്നത്. ഫെബ്രുവരിയിലാണ് ഇരുവരും ശ്രീകാര്യത്ത് വീട് വാടകയ്ക്ക് എടുത്തത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ സുനിൽ സുഹൃത്തിനെ വിളിച്ച് റൂബി തൂങ്ങിമരിച്ചെന്നും താൻ ഉടൻ മരിക്കുമെന്നും അറിയിക്കുകയായിരുന്നു. സുഹൃത്ത് ശ്രീകാര്യം പൊലീസിന്റെ സഹായത്തോടെ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ജീവിതത്തെ പൊസിറ്റീവ് ആയി മാത്രം നോക്കി കണ്ട ആൾ ആയിരുന്നു റൂബിയെന്ന് സുഹൃത്തുക്കൾ പറയുന്നു. ഊർജ്ജം നിറച്ച ഫേസ്‌ബുക്ക് പോസ്റ്റുകൾ ആയിരുന്നു റൂബി എഴുതിയവയിൽ ഏറെയും. അതുകൊണ്ടുതന്നെ 'വിശക്കുന്നു' എന്ന പോസ്റ്റിനെയും തമാശ ആയിട്ടാണ് പലരും എടുത്തത്. മരിക്കുന്നതിന്റെ തലേന്ന് വാട്‌സ്ആപ്പ് സൗഹൃദ കൂട്ടായ്മയിൽ നിന്ന് റൂബി സ്വയം പുറത്തുപോയതിനെയും സുഹൃത്തുക്കൾ ഗൗരവമായി എടുത്തില്ല. 'ആകെ ലോക്ഡൗണായി' എന്നുപറഞ്ഞ് ചില സുഹൃത്തുക്കൾക്ക് സന്ദേശം അയക്കുകയും ചെയ്തിരുന്നു.

ഫേസ്‌ബുക്കിലെ മലയാളി കൂട്ടായ്മയായ 'വേൾഡ് മലയാളി സർക്കിളി'ൽ മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് റൂബി പോസ്റ്റ് ഇട്ടിരുന്നു. 'പേര് റൂബി, നാട് എറണാകുളം, താമസം സ്വന്തം തലസ്ഥാനത്ത്. ജോലി ഡബ്ബിങ് ആർട്ടിസ്റ്റ്, വയസ്സ് 31, വിശദമായി വഴിയേ പരിചയപ്പെടാം'- എന്നായിരുന്നു റൂബി എഴുതിയത്. 'വിശദമായി പരിചയപ്പെടാം' എന്നെഴുതിയ ആളെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തിയെന്ന വാർത്തയുടെ നടുക്കത്തിലാണ് കൂട്ടായ്മയിലെ അംഗങ്ങൾ.